ധനനയ അവലോകന യോഗം ആരംഭിച്ചു; നയപ്രഖ്യാപനം ബുധനാഴ്ച

ധനനയ അവലോകന യോഗം ആരംഭിച്ചു; നയപ്രഖ്യാപനം ബുധനാഴ്ച

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീളുന്ന ദ്വൈമാസ ധനനയ അവലോകന യോഗം ചൊവ്വാഴ്ച ആരംഭിച്ചു. ധനനയം ബുധനാഴ്ച പ്രഖ്യാപിക്കും. ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.7 ശതമാനത്തിലെത്തിയ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. നിലവില്‍ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക ക്ഷീണം കണക്കിലെടുത്ത് അടിസ്ഥാന പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ ധനനയ അവലോകന സമിതി തയാറാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പലിശനിരക്ക് അതേപടി നിലനിര്‍ത്താനായിരിക്കും കേന്ദ്ര ബാങ്കിന്റെ തീരുമാനമെന്ന നിഗമനത്തിലാണ് ബാങ്കുകള്‍. ഇടക്കാലടിസ്ഥാനത്തില്‍ പണപ്പെരുപ്പം 4 ശതമാനത്തിനു താഴെ തുടരുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ വാരം കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നു.

മാന്ദ്യം മറികടക്കാന്‍ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പലിശ നിരക്കില്‍ മിനിമം 25 ബേസിസ് പോയ്ന്റ് കുറവെങ്കിലും വരുത്തണമെന്ന് ആവശ്യപ്പെട്ട് വ്യവസായ സംഘടനയായ അസോചവും ധനനയ അവലോകന സമിതിയെ സമീപിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ നടന്ന നയ പ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക് ആര്‍ബിഐ 0.25 ശതമാനം കുറച്ച് ആറ് ശതമാനമാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories