#ഹാഷ്ടാഗിന്റെ (അ)പ്രസക്തി

#ഹാഷ്ടാഗിന്റെ (അ)പ്രസക്തി

‘ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കില്‍, സ്ത്രീ പുരുഷ ജാതി മത ഭേദമന്യേ സര്‍വര്‍ക്കും പരമ രസികന്‍ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാള്‍ സമാധാനപൂര്‍ണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല’
(വൈക്കം മുഹമ്മദ് ബഷീര്‍)

തൂക്കം അളന്ന് തിട്ടപ്പെടുത്തി അത് എത്ര എന്ന് രേഖപ്പെടുത്തുമ്പോള്‍ ‘ഇത്ര പൗണ്ട്’ എന്നതിന്റെ റോമന്‍ പദപ്രയോഗമാണ് ‘ലിബ്ര പോണ്ടോ’ (libra pondo). ഒരു കാര്യം നിരവധി തവണ എഴുതേണ്ടിവരുമ്പോള്‍ സൗകര്യത്തിന് വേണ്ടി അതിന് ഒരു ചുരുക്കെഴുത്ത് രൂപം കൊണ്ടു. എല്‍ എന്ന റോമന്‍ അക്ഷരം 1 എന്ന അക്കമായി തെറ്റിദ്ധരിക്കാതിരിക്കാന്‍ അതിന് മുകളില്‍ ഒരു വെട്ട് ഇട്ടു. ആ വെട്ട്, ഭംഗിപൂര്‍വ്വം b എന്ന അക്ഷരത്തെ കൂടി മുറിച്ച് കടന്ന്, രണ്ടും സംയോജിക്കപ്പെട്ടു. അതാണ് ℔ എന്നത്. അത് പിന്നീട് സമചിഹ്നമായ =വും രണ്ട് ഫോര്‍വേര്‍ഡ് സ്ലാഷും ചേര്‍ന്ന # രൂപമായി; ഹാഷ്. ഇത് എണ്ണത്തിനെ സൂചിപ്പിക്കുന്നു.

ലംബമായും തിരശ്ചീനമായും പരസ്പരം മുറിച്ചുകടക്കുന്ന കുറിയ സമാന്തര രേഖകള്‍ സംഖ്യകളുമായി ബന്ധപ്പെട്ടിരിക്കുന്നു ⌗ എന്ന അടയാളം ‘കണക്ക് കാണുക’ എന്ന view data square യൂണിക്കോഡ് സിംബല്‍ ആണ്. തുല്യവും സമാന്തരവും എന്നതിന് ? ഉപയോഗിക്കുന്നു. അതുപോലെ # ‘എത്രാമത്തെ’ എന്നതിന് മറുപടിസംഖ്യ എഴുതാന്‍ ഉപയോഗിക്കുന്നതാണ്. അതായത്, ഇത് ഭാഷയല്ല, കണക്കാണ്.

ടെക്സ്റ്റ് രൂപത്തില്‍ സന്ദേശങ്ങള്‍ കൈമാറാനുപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് റിലേ ചാറ്റ് (IRC) എന്ന ആപ്ലിക്കേഷന്‍ ലെയര്‍ പ്രോട്ടോക്കോളില്‍ ഓരോ ഗ്രൂപ്പിനെയും വിഷയത്തെയും തിരിച്ചറിയാന്‍ അവയ്ക്ക് മുന്നില്‍ #ചിഹ്നം ഉപയോഗിക്കാന്‍ തുടങ്ങിയത് എണ്‍പതുകളുടെ അവസാനത്തിലാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദിയും അമേരിക്കന്‍ സാങ്കേതിക ചിന്തകനുമായ ക്രിസ്റ്റഫര്‍ റീവ്‌സ് മെസ്സിന 2007 ഓഗസ്റ്റ് 23 ന് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ ആദ്യമായി വാക്കുകള്‍ക്ക് ഹാഷ്ടാഗ് നല്‍കി. അദ്ദേഹം ആ അടയാളത്തിനുപയോഗിച്ച പേര് പൗണ്ട് എന്നായിരുന്നു, ഹാഷ് എന്നല്ല. ‘ഗ്രൂപ്പുകള്‍ക്ക് നമുക്ക് # (പൗണ്ട്) ഉപയോഗിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? #ബാര്‍ക്യാംപ് പോലെ?’ എന്നായിരുന്ന ആ സന്ദേശത്തിന് പക്ഷേ ട്വിറ്ററില്‍ വലിയ പ്രതികരണം ഉളവാക്കാനായില്ല. എന്നാല്‍ അതേ വര്‍ഷം തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോ കാട്ടുതീ സംബന്ധിച്ച ട്വിറ്റര്‍ സന്ദേശങ്ങളില്‍ ഹാഷ് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. വെറും ഒരു കംപ്യൂട്ടര്‍ ഭാഷാ ലിപിയായിരുന്ന #, അങ്ങനെ ഹാഷ്ടാഗ് എന്നപേരില്‍ എല്ലാവരുടെയും വിരല്‍ത്തുമ്പിലെത്തി. 2014 ല്‍ ഓക്‌സ്‌ഫോഡ് നിഘണ്ടു’ഹാഷ്ടാഗ്’ എന്ന വാക്ക് അംഗീകരിച്ച് അതിനെ ഒരു ഇംഗ്ലീഷ് വാക്കായി മാമോദീസ ചെയ്തു.

ഹാഷ്ടാഗ് ചെയ്യുമ്പോള്‍, ആ വാക്കിന് അല്ലെങ്കില്‍ വാക്കുകളുടെ കൂട്ടത്തിന്, ആ വാക്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്റര്‍നെറ്റ് സങ്കേതത്തിലെവിടെയെങ്കിലും ഉണ്ടെങ്കില്‍, അത് തെരഞ്ഞെടുത്ത് കൊണ്ടുവരാനുള്ള ഹൈപ്പര്‍ലിങ്ക് സംജാതമാവുന്നു. ഒരു ആശയം ഹാഷ്ടാഗ് ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഒരൊറ്റ സെര്‍ച്ചില്‍ കിട്ടുന്നു. അതുകൊണ്ടാണ് #അവളോടൊപ്പം, #അവനോടൊപ്പം, #സിനിമയോടൊപ്പം തുടങ്ങിയ ഹാഷ്ടാഗുകള്‍ ഇപ്പോള്‍ നമ്മള്‍ മൊബീലിലിട്ട് അമ്മാനമാടുന്നത്.

ഒരു രാഷ്ട്രീയമൃഗം (Man is a political animal എന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞത് പ്രകാരം) എന്ന നിലയില്‍ മനുഷ്യന്‍ എല്ലാ കാര്യങ്ങളിലും അവന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. ആ അഭിപ്രായത്തിന്റെ വക്താക്കള്‍ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അഥവാ, തന്റെ അഭിപ്രായത്തോട് മറ്റുള്ളവര്‍ക്ക് യോജിക്കാം എന്ന് ഭംഗ്യന്തരേണ പറയുന്നു. ഇതെല്ലാമാണ് ഹാഷ്ടാഗ് ചെയ്യുമ്പോള്‍ നമ്മള്‍ ഉദ്ദേശിക്കുന്നത്.

എന്നാല്‍, ഈ യോജിപ്പ്, ഒരു വ്യൂ, ഒരു ലൈക്ക്, ഒരു ഷെയര്‍ എന്നതിലപ്പുറം സൃഷ്ടിപരമായ, ക്രിയാത്മകമായ ഏതെങ്കിലും തലത്തിലേക്ക് ഉയരുന്നുണ്ടോ എന്ന് നമ്മള്‍ ആലോചിക്കാറുപോലുമില്ല. ഇവിടെയാണ് ഹാഷ്ടാഗ് വെറും ഒരു ഹാഷ്ടാഗ് മാത്രമായി ചുരുങ്ങുന്നത്. നമ്മുടെ ഹാഷ്ടാഗ് പിന്തുടരുന്നവര്‍ ആരാണെന്ന് ഒരു കൗതുകം എന്നതിലുപരി നാം ശ്രദ്ധിക്കാറില്ല. അവരുടെ കൂട്ടായ്മ സംഘടിപ്പിക്കാന്‍ നാം തുനിയാറുമില്ല. അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായാല്‍ത്തന്നെ അത് വിര്‍ച്വല്‍ സ്‌പേസില്‍ മാത്രമായിരിക്കും. അതിനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്താനോ, ഒരു സമരമുഖം തുറക്കാനോ നമുക്കാവുന്നില്ല. കാരണം, നാം ജീവിക്കുന്നത് നമ്മുടെ ചുരുങ്ങിയ ചിന്താഗതികള്‍ക്കകത്താണ്. നമ്മുടെ സൗകര്യങ്ങളെ തിരസ്‌കരിച്ചുകൊണ്ടുള്ള ഒരു പിന്തുണയും നാം ആര്‍ക്കും കൊടുക്കാറില്ല. നമ്മുടെ കാര്യങ്ങളെല്ലാം തൃപ്തികരമായി നടക്കുകയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യത്തിന് ‘ഇരിക്കട്ടെ ഒരു പിന്തുണ’ എന്നാണ് ചുരുക്കം ചിലരെ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി ഭൂരിഭാഗത്തിന്റെയും ചിന്താഗതി.

ടെക്സ്റ്റ് രൂപത്തില്‍ സന്ദേശങ്ങള്‍ കൈമാറാനുപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് റിലേ ചാറ്റ് (IRC) എന്ന ആപ്ലിക്കേഷന്‍ ലെയര്‍ പ്രോട്ടോക്കോളില്‍ ഓരോ ഗ്രൂപ്പിനെയും വിഷയത്തെയും തിരിച്ചറിയാന്‍ അവയ്ക്ക് മുന്നില്‍ #ചിഹ്നം ഉപയോഗിക്കാന്‍ തുടങ്ങിയത് എണ്‍പതുകളുടെ അവസാനത്തിലാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദിയും അമേരിക്കന്‍ സാങ്കേതിക ചിന്തകനുമായ ക്രിസ്റ്റഫര്‍ റീവ്‌സ് മെസ്സിന 2007 ഓഗസ്റ്റ് 23 ന് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ ആദ്യമായി വാക്കുകള്‍ക്ക് ഹാഷ്ടാഗ് നല്‍കി

സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് എണ്ണത്തില്‍ വളരെ കുറവുള്ള ജന്മിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ മറ്റാര്‍ക്കും ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ സമരകാഹളത്തിനൊപ്പം നടന്നു; ഉപ്പ് കുറുക്കി, ഖദര്‍ ധരിച്ചു, വിദേശവസ്ത്രങ്ങള്‍ കത്തിച്ചു, അഞ്ച് പേര്‍ കൂടരുത് എന്ന് പറഞ്ഞിടത്ത് അയ്യായിരങ്ങള്‍ ഒത്തുകൂടി യോഗം ചേര്‍ന്നു, സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത പാതകളിലൂടെ ജാഥയായി ചെന്നു, മറയ്ക്കാന്‍ പാടില്ലാത്ത മാറിടങ്ങള്‍ മറച്ചു, പ്രവേശനമില്ലാത്ത ആരാധനാലയങ്ങളിലെ മണികള്‍ മുഴക്കി, അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെറിഞ്ഞു, വെടിവച്ച സി പിയെ മൈലാപ്പൂര്‍ക്കോടിച്ചു. നഷ്ടപ്പെടാന്‍ വിലങ്ങുകളും കിട്ടാന്‍ പുതിയ വാഗ്ദത്തലോകവും മാത്രമാണെന്ന് അവരെ വിശ്വസിപ്പിക്കാന്‍ ഹാഷ്ടാഗുകള്‍ വേണ്ടിവന്നില്ല. സമാന ചിന്താഗതിയുള്ളവര്‍ സ്വയമേവ ഒത്തുചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ നടത്തി. അത് കൈമെയ് മറന്നുള്ള സഹനസമരമായിരുന്നു, അഹിംസയുടെ പാതയിലുള്ള യുദ്ധമായിരുന്നു. ആ പ്രക്ഷോഭങ്ങളുടെ പരിസമാപ്തിയാണ് നാല്‍പ്പത്തിയേഴ് ഓഗസ്റ്റ് പതിനാലിന്റെ അര്‍ധരാത്രിയില്‍ യൂണിയന്‍ ജാക്കിനെ കൊടിമരത്തില്‍ നിന്ന് ഇറക്കി അവിടെ ത്രിവര്‍ണ്ണ പതാക പാറിച്ചത്. അല്ലാതെ ക്വട്ടേഷന്‍ കൊടുക്കലോ, ഹാഷ്ടാഗ് ചെയ്യലോ അല്ല സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തെ ഭാരതഭൂവില്‍ നിന്ന് ഓടിച്ചത്.
ഇപ്പോള്‍ നമുക്ക് പലതും നഷ്ടപ്പെടാനുണ്ട്. ആദ്യമായി, വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മൊബീല്‍ ഫോണിലെ വൈഫൈ നഷ്ടപ്പെടും. ഒന്ന് ഓടേണ്ടിവന്നാല്‍ കൊറിയന്‍/യുഎസ് നിര്‍മിത മൊബീല്‍ ഫോണ്‍ വീണ് കേടുപറ്റാം. ഒന്ന് വീണാല്‍ നമ്മുടെ അമേരിക്കന്‍ നിര്‍മിത ഡെനിം ഷര്‍ട്ട് കീറാം. സ്വിസ് വാച്ച് വീണ് പൊട്ടാം. തെരുവിലെ ബഹളത്തില്‍ ഒരു കല്ല് പാഞ്ഞുവന്നാല്‍ നമ്മുടെ ജപ്പാന്‍/ജര്‍മന്‍/കൊറിയന്‍ നിര്‍മിത കാറിന്റെ ചില്ല് പൊട്ടാം. യോഗത്തിന് പോയി വീടണയാന്‍ വൈകിയാല്‍ ടിവി ചര്‍ച്ച കാണാനൊക്കില്ല, സീരിയല്‍ കാണാനാവില്ല. അങ്ങനെ എന്തെല്ലാം എന്തെല്ലാം നഷ്ടങ്ങള്‍. ഈ വിലങ്ങുകളൊന്നും നഷ്ടപ്പെടുത്താന്‍ പറ്റിയതല്ല. അപ്പോള്‍ പിന്നെ, ഹാഷ്ടാഗ് ചെയ്യുക തന്നെ.

സത്യത്തില്‍ ആരും ആര്‍ക്കൊപ്പവും ഇല്ല. ഇതറിയണമെങ്കില്‍ നമുക്ക് നേരിട്ടൊരു ആവശ്യമോ ആപത്തോ വരണം. ഒറ്റക്കൈയുടെ വിരലിലെണ്ണാന്‍ മാത്രം കഴിയുന്ന ചിലരൊഴികെ മറ്റാരും നമ്മോടൊപ്പം ഉണ്ടാവുന്നില്ല, ഇന്ന്. ഒരു സഹപ്രവര്‍ത്തകന്റെ അനുഭവം പറയാം. അദ്ദേഹമുള്‍പ്പെട്ട സംഘടനയുടെ അഖിലേന്ത്യാ ഭാരവാഹിയും അദ്ദേഹവും ഒരേ കെട്ടിടത്തിലുള്ള രണ്ട് വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. താമസം അതേ നഗരത്തിലും. അന്യദേശക്കാരനായ അദ്ദേഹത്തിന്റെ വീട്ടില്‍ അപ്രതീക്ഷിതമായി ഒരു മരണം നടന്നപ്പോള്‍ എന്താണ് ചെയ്യേണ്ടത്, എന്തിനൊക്കെയാണ്, എവിടേയ്‌ക്കൊക്കെയാണ് ഓടേണ്ടത് എന്ന് പകച്ച് നിന്നപ്പോള്‍ നേതാവിന്റെ വാട്‌സ്ആപ്പ് സന്ദേശം എത്തി: ‘ We all sincerely share your grief and pray to the almigthy for the peaceful rest of the departed soul’. ഭേദം ഹാഷ്ടാഗ് ആയിരുന്നു. വല്ലവരും വിവരം അറിഞ്ഞ് സഹായിക്കാന്‍ എത്തിയാലായല്ലോ.

ഇത്രത്തോളം തന്നിലേക്കൊതുങ്ങി പതുങ്ങി ചുരുങ്ങിക്കൂടിയ ഒരു ജനത കേരളത്തിലല്ലാതെ ഉണ്ടാവില്ല. വീട്ടില്‍ ഒരാള്‍ വന്നാല്‍ അദ്ദേഹത്തിന് മുന്നില്‍ ഒരു ഗ്ലാസ് കുടിവെള്ളം വയ്ക്കാന്‍, കുളങ്ങള്‍ നികത്തിയും കിണറുകള്‍ക്ക് മീതെയും വീട് കെട്ടി, കുടിക്കാന്‍ മിനറല്‍ വാട്ടര്‍ വിലകൊടുത്ത് വാങ്ങുന്ന നമ്മള്‍ മടിക്കുന്നു. എന്നിട്ട്, വലിയ വലിയ കാര്യങ്ങളില്‍ ഹാഷ്ടാഗ് ചെയ്യുന്നു. എല്ലാത്തിന്റേയും കണക്ക് നോക്കുകയും കണക്ക് സൂക്ഷിക്കുകയും കണക്ക് പറഞ്ഞ് കണക്ക് തീര്‍ക്കുകയും ക്വട്ടേഷന് കണക്ക് പ്രകാരം പണം നല്‍കുകയും ചെയ്യുന്നത് കൊണ്ടാവും നമ്മള്‍ ഭാഷകള്‍ കൈവെടിഞ്ഞ് കണക്കിന്റെ ഭാഗമായ ഹാഷ്ടാഗ് സംവേദനത്തിന് ഉപയോഗിക്കുന്നത്.

ആരോഗ്യകരമായ സാമൂഹ്യജീവിതം ഭാവിയില്‍ സാധ്യമാവണമെങ്കില്‍ നമ്മള്‍ ഇത്തരം ജാടകളില്‍ നിന്ന് പുറത്ത് വന്ന് പ്രശ്‌നങ്ങളെ നേരിട്ട് അഭിമുഖീകരിക്കുകയും അവയ്ക്ക് യുക്തമായ പരിഹാരം കാണുകയും വേണം. നല്ല കാര്യങ്ങള്‍ നടത്താന്‍ ക്വട്ടേഷന്‍ കൊടുക്കാനാവില്ല; അത് നേരിട്ട് നടത്തണം.

ആദ്യം കൊടുത്ത ബഷീര്‍ ഉദ്ധരണിക്ക് ഒരു സുഹൃത്ത് നല്‍കിയ പുനരാഖ്യാനം ഇങ്ങനെ: ‘#അവനോടൊപ്പം #അവളോടൊപ്പം #ഇരക്കൊപ്പം #നല്ല സിനിമയോടൊപ്പം…ചുമ്മാ കോപ്പാണ്.. എല്ലാവര്‍ക്കും നല്ല വരട്ട് ചൊറി വരണം…അപ്പോ കാണാം ആര് ആരെ ചൊറിയുമെന്ന്.. അവനവന്റെ ചൊറിയും ചൊറിഞ്ഞിരുന്നോളും… മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരുന്ന് ചൊറിഞ്ഞോളും എല്ലാവരും’. ഇന്ന് ചൊറി ശരിക്കും ഒരു രോഗമാവുന്നു.

(മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനും സ്വതന്ത്ര സാമ്പത്തിക, സാമൂഹ്യ, ശാസ്ത്ര, വിദേശകാര്യ നിരീക്ഷകനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special, Slider