റോയല്‍ എന്‍ഫീല്‍ഡിന്റെ മഹനീയ മാതൃകകള്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ മഹനീയ മാതൃകകള്‍

പ്രൊഫഷണല്‍ അഡ്വഞ്ചര്‍ ബൈക്കര്‍മാരെയും അമച്വര്‍മാരെയും കമ്പനി ഒരുപോലെ ആകര്‍ഷിക്കും. ആരോടും വലുപ്പച്ചെറുപ്പമില്ല

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട് ഇന്ത്യന്‍ യുവാക്കള്‍ക്ക് ഒരു തരം വീരാരാധനയാണ് എന്ന് പറഞ്ഞാല്‍ ആരും തലകുലുക്കി സമ്മതിക്കും. യുവാക്കളുടെ ആസക്തിയും ഇഷ്ടവും റോയല്‍ എന്‍ഫീല്‍ഡ് നല്ല പോലെ ആസ്വദിക്കുന്നുമുണ്ട്. കമ്പനി പുറത്തിറക്കുന്ന ഓരോ ബൈക്കും യുവാക്കള്‍ക്ക് ആരാധനാ മൂര്‍ത്തിയാണ്. പ്രൊഫഷണല്‍ അഡ്വഞ്ചര്‍ ബൈക്കര്‍മാരെയും അമച്വര്‍മാരെയും കമ്പനി ഒരുപോലെ ആകര്‍ഷിക്കും. ആരോടും വലുപ്പച്ചെറുപ്പമില്ല. ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലെ ആദ്യ ചോയ്‌സ് റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന് കമ്പനിയുടെ വില്‍പ്പന കണക്കുകളാണ് സൂചിപ്പിക്കുന്നത്. വിവിധ മോഡലുകളുടെ ലുക്ക് കാലാനുസൃതമായി മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ കമ്പനി ഇപ്പോള്‍ ശ്രദ്ധാലുക്കളാണ്.

1. ഹിമാലയന്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഹിമാലയന്‍ കമ്പനിയുടെ ഏറ്റവും വ്യത്യസ്തമായ മോട്ടോര്‍സൈക്കിളാണ്. ദീര്‍ഘയാത്രകള്‍ക്ക് അനുയോജ്യമായ സസ്‌പെന്‍ഷനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് നല്‍കിയിരിക്കുന്നത്. പരമാവധി കംഫര്‍ട്ട് തരുന്നതാണ് ബൈക്കിന്റെ നിവര്‍ന്ന പൊസിഷന്‍. ഹൈവേകളും നഗര തെരുവുകളും മൗണ്ടെയ്ന്‍ റോഡുകളും ഒരുപോലെ താണ്ടുന്നത് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് ഒട്ടും ക്ലേശകരമല്ല.

2. കോണ്ടിനെന്റല്‍ ജിടി

കഫേ റേസര്‍ വിഭാഗത്തില്‍പ്പെടുന്ന കോണ്ടിനെന്റല്‍ ജിടി റോയല്‍ എന്‍ഫീല്‍ഡിന്റെ ഭാരം കുറഞ്ഞതും വേഗമേറിയതും ഏറ്റവും കരുത്തുറ്റതുമായ മോട്ടോര്‍സൈക്കിളാണ്. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് 535 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനാണ് കോണ്ടിനെന്റല്‍ ജിടിയുടെ മര്‍മ്മം. ഈ എന്‍ജിന്‍ 29.1 ബിഎച്ച്പി കരുത്തും 44 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഭാരം കുറഞ്ഞ ഫ്‌ളൈവീല്‍, മെച്ചപ്പെട്ട എന്‍ജിന്‍ പവര്‍-വാഹന ഭാര അനുപാതം എന്നിവ കോണ്ടിനെന്റല്‍ ജിടിക്ക് അധിക റെസ്‌പോണ്‍സിവ്‌നെസ്സും പഞ്ചും എജിലിറ്റിയും സമ്മാനിക്കുന്നു.

3. തണ്ടര്‍ബേഡ് 500

ഹേവേ ക്രൂസിംഗിന് പുതിയ നിര്‍വ്വചനം നല്‍കിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലാണ് തണ്ടര്‍ബേഡ് 500. 500 സിസി എന്‍ജിന്‍, 20 ലിറ്റര്‍ ടാങ്ക്, ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍ എന്നിവ ദീര്‍ഘദൂര റൈഡുകള്‍ക്ക് ഈ ബൈക്കിനെ അനുയോജ്യനാക്കുന്നു. മൂന്ന് തരം കറുപ്പ് നിറങ്ങളിലാണ് തണ്ടര്‍ബേഡ് 500 വരുന്നത്.

 

 

4. ക്ലാസ്സിക് സ്‌ക്വാഡ്രണ്‍ ബ്ലൂ

ലോകമെങ്ങുമുള്ള എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് ക്ലാസ്സിക് സ്‌ക്വാഡ്രണ്‍ ബ്ലൂ ഡിസൈന്‍ ചെയ്തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ റോയല്‍ മോഡലാണ് ക്ലാസ്സിക് സ്‌ക്വാഡ്രണ്‍ ബ്ലൂ എന്നുപറയാം.

 

5. ക്ലാസ്സിക് ഡെസേര്‍ട്ട് സ്‌റ്റോം

റോയല്‍ എന്‍ഫീല്‍ഡ് എന്തുകൊണ്ടാണ് റോയല്‍ എന്ന് ഈ ബൈക്ക് പറഞ്ഞുതരും. ക്ലാസ്സിക് ഡെസേര്‍ട്ട് സ്‌റ്റോമിലെ ക്ലാസ്സിക് ‘സാന്‍ഡ്’ പെയിന്റ് യുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. കൂടുതല്‍ യംഗ് ലുക്കിലാണ് ഇപ്പോള്‍ ഈ ബൈക്ക് വരുന്നത്. സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് പുഷ്‌റോഡ് എന്‍ജിന്‍, 1950 കളിലെ നാസെല്‍, ടൂള്‍ബോക്‌സുകള്‍, പരമ്പരാഗത പെയിന്റ് സ്‌കീം, മങ്ങിയ മഞ്ഞ നിറത്തിലുള്ള എന്‍ജിന്‍ കംപോണന്റുകള്‍ എന്നിവ ക്ലാസ്സിക് ഡെസേര്‍ട്ട് സ്‌റ്റോമിന്റെ സവിശേഷതകളാണ്. അനശ്വരമായ ക്ലാസ്സിക് സ്‌റ്റൈലിംഗ് പരിവേഷമാണ് ഈ ബൈക്ക് കാഴ്ച്ചവെയ്ക്കുന്നത്.

 

6. ക്ലാസ്സിക് ക്രോം

ക്ലാസ്സിക് 500 നെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ ക്ലാസ്സിക് ബൈക്ക്. ക്രോമിന്റെ ധാരാളിത്തം കാണുന്ന ക്ലാസ്സിക് ക്രോം 1950 കളിലെ സവിശേഷമായ ബ്രിട്ടീഷ് സ്‌റ്റൈലിംഗാണ് പ്രസരിപ്പിക്കുന്നത്. ലളിതവും അതീവ സുന്ദരവുമാണ് ഈ ബൈക്ക്. സീറ്റിന് ലെതര്‍ ഫിനിഷ് നല്‍കിയിട്ടുണ്ട്. പഴയ ലോഹം ഉപയോഗിച്ചാണ് ബൈക്ക് നിര്‍മ്മിക്കുന്നത്. രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ബ്രിട്ടീഷ് മോട്ടോര്‍സൈക്കിളുകളുടെ റെട്രോ ലുക്കിനുള്ള ശ്രദ്ധാഞ്ജലിയാണ് ക്ലാസ്സിക് ക്രോം.

7. ക്ലാസ്സിക് 500

ഏറ്റവുമധികം ഇഷ്ടപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് ഉല്‍പ്പന്നമാണ് ക്ലാസ്സിക് 500. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് 500 സിസി എന്‍ജിനും യുദ്ധാനന്തര സ്റ്റൈലിംഗുമാണ് ഈ ഇരുചക്ര വാഹനത്തെ ശ്രദ്ധേയമാക്കുന്നത്. കരുത്തും ഇന്ധനക്ഷമതയും വിശ്വാസ്യതയും സുന്ദരമായ ക്ലാസ്സിക് സ്റ്റൈലിംഗും ആരെയും ആകര്‍ഷിക്കും.

 

 

8. ക്ലാസ്സിക് 350

ക്ലാസ്സിക് 500, ക്ലാസ്സിക് 350 എന്നീ ഇരട്ടകളിലെ ഇളയവനാണ് ക്ലാസ്സിക് 350. തണ്ടര്‍ബേഡ് ട്വിന്‍സ്പാര്‍ക്കിന്റെ അതേ എന്‍ജിനാണ് ക്ലാസ്സിക് 350 യില്‍ പ്രവര്‍ത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ എല്ലാ ഗുണഗണങ്ങള്‍ക്കൊപ്പം സമ്പന്നമായ പൈതൃകവും രാജകീയ ചാരുതയും ഈ മോട്ടോര്‍സൈക്കിള്‍ അവകാശപ്പെടുന്നു.

 

9. ബുള്ളറ്റ് 500

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നത് ഇന്ത്യക്കാര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ പേരാണ്. 500 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനാണ് ബുള്ളറ്റ് 500 ന്റെ ഹൃദയം. മികച്ച കരുത്തും കൂടുതല്‍ ഇന്ധനക്ഷമതയും ഈ എന്‍ജിന്‍ നല്‍കും. ഫോറസ്റ്റ് ഗ്രീന്‍ നിറത്തിലും ബൈക്ക് ലഭിക്കും.

 

 

10. ബുള്ളറ്റ് 350

ആമുഖം ആവശ്യമില്ലാത്ത ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350. പുതിയ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനാണ് ബുള്ളറ്റ് 350 ക്ക് കരുത്ത് പകരുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ തനത് സവിശേഷതകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെതന്നെ എന്‍ജിനീയറിംഗ്, എര്‍ഗണോമിക്‌സ് കാര്യങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. നീളമേറിയ വീല്‍ ബേസ്, വലിയ ടയറുകള്‍ എന്നിവ സ്റ്റബിലിറ്റിയും റോഡ് ഗ്രിപ്പും വര്‍ധിപ്പിക്കുന്നതാണ്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉത്തമം.

Comments

comments

Categories: Auto