വെസ്പ റെഡ് പിയാജിയോ ചൊവ്വാഴ്ച പുറത്തിറക്കും

വെസ്പ റെഡ് പിയാജിയോ ചൊവ്വാഴ്ച പുറത്തിറക്കും

150 സിസി, 125 സിസി വെസ്പ സ്‌കൂട്ടറുകളെ അടിസ്ഥാനമാക്കിയാണ് വെസ്പ റെഡ് നിര്‍മ്മിക്കുന്നത്

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ വെസ്പ റെഡ് സ്‌കൂട്ടര്‍ പിയാജിയോ ചൊവ്വാഴ്ച അവതരിപ്പിക്കും. സ്‌പെഷല്‍ എഡിഷന്‍ മോഡലാണ് വെസ്പ റെഡ്. എച്ച്‌ഐവി/എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റെഡ് എന്ന സംഘടനയുമായി സഹകരിച്ചാണ് വെസ്പ റെഡ് പുറത്തിറക്കുന്നത്.

ലോകത്തെ പ്രശസ്ത ബ്രാന്‍ഡുകളുമായി സഹകരിച്ച് സ്‌പെഷല്‍ റെഡ് എഡിഷന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത് സംഘടനയുടെ പതിവാണ്. ‘റെഡ്’ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിറ്റുകിട്ടുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം എച്ച്‌ഐവി/എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള ഫണ്ടിലേക്കാണ് അതാത് കമ്പനികള്‍ സംഭാവന ചെയ്യുന്നത്. ആപ്പിളിന്റെ ഐഫോണ്‍ റെഡ് അത്തരമൊരു ഉല്‍പ്പന്നമായിരുന്നു.

വെസ്പ റെഡ് ആഗോളതലത്തില്‍ യുഎസ്സിലും മറ്റ് ചില വിപണികളിലും പിയാജിയോ വില്‍ക്കുന്നുണ്ട്. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് 946 സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഇവിടങ്ങളില്‍ വെസ്പ 946 റെഡ് എന്ന പേരില്‍ വെസ്പ റെഡ് നിര്‍മ്മിച്ചുവില്‍ക്കുന്നത്. ഇന്ത്യയില്‍ 150 സിസി, 125 സിസി വെസ്പ സ്‌കൂട്ടറുകളെ അടിസ്ഥാനമാക്കിയായിരിക്കും വെസ്പ റെഡ് നിര്‍മ്മിച്ചുവില്‍ക്കുന്നത്.

വില്‍പ്പനയില്‍നിന്നുള്ള ലാഭം ഇന്ത്യയിലെ എയ്ഡ്‌സ് ബോധവല്‍ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യും

വളരെ വിലയേറിയ 946 ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കില്ലെന്നാണ് പിയാജിയോ കരുതുന്നത്. നേരത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച 12.04 ലക്ഷം രൂപ വില വരുന്ന വെസ്പ 946 എംപോറിയോ അര്‍മാനിയുടെ വില്‍പ്പന ശുഷ്‌ക്കമായിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍നിന്ന് കമ്പനിക്ക് പിന്‍വലിക്കേണ്ടിവന്നു.

150 സിസി, 125 സിസി വെസ്പ സ്‌കൂട്ടറുകളില്‍നിന്ന് വ്യത്യസ്തമായി പുതിയ വെസ്പ റെഡിന്റെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. ഈ സ്‌കൂട്ടറുകളേക്കാള്‍ 5,000 മുതല്‍ 10,000 രൂപ അധികം പുതിയ വെസ്പ റെഡ് മോഡലുകള്‍ക്ക് നല്‍കേണ്ടിവരും. വില്‍പ്പനയില്‍നിന്നുള്ള ലാഭം ഇന്ത്യയിലെ എയ്ഡ്‌സ് ബോധവല്‍ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യും.

Comments

comments

Categories: Auto