പുതിയ 100 രൂപ നോട്ടും എത്തുന്നു

പുതിയ 100 രൂപ നോട്ടും എത്തുന്നു

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടു കൂടി പുതിയ 100 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിക്കാനാകുമെന്ന് കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷം 100 രൂപാ നോട്ടുകള്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര ബാങ്ക് ആരംഭിക്കുമെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെയാണ് 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാവുക. നിലവിലുള്ള 100 രൂപ നോട്ടുകള്‍ വിനിമയത്തില്‍ തുടരും. ക്രമേണ യാതൊരു തടസങ്ങളും സൃഷ്ടിക്കാതെ ഇവ പിന്‍വലിക്കാനാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. പുതുതായി പുറത്തിറക്കുന്ന 100 രൂപാ നോട്ടുകളുടെ വലിപ്പത്തില്‍ മാറ്റമുണ്ടാകില്ല. നിലവിലുള്ള ശേഷി ഉപയോഗപ്പെടുത്തികൊണ്ട് എടിഎം മെഷീനുകള്‍ വഴി തുടക്കത്തില്‍ തന്നെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യാനാകുമെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിത്.

നേരത്തെ പുറത്തിറക്കിയ 2,000, 500 രൂപാ നോട്ടുകളുടെ വലിപ്പത്തിനനുസരിച്ച് രാജ്യത്തെ എംടിഎമ്മുകള്‍ നവീകരിക്കേണ്ടി വന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ 200 രൂപാ നോട്ടുകളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിന് ഏകദേശം ആറ് മാസം സമയമെടുക്കുമെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Comments

comments

Categories: Slider, Top Stories