ന്യൂ തയ്ഫ് സിറ്റി പദ്ധതിയിലേക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി

ന്യൂ തയ്ഫ് സിറ്റി പദ്ധതിയിലേക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി

തയ്ഫ് എയര്‍പോര്‍ട്ട്, സാങ്കേതിക-വ്യാവസായിക പാര്‍ക്കുകള്‍, 10,000 വീടുകള്‍, പുതിയ യൂണിവേഴ്‌സിറ്റി തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

റിയാദ്: ന്യൂ തയ്ഫ് സിറ്റി പ്രൊജക്റ്റില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍. തയ്ഫ് എയര്‍പോര്‍ട്, സൗക് ഒകാസ് സിറ്റിയുടെ നവീകരണം, സാങ്കേതിക-വ്യാവസായിക പാര്‍ക്കുകള്‍, 10,000 വീടുകള്‍, പുതിയ യൂണിവേഴ്‌സിറ്റി എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലെ തയ്ഫ് നഗരത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഏകദേശം 1250 സ്‌ക്വയര്‍ കിലോമീറ്ററിലാണ് പുതിയ തയ്ഫ് ഒരുങ്ങുന്നത്.

പുതുതായി വരാന്‍ പോകുന്ന തയ്ഫ് വിമാനത്താവളം നിര്‍മിക്കാനും നിയന്ത്രിക്കുന്നതിനുമായി സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഒരു കണ്‍സോര്‍ഷ്യത്തെ നിയമിച്ചു. കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്‌റ്റേഴ്‌സ് കമ്പനി (സിസിസി), ഏവിയേഷന്‍ സെക്യൂരിറ്റി ഇന്‍ എയര്‍പോര്‍ട് ഡെവലപ്‌മെന്റ് (അസിയദ്), മ്യൂണിച്ച് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫഌഗാഫെന്‍ മ്യുന്‍ചെന്‍ എന്നിവരാണ് കണ്‍സോഷ്യത്തിലുള്ളത്. 835 മില്യണ്‍ ഡോളര്‍ ചെലവാക്കി 48 മില്യണ്‍ സ്‌ക്വയര്‍ മീറ്ററിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്. 2020ല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജിന്റെ മേല്‍നോട്ടത്തിലാണ് സൗക് ഒകാസ് സിറ്റി

സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജിന്റെ മേല്‍നോട്ടത്തിലാണ് സൗക് ഒകാസ് സിറ്റി. നിരവധി സാംസ്‌കാരിക, പൈതൃക ആകര്‍ഷകങ്ങളോടൊപ്പം 1250 ഹോട്ടല്‍ റൂമുകളും 130 വീടുകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതിയിലൂടെ 4400 തൊഴിലുകള്‍ സൃഷ്ടിക്കാനാവുമെന്നും പ്രതിവര്‍ഷം 2,60,000 സന്ദര്‍ശകരെ ആകര്‍ഷിക്കാനാവുമെന്നുമാണ് സൗദി ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

35 മില്യണ്‍ സ്‌ക്വയര്‍ മീറ്ററില്‍ ഒരുങ്ങുന്ന ടെക്‌നോളജി ഒസിസ് നിര്‍മിക്കുന്നത് മൊര്‍രന്‍തി ഗ്രൂപ്പും കിംഗ് അബ്ദുള്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്നാണ്. ഇത് കൂടോതെ ന്യൂ തയ്ഫ് പദ്ധതിയില്‍ 10,000 ഹൗസിംഗ് യൂണിറ്റ് റസിഡന്‍ഷ്യല്‍ ഏരിയ, 11 മില്യണ്‍ സ്‌ക്വയര്‍ മീറ്ററിലെ റസിഡന്‍ഷ്യല്‍ സിറ്റി, 533 മില്യണ്‍ ഡോളറിന്റെ പുതിയ യൂണിവേഴ്‌സിറ്റി എന്നിവയാണ് നിര്‍മിക്കുന്നത്. സൗദിയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് തയ്ഫ് പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സല്‍മാന്‍ രാജാവ് പത്രക്കുറിപ്പിലൂടെ പറഞ്ഞു.

Comments

comments

Categories: Arabia