ടാറ്റ മോട്ടോഴ്‌സ് കേന്ദ്ര സര്‍ക്കാരിന് 10,000 ഇലക്ട്രിക് ടിഗോര്‍ നല്‍കും

ടാറ്റ മോട്ടോഴ്‌സ് കേന്ദ്ര സര്‍ക്കാരിന് 10,000 ഇലക്ട്രിക് ടിഗോര്‍ നല്‍കും

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സര്‍ക്കാര്‍ ഏജന്‍സികളും ഇലക്ട്രിക് ടിഗോര്‍ ഉപയോഗിക്കും

ന്യൂ ഡെല്‍ഹി : കേന്ദ്ര സര്‍ക്കാരിനുകീഴിലെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് (ഇഇഎസ്എല്‍) ടാറ്റ മോട്ടോഴ്‌സ് പതിനായിരം ഇലക്ട്രിക് സെഡാന്‍ വിതരണം ചെയ്യും. 2030 ഓടെ സമ്പൂര്‍ണ്ണ വൈദ്യുതി വാഹന രാജ്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നത്. വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഉപയോഗിക്കുന്നതിനാണ് ഇഇഎസ്എല്‍ ഇലക്ട്രിക് വാഹനങ്ങള്‍ സംഭരിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍, 500 കാറുകള്‍ അടുത്ത മാസം അവസാനത്തോടെ ടാറ്റ മോട്ടോഴ്‌സ് കൈമാറും. ബാക്കി 9,500 ഇലക്ട്രിക് വാഹനങ്ങള്‍ ഘട്ടംഘട്ടമായി വിതരണം ചെയ്യും. വൈദ്യുതി വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം 37 ശതമാനം വരെ കുറയ്ക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മാത്രമല്ല, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കുന്നതിനും വൈദ്യുതി വാഹനങ്ങള്‍ സഹായിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനുള്ള മത്സരത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നിസ്സാന്‍ കമ്പനികളെയാണ് ടാറ്റ മോട്ടോഴ്‌സ് പിന്നിലാക്കിയത്

ഇഇഎസ്എലിന് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനുള്ള മത്സരത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നിസ്സാന്‍ എന്നീ കമ്പനികളെയാണ് ടാറ്റ മോട്ടോഴ്‌സ് പിന്നിലാക്കിയത്. ജിഎസ്ടിക്കുപുറമേ 10.16 ലക്ഷം രൂപ ക്വോട്ട് ചെയ്താണ് ടാറ്റ മോട്ടോഴ്‌സ് ബിഡ് നേടിയത്. ടാറ്റ ടിഗോറിന്റെ ഇലക്ട്രിക് വേര്‍ഷനാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് വിതരണം ചെയ്യുന്നത്. നികുതികള്‍ ഉള്‍പ്പെടെ 11.20 ലക്ഷം രൂപയാണ് കാറൊന്നിന് വില. അഞ്ച് വര്‍ഷ വാറന്റിയോടെയാണ് ഇലക്ട്രിക് ടിഗോര്‍ വില്‍ക്കുന്നത്. സമാനമായ വൈദ്യുതി വാഹനത്തിന്റെ നിലവിലെ വിലയേക്കാള്‍ 25 ശതമാനം താഴ്ത്തിയാണ് ടാറ്റ മോട്ടോഴ്‌സ് ടിഗോര്‍ ഇവി ലഭ്യമാക്കുന്നത്.

പതിനായിരം ഇലക്ട്രിക് സെഡാനുകള്‍ക്കായി ഈ വര്‍ഷം ഓഗസ്റ്റിലാണ് ഇഇഎസ്എല്‍ ലോകമെങ്ങുനിന്നും ബിഡുകള്‍ ക്ഷണിച്ചത്. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. ഭാവിയില്‍ അഞ്ച് ലക്ഷം വരെ വാഹനങ്ങള്‍ വാങ്ങിയേക്കുമെന്ന് ഇഇഎസ്എല്‍ അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍ ഇലക്ട്രിക് ടിഗോര്‍ നിര്‍മ്മിക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനം. ഈ കോംപാക്റ്റ് സെഡാന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ നിര്‍മ്മിക്കുന്നതും ഇവിടെയാണ്.

Comments

comments

Categories: Auto