അലിഷയുടെ ട്രാക്ക് ഫാസ്റ്റാണ്

അലിഷയുടെ ട്രാക്ക് ഫാസ്റ്റാണ്

ഒമ്പതാം വയസില്‍ കാറുകളോട് തോന്നിയ പ്രിയം പിന്നീട് ബൈക്ക് റേസിംഗ് മേഖലയിലാണ് ചെന്നൈ സ്വദേശി അലിഷയെ കൊണ്ടെത്തിച്ചത്. ഇന്ത്യയിലെ ആദ്യ വനിതാ റേസിംഗ് ചാമ്പ്യന്‍ പദവിയും ഈ 28കാരി സ്വന്തമാക്കിയിട്ടുണ്ട്. 2010ലുണ്ടായ ബൈക്ക് അപകടത്തിനു ശേഷം നീണ്ട ഇടവേളയിലേക്കു നീങ്ങിയ അവര്‍ കഴിഞ്ഞമാസം ചെന്നൈയില്‍ നടന്ന ദേശീയ വനിതാ റേസിംഗില്‍ ഒന്നാം സ്ഥാനം നേടി തിരിച്ചു വരവ് ഗംഭീരമാക്കി

പാവകള്‍ക്കൊപ്പം കളിക്കേണ്ട പ്രായത്തില്‍ ഒരു പെണ്‍കുട്ടിക്ക് ബൈക്ക് റേസിംഗിനോട് താല്‍പര്യം തോന്നുന്നത് അത്ര നിസാര കാര്യമല്ല. ഒമ്പതാം വയസില്‍ ഗോ കാര്‍ട്ടിംഗില്‍ പങ്കെടുത്ത് തുടങ്ങിയ അലിഷ അബ്ദുള്ള 11-ാം വയസില്‍ ഗോ-കാര്‍ട്ടിംഗ് മത്സരങ്ങളില്‍ വിജയിച്ചതോടെ കാറുകളും ബൈക്കുകളും ആ പെണ്‍കുട്ടിക്കു മുന്നില്‍ കീഴടങ്ങി. 13-ാമത്തെ വയസില്‍ ദേശീയ എംആര്‍എഫ് ഗോ-കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലും വിജയം വരിച്ചതോടെയാണ് പ്രഫഷണലായി ഈ മേഖലയെ സമീപിപ്പിക്കാന്‍ അലിഷ തീരുമാനിക്കുന്നത്. തുടര്‍ന്ന് ഇന്ത്യയിലെ ആദ്യ വനിതാ റേസിംഗ് ചാമ്പ്യന്‍ പദവിയും ഈ 28കാരിക്ക് സ്വന്തമായി.

ഏഴ് തവണയോളം ദേശീയ ചാമ്പ്യനായ പ്രശസ്ത ബൈക്ക് റേസര്‍ ആര്‍ എ അബ്ദുള്ളയുള്ളയുടെ മകളാണ് പ്രശസ്ത ഇന്ത്യന്‍ റേസറായ ഈ ചെന്നൈ സ്വദേശിനി. റേസിംഗിനൊപ്പം മോഡലിംഗിലും അലീഷ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്.

റേസിംഗിന് ഗിയര്‍ വീണ നാളുകള്‍

ചെന്നൈയില്‍ പഠിച്ചു വളര്‍ന്ന അലിഷക്ക് ചെറുപ്പം മുതലേ റേസിംഗില്‍ കമ്പം കയറിയതാണ്. ബൈക്കുകളും കാറുകളുമായിരുന്നു ഏറെയിഷ്ടം. പ്രശസ്ത മോട്ടോര്‍ സ്‌പോര്‍ട്ട് റേസറായ അമേരിക്കന്‍ സ്വദേശി നിക്കാ പാട്രിക്കിന്റെ ആരാധികയാണ് അലിഷ. 2004ല്‍ തന്റെ 15-ാം വയസില്‍ ജെ കെ ടയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഫോര്‍മുല കാര്‍ റേസിംഗില്‍ അഞ്ചാം സ്ഥാനം നേടിയ അതേ വര്‍ഷത്തിലാണ് ബൈക്ക് റേസിംഗിലും ഒരു ശ്രമം നടത്താന്‍ തീരുമാനിക്കുന്നത്. അന്ന് 110 സിസി ബൈക്കുകള്‍ ഓടിച്ച് തുടങ്ങിയ അലിഷ പിന്നീട് ബൈക്ക് റേസിംഗില്‍ ചുവടുറപ്പിച്ചു. മത്സരങ്ങളില്‍ പുരുഷ എതിരാളികളേപ്പോലും പിന്നിലാക്കി 600സിസി ബൈക്കുകളിലായിരുന്നു അലിഷയുടെ തകര്‍പ്പന്‍ പ്രകടങ്ങള്‍. വര്‍ഷങ്ങളോളം ബൈക്കിംഗില്‍ മാത്ര ശ്രദ്ധിച്ചിരുന്ന അലിഷയെ 2010ല്‍ സംഭവിച്ച അപകടം ബൈക്കുകളില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ മാറി നില്‍ക്കാനിടയാക്കി. ” എനിക്ക് മുമ്പ് പലതവണയും മുറിവുകള്‍ ഉണ്ടായെങ്കിലും ഈ അപകടം തികച്ചും വിഷമിപ്പിച്ച ഒന്നായിരുന്നു. ഇഷ്ടമായിരുന്നെങ്കിലും ബൈക്ക് റേസിംഗ് ഇനി വേണ്ടെന്നെ നിലപാടിലായി ഞാന്‍. കാറുകളില്‍ അപകടം ഉണ്ടായാലും അത്ര വലിയ പരിക്കുകളില്ലാതെ രക്ഷപെടാന്‍ കഴിയും,” അലീഷ പറയുന്നു.

കാര്‍ റേസിംഗില്‍ നിരവധി അന്തര്‍ദേശീയ മത്സരങ്ങളിള്‍ ഇന്ത്യയെ പ്രതിനീധികരിച്ച് അലിഷ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അന്തര്‍ദേശീയ കാര്‍ റേസിംഗുകള്‍ക്ക് കനത്ത ചെലവുള്ളതിനാല്‍ ദേശീയ തലത്തില്‍ മാത്രം ചില സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്.

തിരിച്ചു വരവ്

2010നു ശേഷം ബൈക്ക് റേസിംഗില്‍ നിന്നും തീര്‍ത്തും മാറി നിന്ന അലിഷ 2017ലെ ദേശീയ വനിതാ റേസിംഗില്‍ ഒന്നാം സ്ഥാനം നേടിയാണ് വന്‍ തിരിച്ചുവരവ് നടത്തിയത്. നീണ്ട എട്ടു വര്‍ഷത്തിനുശേഷമുള്ള അലിഷയുടെ ആദ്യ മെഡല്‍ നേട്ടമായിരുന്നു കഴിഞ്ഞമാസം ചെന്നൈയില്‍ അരങ്ങേറിയത്. പത്തോളം മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നേടിയാണ് ബെക്ക് റേസിംഗിലെ തിരിച്ചുവരവ് ഗംഭീരമാക്കിയത്.
” ഞാന്‍ ശരിക്കും കരഞ്ഞുപോയി. എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് ട്രോഫി നേടിയത്. ആ അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയില്ല, അനുഭവിച്ചുതന്നെ അറിയണം,” ട്രോഫി കരസ്ഥമാക്കിയ വേളയില്‍ അലിഷ ഒരു പ്രമുഖ മാധ്യമത്തോട് പറയുകയുണ്ടായി.

ബൈക്ക് റേസിംഗിനു പുറമേ കാര്‍ റേസിംഗില്‍ നിരവധി അന്തര്‍ദേശീയ മത്സരങ്ങളിള്‍ ഇന്ത്യയെ പ്രതിനീധികരിച്ച് അലിഷ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അന്തര്‍ദേശീയ കാര്‍ റേസിംഗുകള്‍ക്ക് കനത്ത ചെലവുള്ളതിനാല്‍ ദേശീയ തലത്തില്‍ മാത്രം ചില സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണിപ്പോള്‍

റേസിംഗ് അക്കാദമി

കാര്‍ റേസിംഗിനേക്കാള്‍ അലിഷക്ക് ഏറെയിഷ്ടം ബൈക്ക് റേസിംഗാണ്. വനിതകള്‍ക്കായി അലിഷ അബ്ദുള്ള അക്കാദമി എന്ന പേരില്‍ ഒരു റേസിംഗ് അക്കാദമിക്ക് അവര്‍ രൂപം നല്‍കിയിട്ടുണ്ട്. ചെലവേറെയുള്ള ഈ മേഖലയില്‍ അത് താങ്ങാന്‍ കഴിയാത്തവരെ പരിശീലിപ്പിക്കാനാണ് സ്ഥാപനം മുന്‍കൈയെടുക്കുന്നത്. ” അപകടം നിറഞ്ഞതും സാഹസികവുമാണ് ബൈക്ക് റേസിംഗ്. എന്നാല്‍ അതിലാണ് ത്രില്‍. വളരെപെട്ടെന്നുള്ള പ്രതികരണശേഷി ഈ മേഖലയില്‍ അവശ്യമാണ്. പ്രായം കൂടുന്നതനുസരിച്ച് അത് കുറയും. അതുകൊണ്ടുതന്നെ നിരവധി അലിഷമാര്‍ ആഗോള തലത്തില്‍ പ്രകടനം നടത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അലിഷ പറയുന്നു.

ഭാവി പദ്ധതികള്‍

ഇന്ന് ഇന്ത്യയില്‍ പല ഭാഗത്തുനിന്നുമുള്ള 20 അംഗങ്ങളെ ഉള്‍പ്പെടുത്തി അവര്‍ തന്റെ അക്കാദമിയില്‍ ഒരു ടീം തന്നെ രൂപീകരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഇവരുടെ കഴിവുറ്റ പ്രകടനങ്ങള്‍ അലിഷ സ്വപ്‌നം കാണുകയാണിപ്പോള്‍. ഫാഷന്‍ മോഡലിംഗ് താരം കൂടിയയായ ഈ ഇന്ത്യന്‍ റേസര്‍ ‘ ഇരുമ്പ് കുതിരൈ’ എന്ന തമിഴ് സിനിമയിലും അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്. മറ്റ് ചില സിനിമകളും ആലോചനയിലുണ്ട്. സ്വന്തമായി ഒരു ഗാരേജ് തുടങ്ങുകയാണ് അലിഷയുടെ ഏറ്റവും വലിയ സ്വപ്‌നം. ” നല്ല അച്ചടക്കത്തോടെ ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കണം. കഠിനപ്രയത്‌നത്തിന് തീര്‍ച്ചയായും ഫലമുണ്ടാകും,” ഈ മേഖലയിലേക്ക് വരുന്ന പുതുമുഖങ്ങളോട് അലിഷക്ക് ഇതൊന്നു മാത്രമാണ് പറയാനുള്ളത്.

Comments

comments

Categories: FK Special, Slider, Women