ഹരിതോര്‍ജ്ജത്തിലേക്ക് മാറുമ്പോള്‍

ഹരിതോര്‍ജ്ജത്തിലേക്ക് മാറുമ്പോള്‍

കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും ചെറുക്കുന്നതിന്റെ ഭാഗമായി ഹരിതോര്‍ജ്ജത്തിലേക്ക് മാറാനുള്ള ഇന്ത്യയുടെ തീവ്രശ്രമങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെയാണ്. എന്നാല്‍ അതിനോടനുബന്ധിച്ച് ഉയരുന്ന ആശങ്കകളും അഭിമുഖീകരിക്കപ്പെടണം

കഴിഞ്ഞ ദിവസമാണ് യുഎസിലെ പ്രമുഖ കമ്പനിയായ ജനറല്‍ ഇലക്ട്രിക്ക് ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് ഇ-മെയ്ല്‍ അയച്ചത്. 2015ല്‍ ഇന്ത്യന്‍ റെയ്ല്‍വെയുമായി ജനറല്‍ ഇലക്ട്രിക് 2.6 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യന്‍ റെയ്ല്‍വെയ്ക്ക് വേണ്ടി 1,000 ഡീസല്‍ ട്രയ്ന്‍ എന്‍ജിനുകള്‍ വിതരണം ചെയ്യാനുള്ളതാണ് കരാര്‍. എന്നാല്‍ 100 ശതമാനം ഇലക്ട്രിക് എന്‍ജിനുകളിലേക്ക് മാറാന്‍ ഇന്ത്യ തീരുമാനിച്ചതോടു കൂടി ജനറല്‍ ഇലക്ട്രിക് ആശങ്ക രേഖപ്പെടുത്തി കത്തയച്ചു. വിഷയം വാര്‍ത്തയായപ്പോള്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തുകയും ചെയ്തു.

ജിഇ പോലുള്ള നിരവധി കമ്പനികളുമായി ഇന്ത്യക്ക് വലിയ കരാറുകളുണ്ട്. ഇതില്‍ പലതും മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളുടെ ഭാഗമായി ഉണ്ടായതുമാണ്. എന്നാല്‍ ഹരിതോര്‍ജ്ജത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഇത്തരം കരാറുകള്‍ ആശങ്കയ്ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വകുപ്പില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്തിന് സാധിക്കണം. അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും ബിസിനസ് ആവാസ വ്യവസ്ഥയ്ക്കും അത് കോട്ടം തട്ടിക്കും. ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും നല്ലതു തന്നെയാണ്. കാരണം ഇത് സൂചിപ്പിക്കുന്നത് ഹരിതസമ്പദ് വ്യവസ്ഥയിലേക്ക് പരിണാമപ്പെടുന്ന കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗൗരവത്തോടെയാണ് മുന്നേറുന്നതെന്നാണ്. എന്നാല്‍ അതിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. ഘടനാപരമായ മാറ്റമാണിത്. അതിനാല്‍ ഘട്ടംഘട്ടമായുള്ള വ്യക്തമായ പദ്ധതി ഹരിതപരിണാമത്തിന് ആവശ്യമാണ്. ഇത് തയാറാക്കുന്നതിലും അതേപടി പ്രാവര്‍ത്തികമാക്കുന്നതിലും കേന്ദ്ര സര്‍ക്കാരിന് വീഴ്ച്ച വന്നുകൂടാ. അല്ലാതെ, പൊടുന്നനെയുള്ള എടുത്തുചാട്ടങ്ങള്‍ നടത്തിയാല്‍ ഒരുപക്ഷേ ഫലം വിപരീതമായിത്തീരും. ഡീസല്‍ എന്‍ജിന്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റും വാഹന നിര്‍മാണ പ്ലാന്റുമെല്ലാം കമ്പനികള്‍ വികസിപ്പിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലാണ്. അതിനാല്‍ തന്നെ ഒരു സുപ്രഭാതത്തില്‍ അതിനെയൊന്നും എടുത്തുകളയാന്‍ സാധിക്കില്ല. ഘട്ടംഘട്ടമായുള്ള പരിണാമം എന്നതാണ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നടപടി.

ഡീസല്‍ എന്‍ജിന്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റും വാഹന നിര്‍മാണ പ്ലാന്റുമെല്ലാം കമ്പനികള്‍ വികസിപ്പിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലാണ്. അതിനാല്‍ തന്നെ ഒരു സുപ്രഭാതത്തില്‍ അതിനെയൊന്നും എടുത്തുകളയാന്‍ സാധിക്കില്ല. ഘട്ടംഘട്ടമായുള്ള പരിണാമം എന്നതാണ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നടപടി.

ബിസിനസ് ലോകവുമായി കൂടിച്ചേര്‍ന്നു വേണം സര്‍ക്കാര്‍ ഈ വലിയ പദ്ധതി നടപ്പാക്കേണ്ടത്. ഏകപക്ഷീയമായുള്ള തീരുമാനങ്ങളല്ല വേണ്ടത്. ഇലക്ട്രിക് കാറുകളിലേക്ക് മാറാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു നേരത്തെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന വികാരം. ഇതിനോട് അത്ര നല്ല രീതിയിലല്ല വ്യവസായ ലോകത്തു നിന്നും പ്രതികരണങ്ങള്‍ വന്നതും. എന്നാല്‍ ഇതില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയത് ഉചിത നടപടിയായി. പെട്രോള്‍, ഡീസല്‍ കാറുകളുടെ നിരോധനമല്ല സര്‍ക്കാരിന്റെ ഉദ്ദേശ്യം. മറിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ്-ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗഡ്ക്കരി പറഞ്ഞു. ഇതാണ് ശരിയായ നിലപാട്. നോട്ടുകള്‍ നിരോധിച്ചല്ല ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കേണ്ടത്, മറിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്‍സെന്റീവുകളും ഓഫറുകളും നല്‍കി അതിനെ മുഖ്യധാരയാക്കി മാറ്റിയാണ്. അതുപോലെ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ മുഖ്യഉപാധിയായി മാറുംവരെ അതിന്റെ പ്രോത്സാഹന നടപടികളാണ് വേണ്ടത്. അല്ലാതെ പൊടുന്നനെയുള്ള പിന്‍വലിക്കലുകളും നിരോധനങ്ങളുമല്ല.

2030 ആകുമ്പോഴേക്കും നിരത്തുകളിലുള്ളതില്‍ ബഹുഭൂരിപക്ഷവും ഇലക്ട്രിക് വാഹനങ്ങളാക്കുകയെന്ന ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഉണ്ടെങ്കില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതാണ് ഈ ലക്ഷ്യം. 

Comments

comments

Categories: Editorial, Slider