ഓണ്‍ലൈന്‍ ഷോപ്പിംഗ് ശരീരത്തിനു ദോഷം ചെയ്യുമെന്നു പഠനം

ഓണ്‍ലൈന്‍ ഷോപ്പിംഗ് ശരീരത്തിനു ദോഷം ചെയ്യുമെന്നു പഠനം

ഡിജിറ്റല്‍ യുഗം തീര്‍ച്ചയായും ഷോപ്പിംഗ് എളുപ്പമാക്കിക്കൊണ്ടിരിക്കുകയാണ്. പലകാര്യങ്ങളിലും ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ നമ്മള്‍ക്കു സൗകര്യം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും അവ നമ്മളുടെ പേശികളെ നശിപ്പിക്കുകയാണെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു. ഒരു വ്യക്തി വീടിനു പുറത്തേയ്ക്ക് ഇറങ്ങി ഒരു കടയില്‍ പോയി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍, ആ പ്രവര്‍ത്തി പേശികളെ ബലപ്പെടുത്തുന്ന വ്യായാമം പോലെയാണ്. എന്നാല്‍ വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു സാധനങ്ങള്‍ വീട്ടു പടിക്കലെത്തിക്കുമ്പോള്‍ അത്തരത്തിലുള്ള വ്യായാമം നഷ്ടമാകുമെന്നു പഠനം വ്യക്തമാക്കുന്നു. 2,000 പേരില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്, 65 വയസിനും അതിനു മുകളിലുമുള്ള പ്രായക്കാരിലെ 24 ശതമാനം പേരും ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ വ്യായാമത്തിനു തുല്യമായ സാഹചര്യം നഷ്ടപ്പെടുന്നുണ്ടെന്നാണ്. ഇത്തരക്കാരില്‍ ആരോഗ്യസംബന്ധിയായ പ്രശ്‌നങ്ങള്‍ വരാനുള്ള സാഹചര്യം കൂടുതലാണെന്നു ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോ തെറാപ്പി ചീഫ് എക്‌സിക്യൂട്ടീവ് പ്രഫസര്‍ കാരന്‍ മിഡില്‍ട്ടണ്‍ പറയുന്നു.

‘ഓണ്‍ലൈന്‍ ഷോപ്പിംഗ് നല്ലതാണ്. അത് ഏറെ സൗകര്യപ്രദവുമാണ്. എന്നാല്‍ വീട്ടുപടിക്കല്‍ നമ്മള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തുന്നതോടെ, ദീര്‍ഘകാലം നമ്മളുടെ പേശികളെ ശക്തിപ്പെടുത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാവുകയാണെന്ന്’ കാരന്‍ പറയുന്നു. ഇന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രചാരം നേടിയതോടെ നമ്മള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വീട്ടു പടിക്കലെത്തുകയാണ്. എന്നാല്‍ പണ്ടൊക്കെ നമ്മള്‍ തന്നെയാണു സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിച്ചിരുന്നത്. ഇതാണ് ഇന്ന ഇല്ലാതായി കൊണ്ടിരിക്കുന്നത്.

ആഴ്ചയില്‍ ഒരു തവണയെങ്കിലും പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമത്തിലേര്‍പ്പെടണമെന്നാണു നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശിക്കുന്നത്. പേശികളെ ബലപ്പെടുത്താനുള്ള ഒരു മാര്‍ഗം ഭാരോദ്വഹനത്തിലേര്‍പ്പെടുക (വെയ്റ്റ് ലിഫ്റ്റിംഗ്)എന്നതാണ്. അതുമല്ലെങ്കില്‍ പലവ്യജ്ഞന സാധനങ്ങള്‍ നമ്മള്‍ കടയില്‍നിന്നും വാങ്ങി വീട് വരെ ചുമന്നു കൊണ്ടുവരണം. എന്നാല്‍ ഇതിനര്‍ഥം നാളെ മുതല്‍ ജിംനേഷ്യത്തില്‍ പോയി വെയ്റ്റ് ലിഫ്റ്റിംഗ് ആരംഭിക്കണമെന്നോ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കണമെന്നോ അല്ലെന്നും പ്രഫസര്‍ കാരന്‍ പറയുന്നു. പകരം നമ്മളുടെ ശീലങ്ങളില്‍ ഇതൊക്കെ പതുക്കെ ഉള്‍പ്പെടുത്തണമെന്നാണ്. വീട്ടിലെ പൂന്തോട്ടത്തില്‍ ചെടി നടാന്‍ ഒരു കുഴിയെടുക്കുന്നതും കസേരയില്‍ പത്ത് പ്രാവിശ്യം ഇരുന്നതിനു ശേഷം എഴുന്നേല്‍ക്കുന്നതുമൊക്കെ പേശികളെ ബലപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമ മുറകളാണ്. ഇംഗ്ലണ്ടിലെ പബ്ലിക് ഹെല്‍ത്ത് മേധാവി ഡോക്ടര്‍ ജസ്റ്റിന്‍ വാര്‍നേയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ 20-ാം വയസ് മുതല്‍ അസ്ഥികള്‍ ദുര്‍ബലമാകാന്‍ തുടങ്ങുമെന്നാണ്. 40-ാം വയസ് മുതല്‍ പേശികളുടെ സാന്ദ്രതയും (മസില്‍ മാസ്) കുറയും. ഇത്തരം സാഹചര്യമാണുഒരു വ്യക്തിയെ പലകാര്യങ്ങളിലും വിമുഖത പ്രകടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതു കൊണ്ട് പ്രായമായവര്‍ മാത്രമല്ല വ്യായാമത്തിലേര്‍പ്പെടേണ്ടത്. പകരം പ്രായഭേദമന്യേ എല്ലാവരും ദിനചര്യയില്‍ അസ്ഥികളെയും പേശികളെയും ബലപ്പെടുത്താനുള്ള വ്യായാമത്തിലേര്‍പ്പെടണമെന്നാണു ജസ്റ്റിന്‍ വാര്‍നേ പറയുന്നത്.

Comments

comments

Categories: FK Special, Life