ഇരുപത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

ഇരുപത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

ഓള്‍-ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമാണ് ഇനി ഭാവിയെന്ന് കമ്പനി അധികൃതര്‍

ഡിട്രോയിറ്റ് : 2023 ഓടെ കുറഞ്ഞത് ഇരുപത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ്. ഷെവര്‍ലെ ബോള്‍ട്ട് ഇലക്ട്രിക് വാഹനത്തില്‍നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഒന്നര വര്‍ഷത്തിനുള്ളില്‍ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നും ജനറല്‍ മോട്ടോഴ്‌സ് ചെയര്‍മാന്‍ ആന്‍ഡ് സിഇഒ മേരി ബാര്‍റ അറിയിച്ചു. സീറോ ക്രാഷ്, സീറോ എമിഷന്‍, സീറോ കണ്‍ജഷന്‍ എന്നതാണ് ജനറല്‍ മോട്ടോഴ്‌സിന്റെ പുതിയ പ്രഖ്യാപിത നയം.

ഓള്‍-ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമാണ് ഇനി ഭാവിയെന്ന് ജനറല്‍ മോട്ടോഴ്‌സ് വിശ്വസിക്കുന്നതായി പ്രൊഡക്റ്റ് ഡെവലപ്‌മെന്റ്, പര്‍ച്ചെയ്‌സിംഗ്, സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാര്‍ക്ക് റൂസ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കണമെന്നാണ് ജനറല്‍ മോട്ടോഴ്‌സ് താല്‍പ്പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സുരുസ് എന്ന ഫ്യൂവല്‍ സെല്‍, 4 വീല്‍ സ്റ്റിയര്‍ കണ്‍സെപ്റ്റ് വാഹനം ജനറല്‍ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചിരുന്നു

തീരെ കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത (സീറോ എമിഷന്‍) ഭാവി കെട്ടിപ്പടുക്കുന്നതിന് ബാറ്ററി ഇലക്ട്രിക് സാങ്കേതികവിദ്യ മാത്രം മതിയാകില്ല. വാഹനങ്ങളുടെ വൈദ്യുതീകരണം സംബന്ധിച്ച് രണ്ട് തരത്തിലുള്ള സമീപനമാണ് വേണ്ടത്. ബാറ്ററി ഇലക്ട്രിക്, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് എന്നിവയാണവ.

സുരുസ് (സൈലന്റ് യൂട്ടിലിറ്റി റോവര്‍ യൂണിവേഴ്‌സല്‍ സൂപ്പര്‍സ്ട്രക്ച്ചര്‍) എന്ന ഫ്യൂവല്‍ സെല്‍, 4 വീല്‍ സ്റ്റിയര്‍ കണ്‍സെപ്റ്റ് വാഹനം ജനറല്‍ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചിരുന്നു. ഹെവി ഡ്യൂട്ടി ട്രക്കിന്റെ ഫ്രെയിമില്‍ നിര്‍മ്മിച്ച കണ്‍സെപ്റ്റ് വാഹനത്തിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നല്‍കിയിരിക്കുന്നത്. ഫ്‌ളെക്‌സിബിള്‍ ആര്‍ക്കിടെക്ച്ചര്‍ കണക്കിലെടുത്ത് സുരുസിനെ ഡെലിവറി വാഹനമായോ ട്രക്കായോ ആംബുലന്‍സായോ ഉപയോഗിക്കാന്‍ കഴിയും. തീരെ കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാകില്ല.

ഷെവര്‍ലെ, കാഡിലാക്ക്, ബോജന്‍, ബ്യൂക്ക്, ജിഎംസി, ഹോള്‍ഡന്‍, ജീഫാംഗ്, വുളിംഗ് എന്നീ ബ്രാന്‍ഡുകളിലാണ് ജനറല്‍ മോട്ടോഴ്‌സും അനുബന്ധ കമ്പനികളും വാഹനങ്ങള്‍ നിര്‍മ്മിച്ചുവില്‍ക്കുന്നത്.

Comments

comments

Categories: Auto