ഇന്ത്യയില്‍ മഹാത്മാ ഗാന്ധി ഉപയോഗിച്ച കാറുകള്‍ പരിചയപ്പെടാം

ഇന്ത്യയില്‍ മഹാത്മാ ഗാന്ധി ഉപയോഗിച്ച കാറുകള്‍ പരിചയപ്പെടാം

പ്രമുഖ വ്യക്തികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അക്കാലത്തെ ഏറ്റവും പ്രശസ്തമായ കാറുകളാണ് ഗാന്ധിജി ഉപയോഗിച്ചത്

രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധിയുടെ ജന്മദിനം കഴിഞ്ഞ ദിവസം സമുചിതമായി ആഘോഷിച്ചിരുന്നല്ലോ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊന്നായ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സഞ്ചരിച്ചിരുന്നു. ലളിത ജീവിതം നയിച്ചിരുന്ന മഹാത്മാ ഗാന്ധി ആഡംബര കാറുകള്‍ സ്വന്തമാക്കിയതായി അറിവില്ല. എന്നാല്‍ ജ്ഞാതരും അജ്ഞാതരുമായ പ്രമുഖ വ്യക്തികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അക്കാലത്തെ ഏറ്റവും പ്രശസ്തമായ കാറുകള്‍ യാത്രകള്‍ക്കായി ഗാന്ധിജി ഉപയോഗിച്ചിരുന്നു. മഹാത്മാ ഗാന്ധി ഉപയോഗിച്ച കാറുകളുടെ വിശേഷങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

ഫോഡ് മോഡല്‍ ടി

ഓട്ടോമൊബീല്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കാറുകളിലൊന്ന്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊന്ന്. ഇതിലും മികച്ചൊരു കോമ്പിനേഷന്‍ വേറെ കാണില്ല. പല സന്ദര്‍ഭങ്ങളിലും മഹാത്മാ ഗാന്ധി ഈ കാര്‍ ഉപയോഗിച്ചു. ഒരു ഉദാഹരണമെന്നോണം, 1927 ല്‍ ബറേലി സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം ഉത്തര്‍ പ്രദേശില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിന് ഫോഡ് മോഡല്‍ ടിയിലാണ് മഹാത്മാ ഗാന്ധി എത്തിച്ചേര്‍ന്നത്. വിന്റേജ് കാറുകള്‍ വാങ്ങുന്നത് ശീലമാക്കിയ ഇന്ത്യയിലെ പലരും ഇതിനുശേഷം ഫോഡ് മോഡല്‍ ടി സ്വന്തമാക്കിയിരുന്നു.

പാക്കാര്‍ഡ് 120

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാന കാലത്ത് മഹാത്മാ ഗാന്ധി ഉപയോഗിച്ച മറ്റൊരു പ്രശസ്തമായ കാര്‍ പാക്കാര്‍ഡ് ആയിരുന്നു. സ്വാതന്ത്ര്യ സമര പോരാളിയും വ്യവസായിയുമായ ഘന്‍ശ്യാം ദാസ് ബിര്‍ളയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വെളുത്ത കാര്‍. ഡെല്‍ഹി രജിസ്‌ട്രേഷനിലുള്ള പാക്കാര്‍ഡ് 1940 കളുടെ തുടക്കത്തിലാണ് ഗാന്ധിജി ഉപയോഗിച്ചത്. ഡെല്‍ഹി ക്ലോത്ത് ആന്‍ഡ് ജനറല്‍ മില്‍സ് സ്ഥാപകന്‍ ലാലാ ശ്രീ റാം എന്ന സാര്‍ ശ്രീ റാമിനും ഇതേപോലുള്ള വെളുത്ത പാക്കാര്‍ഡ് ഉണ്ടായിരുന്നു. ഈ കാര്‍ ഉപയോഗിക്കുന്നതിനും മഹാത്മാ ഗാന്ധിക്ക് അനുവാദമുണ്ടായിരുന്നു.

ഫോട്ടോ കടപ്പാട് : ഫോട്ടോ ഡിവിഷന്‍, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ

സ്റ്റുഡ്‌ബേക്കര്‍ പ്രസിഡന്റ്

കര്‍ണ്ണാടകത്തിലേക്കുള്ള തന്റെ സന്ദര്‍ശനങ്ങളിലൊന്നിലാണ് മഹാത്മാ ഗാന്ധി ഈ വിന്റേജ് സ്റ്റുഡ്‌ബേക്കര്‍ പ്രസിഡന്റ് ഉപയോഗിച്ചത്. എന്നാല്‍ ഈ കാര്‍ ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു എന്ന് അറിവില്ല. 1926 നും 1933 നുമിടയില്‍ നിര്‍മ്മിച്ച ആദ്യ തലമുറ സ്റ്റുഡ്‌ബേക്കര്‍ പ്രസിഡന്റാണിത്.

ഫോട്ടോ കടപ്പാട് : ടീം ബിഎച്ച്പി

 

 

 

Comments

comments

Categories: Auto