സ്വച്ഛ് ഭാരത് കാംപെയനുമായി സിഎസ്എല്‍

സ്വച്ഛ് ഭാരത് കാംപെയനുമായി സിഎസ്എല്‍

കൊച്ചി: ഇന്ത്യയിലെ റോഡുകളും നിരത്തുകളും നഗരങ്ങളും ഗ്രാമങ്ങളും പൂര്‍ണമായി ശുചിത്വവല്‍ക്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍മ പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി. സ്വച്ഛ് ഭാരത് അഭിയാന്റെ തുടക്കം മുതല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. കമ്പനിക്ക് അകത്തും പുറത്തും ക്രമമായ പല കര്‍മ പരിപാടികളും ഇതിന്റെ ഭാഗമായി സിഎസ്എല്‍ നടപ്പിലാക്കിവരുന്നുണ്ട്. തേവര പേരണ്ടൂര്‍ കനാല്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ബോട്ട് ജെട്ടി എന്നിവ വൃത്തിയാക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്.

സെപ്റ്റംബര്‍ 26 ന് നടത്തിയ പേരണ്ടൂര്‍ കനാല്‍ ശുചീകരണത്തില്‍ തേവര എസ്എച്ച് കോളെജില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 100 ലധികം വോളണ്ടിയര്‍മാര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 27 നാണ് ചില്‍ഡ്രന്‍സ് പാര്‍ക്കും ബോട്ട് ജെട്ടിയും വൃത്തിയാക്കിയത്. ഈ ഉദ്യമത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളെജിലെ അധ്യാപകരും വിദ്യാര്‍ത്ഥിനികളും ഭാഗഭാക്കാവുകയുണ്ടായി. വിവിധ യൂണിയനുകളില്‍പ്പെട്ട സിഎസ്എല്ലിന്റെ വനിതാ ജീവനക്കാരും വുമണ്‍സ് ഫോറവും പരിപാടികളില്‍ പങ്കെടുത്തു.

ഡിങ്കിംഗ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ ആന്‍ഡ് സ്വച്ഛ് ഭാരത് അഭിയാന്‍(അര്‍ബന്‍), ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം എന്നിവയുടെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു ദശലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും രാജ്യമെമ്പാടുമുള്ള സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമായിരുന്നു. വീടുകളിലും പൊതുയിടങ്ങളിലും ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുകയെന്നത് പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ ഡിപ്പാര്‍ട്ടമെന്റുകളോടും സ്ഥാപനങ്ങളോടും ശുചിത്വ യത്‌നത്തില്‍ പങ്കുചേരാന്‍ ഷിപ്പിംഗ് ജിഒഎല്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം സെപ്റ്റംബര്‍ 15 മുതല്‍ ഒക്‌റ്റോബര്‍ രണ്ടു വരെ എല്ലാ സഹസ്ഥാപനഹ്ങളിലും സ്വ്ച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Comments

comments

Categories: More