വാഹന നിര്‍മ്മാതാക്കള്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കി ഈ ഉത്സവ സീസണ്‍

വാഹന നിര്‍മ്മാതാക്കള്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കി ഈ ഉത്സവ സീസണ്‍

സെപ്റ്റംബറില്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച കൈവരിച്ചു

ന്യൂ ഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ മാസം പ്രകടമായത് വിവിധ കാറ്റഗറി വാഹനങ്ങളുടെ വമ്പിച്ച വില്‍പ്പന. മികച്ച രീതിയിലുള്ള ഉപഭോക്തൃ മനോഭാവം പ്രതിഫലിപ്പിക്കുന്നതാണ് ഈ ഉത്സവ സീസണില്‍ ഇതുവരെയുള്ള വില്‍പ്പന കണക്കുകള്‍. ഈയിടെ ജിഎസ്ടി സെസ്സ് വര്‍ധിപ്പിച്ചതിന്റെ പ്രതിബന്ധങ്ങളെല്ലാം മറികടന്ന് സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ചയാണ് കൈവരിച്ചത്.

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ 2016 സെപ്റ്റംബറിനേക്കാള്‍ 17.15 ശതമാനം മൊത്ത വില്‍പ്പന വളര്‍ച്ച നേടി. വിറ്റത് 4,603 യൂണിറ്റ് വാഹനങ്ങള്‍. വാഹന വ്യവസായവുമായി ബന്ധപ്പെട്ട വിവിധ നയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയായി ഈ ഉത്സവ സീസണ്‍ മാറിയെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്റ്റര്‍ സ്റ്റീഫന്‍ ക്ണാപ്പ് പറഞ്ഞു. പുതിയ പസാറ്റിന്റെ ഉല്‍പ്പാദനം മഹാരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റില്‍ തുടങ്ങുമെന്ന് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു. ഈ സാമ്പത്തിക പാദത്തില്‍തന്നെ അസ്സംബ്ലിലൈന്‍ പ്രവര്‍ത്തനക്ഷമമാകും.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഒന്നര ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് ഒരിക്കല്‍ക്കൂടി താണ്ടി. സെപ്റ്റംബറില്‍ പത്ത് ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. 50,000 യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം സെപ്റ്റംബറില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ കൈവരിച്ചു. പുതു തലമുറ വെര്‍ണയിലേറി 17 ശതമാനം വളര്‍ച്ചയാണ് ഹ്യുണ്ടായ് കരസ്ഥമാക്കിയത്.

18 ശതമാനം വില്‍പ്പന വളര്‍ച്ച നേടാന്‍ ഈയിടെ പുറത്തിറക്കിയ നെക്‌സോണ്‍ ടാറ്റ മോട്ടോഴ്‌സിനെ സഹായിച്ചു. 17,286 യൂണിറ്റ് കാറുകളാണ് കമ്പനി വിറ്റത്. അതേസമയം ഡബ്ല്യുആര്‍വി എന്ന ക്രോസ്ഓവറാണ് ഹോണ്ട കാര്‍സ് ഇന്ത്യയ്ക്ക് സൗഭാഗ്യം സമ്മാനിച്ചത്. സെപ്റ്റംബറില്‍ 22 ശതമാനം വളര്‍ച്ച സ്വന്തമാക്കാന്‍ ജാപ്പനീസ് കമ്പനിക്ക് കഴിഞ്ഞു.

പുതിയ പസാറ്റിന്റെ ഉല്‍പ്പാദനം മഹാരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റില്‍ തുടങ്ങുമെന്ന് ഫോക്‌സ്‌വാഗണ്‍

മോട്ടോര്‍സൈക്കിള്‍ കമ്പനികളുടെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, ബജാജ് ഓട്ടോ 2,47,418 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റ് 7 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. അതേസമയം സുസുകി 37 ശതമാനം വളര്‍ച്ചയാണ് നേടിയത്. സെപ്റ്റംബറില്‍ വിറ്റത് 50,785 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍. റോയല്‍ എന്‍ഫീല്‍ഡിന് തങ്ങളുടെ ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച നിലനിര്‍ത്താന്‍ സാധിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ 69,393 യൂണിറ്റ് വില്‍പ്പനയോടെ 22 ശതമാനം വളര്‍ച്ചയാണ് നേടിയത്.

ഹീറോ മോട്ടോകോര്‍പ്പിന്റെ മൊത്ത വില്‍പ്പന കണക്കുകള്‍ പ്രസിദ്ധീകരിക്കാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ ഈ ഉത്സവ സീസണില്‍ ഇതുവരെ പത്ത് ലക്ഷത്തിലധികം യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ റീട്ടെയ്ല്‍ തലത്തില്‍ വിറ്റതായി കമ്പനി വ്യക്തമാക്കി.

കൊമേഴ്‌സ്യല്‍ വാഹനങ്ങളെ സംബന്ധിച്ചാണെങ്കില്‍, വിഇ കൊമേഴ്‌സ്യല്‍ വെഹിക്ക്ള്‍സ് 22.9 ശതമാനം വളര്‍ച്ച കരസ്ഥമാക്കി. കഴിഞ്ഞ മാസം വിറ്റത് 5,233 യൂണിറ്റ് വാഹനങ്ങള്‍. ഐഷര്‍ ബ്രാന്‍ഡ് ട്രക്കുകളും ബസ്സുകളും 22.6 ശതമാനം വളര്‍ച്ച നേടി. വിറ്റതാകട്ടെ 5,084 യൂണിറ്റ്. 149 യൂണിറ്റ് വോള്‍വോ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളാണ് സെപ്റ്റംബറില്‍ വിറ്റത്. 2016 സെപ്റ്റംബറില്‍ 109 യൂണിറ്റ് വോള്‍വോ ഉല്‍പ്പന്നങ്ങളേ വിറ്റിരുന്നുള്ളൂ. ടാറ്റ മോട്ടോഴ്‌സ് സെപ്റ്റംബറില്‍ 29 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. 36,679 യൂണിറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളാണ് വിറ്റത്. അടിസ്ഥാനസൗകര്യ വികസനത്തിലെ പുരോഗതിയും കൊമേഴ്‌സ്യല്‍ വാഹനങ്ങളിലെ ഓവര്‍ലോഡിംഗ് സംബന്ധിച്ച കര്‍ശന പരിശോധനകളുമാണ് ടാറ്റ മോട്ടോഴ്‌സിനെ സഹായിച്ചത്.

Comments

comments

Categories: Auto