ഡുകാറ്റി വില്‍പ്പനയ്ക്ക് വെയ്ക്കില്ലെന്ന് ജര്‍മ്മന്‍ തൊഴിലാളി യൂണിയന്‍

ഡുകാറ്റി വില്‍പ്പനയ്ക്ക് വെയ്ക്കില്ലെന്ന് ജര്‍മ്മന്‍ തൊഴിലാളി യൂണിയന്‍

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായി ഡുകാറ്റി തുടരുമെന്ന് ഐജി മെറ്റല്‍

ബൊളോണ (ഇറ്റലി) : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുകാറ്റിയെ വില്‍പ്പനയ്ക്ക് വെയ്ക്കില്ലെന്ന് ജര്‍മ്മന്‍ തൊഴിലാളി യൂണിയനായ ഐജി മെറ്റല്‍. ഡുകാറ്റിയിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നത് ഈ യൂണിയനാണ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായി ഡുകാറ്റി തുടരുമെന്നും ഐജി മെറ്റല്‍ വ്യക്തമാക്കി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലെ ഔഡിയുടെ ഇറ്റാലിയന്‍ അനുബന്ധ കമ്പനിയായ ലംബോര്‍ഗിനി 2012 ലാണ് ഡുകാറ്റി ഏറ്റെടുക്കുന്നത്. 837 മില്യണ്‍ യൂറോയുടേതായിരുന്നു ഇടപാട്.

ഡീസല്‍ഗേറ്റ് വിവാദത്തെത്തുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനാണ് ഡുകാറ്റി വിറ്റൊഴിയാമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ചിന്തിച്ചത്. ഡുകാറ്റിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നതിന് എവര്‍കോര്‍ എന്ന സ്ഥാപനത്തെ ഔഡി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വില്‍പ്പന സംബന്ധിച്ച വിവിധ മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ബജാജ് ഓട്ടോ, റോയല്‍ എന്‍ഫീല്‍ഡ്, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങി അഞ്ച് കമ്പനികളാണ് ഡുകാറ്റിയെ ഏറ്റെടുക്കാന്‍ രംഗത്തുള്ളത്

ഇന്ത്യന്‍ കമ്പനികളായ ബജാജ് ഓട്ടോ, റോയല്‍ എന്‍ഫീല്‍ഡ്, അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങി അഞ്ച് കമ്പനികളാണ് ഡുകാറ്റി ഏറ്റെടുക്കാന്‍ രംഗത്തുള്ളത്. വിവിധ കമ്പനികളുടെ താല്‍പ്പര്യപത്രം ഈ മാസം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സ്വീകരിച്ചുതുടങ്ങുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് വിവിധ തൊഴിലാളി യൂണിയനുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡുകാറ്റി വില്‍ക്കുന്നതിലൂടെ 1.5 ബില്യണ്‍ യൂറോ സമാഹരിക്കാമെന്നാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കണക്കുകൂട്ടുന്നത്. ഡീസല്‍ഗേറ്റ് സംഭവത്തെതുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒത്തുതീര്‍പ്പുകളും നഷ്ടപരിഹാരങ്ങളും മറ്റുമായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 25 ബില്യണ്‍ യൂറോയുടെ നഷ്ടമാണ് നേരിട്ടത്.

Comments

comments

Categories: Auto