നന്‍മ നിറഞ്ഞ ഒരു ‘ചായ കിസ’

നന്‍മ നിറഞ്ഞ ഒരു ‘ചായ കിസ’

ലോകമെമ്പാടും പാനീയ വിപണി ആരോഗ്യകരമായ ബദലുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഏറ്റണ്‍ ക്രാഫ്റ്റ് എന്ന കമ്പനി ‘മൈ ടീ’ എന്ന തങ്ങളുടെ വേറിട്ട ഉല്‍പന്നത്തിലൂടെ ആരോഗ്യകരമായ ഒരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. യുവതലമുറക്ക് ഏറെ പ്രിയപ്പെട്ട ഐസ്ഡ് ടീയാണ് ഇവര്‍ ഉല്‍പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ചിരിക്കുന്നത്

സ്റ്റാര്‍ട്ടപ്പ് എന്നാല്‍ ഐടിയാണെന്ന ധാരണ മാറുകയും സ്റ്റാര്‍ട്ടപ്പുകള്‍ സംരംഭകത്വത്തിന്റെ സമസ്തമേഖലകളിലേക്കും ചിറകുവിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഐസ്ഡ് ടീയുമായി ഇന്ത്യയുടെ ശീതള പാനീയ വിപണിയില്‍ പുതിയൊരു ആരോഗ്യശീലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു കൂട്ടം സംരംഭകര്‍. ലോകമെമ്പാടുമുള്ള പാനീയ വിപണി ആരോഗ്യകരമായ ബദലുകളിലേക്ക് നീങ്ങുമ്പോഴാണ് ഏറ്റണ്‍ ക്രാഫ്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി മൈ ടീ എന്ന് പേരിട്ടിരിക്കുന്ന വേറിട്ട ഉല്‍പ്പന്നത്തിലൂടെ ആരോഗ്യകരമായ മുന്നേറ്റത്തിന് കേരളത്തില്‍ തുടക്കം കുറിക്കുന്നത്.

കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിംഗുകളുടെ അനാരോഗ്യ വശങ്ങളേക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുന്ന കാലമാണിത്. മുന്‍കാലങ്ങളിലെപ്പോലെ പെപ്‌സിയും കൊക്കകോളയും വ്യാപകമായി കുടിക്കുന്ന ശീലം പല രാജ്യങ്ങളും ഉപേക്ഷിച്ചു. ഇന്ത്യയിലും അത് പ്രകടമാണ്. ലോകത്താകമാനം കാര്‍ബണേറ്റഡ് ഡ്രിംഗുകളോടുള്ള പ്രിയം കുറയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. കലോറി കുറഞ്ഞതും ഉയര്‍ന്ന പോഷക മൂല്യവുമുള്ള പാനീയങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം യുഎസിലും യൂറോപ്പിലുമടക്കം പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നു. ഈ മാറ്റത്തിന്റെ കാറ്റാണ് കേരളത്തിലും വീശാന്‍ തുടങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള ശ്രീലങ്കന്‍ ടീയുടെ രുചിക്കൂട്ടുകളുമായി വ്യത്യസ്തങ്ങളായ അഞ്ച് ഫ്‌ളേവറുകളിലൂള്ള ഐസ്ഡ് ടീയാണ് ‘ മൈ ടീ ‘ എന്ന പേരില്‍ ഏറ്റണ്‍ ക്രാഫ്റ്റ് വിപണിയിലെത്തിക്കുന്നത്. ഗ്രീന്‍ ടീയും ബ്ലാക്ക് ടീയുമാണ് ഈ വിഭാഗത്തിലുള്ളത്

മൈ ടീ..ഐസ്ഡ് ടീ

5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ലോക ചരിത്രത്തിന്റെ ഭാഗമായിരുന്നു ചായ. ആളുകള്‍ ചായ കുടിച്ചു തുടങ്ങിയത് ഉന്മേഷത്തിനു വേണ്ടിയാണ്. 1904ലാണ്് ഐസിഡ് ടീ എന്ന കൊമേഴ്‌സ്യല്‍ കണ്‍സപ്റ്റ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. അമിതമായ ചൂട് ഉണ്ടായപ്പോള്‍ തണുത്ത പാനീയങ്ങളിലേക്ക് ലോകം ശ്രദ്ധ തിരിക്കുകയായിരുന്നു. ഈ സമയത്താണ് ഐസ്ഡ് ടീ എന്ന ആശയം ഉരുത്തിരിയുന്നത്. എന്നിരുന്നാലും 1904ല്‍ സെന്റ് ലൂയിസില്‍ വച്ചു നടന്ന വേള്‍ഡ്‌സ് ഫെയറില്‍ റിച്ചാര്‍ഡ് ബ്ലെച്ചിന്‍ഡനാണ് ഐസ്ഡ് ടീ ആദ്യമായി അവതരിപ്പിച്ചതെന്നും വാദങ്ങളുണ്ട്. ലോകത്ത് ചായയെ കുറിച്ചുള്ള സകല സങ്കല്‍പ്പങ്ങളും ഇത് മാറ്റിമറിച്ചു. വ്യത്യസ്തമായ രീതിയില്‍ ആരോഗ്യപ്രദമായി ചായയില്‍ നിന്ന് ഒരു ഉല്‍പ്പന്നം വികസിപ്പിക്കുകയാണ് ഏറ്റണ്‍ ക്രാഫ്റ്റ് ചെയ്തത്. ഇന്ന് ഐസ്ഡ് ടീ വ്യത്യസ്തമായ ഫ്‌ളേവറുകളില്‍ ലോകമെമ്പാടുമുള്ള വിപണികളില്‍ ലഭ്യമാണ്. അമേരിക്കയുടെ പല സ്റ്റേറ്റുകളിലും ചായയ്ക്ക് പകരം ഐസ്ഡ് ടീ സ്ഥാനം നേടിക്കഴിഞ്ഞു.

വിപണിയില്‍ കാണുന്ന പ്രധാന ഉല്‍പ്പന്നങ്ങളുടെയൊന്നും ഉള്ളില്‍ എന്താണെന്ന് നമുക്ക് അറിയില്ല. അവയുടെ രുചിക്കൂട്ടുകളെ കുറിച്ചും നമുക്ക് അറിയില്ല. ഇന്ന് വിപണിയില്‍ ലഭിക്കുന്ന മിക്ക പാനീയങ്ങളും അമിതമായി പഞ്ചസാര അടങ്ങിയിട്ടുള്ളവയാണ്. 16 ശതമാനം വരെ പഞ്ചസാരയുടെ അളവുള്ള പാനീയങ്ങളാണ് നമ്മള്‍ കുടിക്കുന്നത്. ഇത്തരം പാനീയങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ചൊന്നും വളര്‍ന്നു വരുന്ന തലമുറ ആലോചിക്കുന്നില്ല. ആരോഗ്യകരവും രുചികരവുമായ പാനീയമാണ് മൈടീയിലൂടെ വിപണിയിലെത്തുന്നത്

ജൈനേന്ദ്രന്‍ ജി

ഡയറക്റ്റര്‍

ഏറ്റണ്‍ ക്രാഫ്റ്റ്

ഏറ്റവും അറിയപ്പെടുന്ന പാനീയങ്ങളായി പലതരത്തിലുള്ള ബോട്ടിലുകളില്‍ ഐസ്ഡ് ടീ വില്‍ക്കുന്നു. ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് ഏറ്റണ്‍ ക്രാഫ്റ്റ് തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ ആവിഷ്‌കരിച്ചത്. ജി ജൈനേന്ദ്രന്‍, ഷാനവാസ്, കാല്‍വിന്‍ റോഡ്രിഗസ് എന്നീ ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സുഹൃത്തുകളുടെ പരിശ്രമമാണു മൈടീക്ക് പിന്നിലുള്ളത്. മൂന്നര വര്‍ഷത്തോളമായി ആര്‍ ആന്‍ഡ് ഡിയിലുള്ള ഉല്‍പ്പന്നമാണ് മൈടീയെന്ന് ജൈനേന്ദ്രന്‍ പറയുന്നു. ചായയിലെ നന്‍മകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ സുഹൃത്തുക്കള്‍ ഐസ്ഡ് ടീ എന്ന ഉല്‍പ്പന്നം ആവിഷ്‌കരിച്ചത്. ”നാം വിപണിയില്‍ കാണുന്ന പ്രധാന ഉല്‍പ്പന്നങ്ങളുടെയൊന്നും ഉള്ളില്‍ എന്താണെന്ന് നമുക്ക് അറിയില്ല. അവയുടെ രുചിക്കൂട്ടുകളെ കുറിച്ചും നമുക്ക് അറിയില്ല. ഇന്ന് വിപണിയില്‍ ലഭിക്കുന്ന മിക്ക പാനീയങ്ങളും അമിതമായി പഞ്ചസാര അടങ്ങിയിട്ടുള്ളവയാണ്. 16 ശതമാനം വരെ പഞ്ചസാരയുടെ അളവുള്ള പാനീയങ്ങളാണ് നമ്മള്‍ കുടിക്കുന്നത്. ഇത്തരം പാനീയങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ചൊന്നും വളര്‍ന്നു വരുന്ന തലമുറ ആലോചിക്കുന്നില്ല. ആരോഗ്യകരവും രുചികരവുമായ പാനീയമാണ് മൈടീയിലൂടെ വിപണിയിലെത്തുന്നത്,” ജൈനേന്ദ്രന്‍ പറഞ്ഞു.

കാല്‍വിന്‍ റോഡ്രിഗസ് , ഡയറക്റ്റര്‍

അസ്ഥിര പദാര്‍ഥങ്ങളായ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്നും ശരീരത്തെയും കോശങ്ങളെയും സംരക്ഷിക്കുന്നതാണ് ആന്റിഓക്‌സിഡന്റുകള്‍. ടെന്‍ഷനും സമ്മര്‍ദ്ദവും അനുഭവിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നിത്യ ഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റസ് ഉള്‍പെടുത്തിയെ മതിയാകൂ. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനുള്ള കഴിവ് ആന്റി ഓക്‌സിഡന്റ്‌സുകള്‍ക്കുണ്ട്. ഇത്തരത്തിലുള്ള ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ മൈ ടീ ആരോഗ്യപ്രദമാണെന്ന് എടുത്തു പറയേണ്ടതില്ല.

രുചിക്കൂട്ടുകള്‍ തേടി

ഇന്ത്യന്‍ വിപണിക്ക് ചേരുന്ന രുചികള്‍ ഈ മുന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് തിരിച്ചറിയുകയായിരുന്നു . ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രുചിയാണ് പച്ചമാങ്ങയുടേത്. ലോകത്താരും പച്ചമാങ്ങയുടെ രുചി ഗ്രീന്‍ ടീയില്‍ പരീക്ഷിച്ചിട്ടുമില്ല. അതുപോലെതന്നെ ഇന്ത്യയില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രുചിയാണ് സ്‌ട്രോബെറി. എന്നാല്‍ ഒരു മികച്ച സ്‌ട്രോബെറി ഡ്രിംഗും നമുക്കില്ല – ഇങ്ങനെ പാനീയങ്ങളുമായി ബന്ധപ്പെട്ട നിരവധി വസ്തുതകളും അതിന്റെ സാധ്യതകളും ഇവര്‍ തിരിച്ചറിഞ്ഞു. മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് സുലൈമാനി. ഗ്രീന്‍ ടീയിലും ബ്ലാക് ടീയിലും സുലൈമാനിയുടെ മധുരം കൊണ്ടുവരാനും തീരുമാനിച്ചു. ഗ്രീന്‍ ടീയുടെ ഏറ്റവും വലിയ പ്രശ്‌നം അതിന്റെ ചവര്‍പ്പാണ്. ചവര്‍പ്പില്ലാത്ത ഒരു ഡ്രിംഗ് വന്നു കഴിഞ്ഞാല്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പടെയുള്ള ഒരു വിഭാഗം ഇതിന്റെ വലിയ ഉപഭോക്താക്കളാകുമെന്നും ഇവര്‍ മനസിലാക്കി. അങ്ങനെയാണ് മൂന്ന് വ്യത്യസ്ത ഫ്‌ളേവറിലുള്ള ഗ്രീന്‍ ടീയും രണ്ട് ഫ്‌ളേവറിലുള്ള ബ്ലാക്ക് ടീയുമുള്‍പ്പെടെ അഞ്ച് വേരിയന്റുകളിലായി ഉല്‍പ്പന്നം വിപണിയിലെത്തിച്ചത്. ഗ്രീന്‍ ടീയുടെ ചവര്‍പ്പ് മാറ്റി കുറഞ്ഞ കലോറിയില്‍ ഉല്‍പ്പന്നം ലഭ്യമാക്കുകയാണ് ഇവര്‍ ചെയ്തത്. 400 മില്ലി ലിറ്ററിന്റെ ഒരു ബോട്ടിലിന് നാല്‍പ്പത് രൂപയാണ് വില. കൂടുതല്‍ ഫോര്‍മാറ്റില്‍, ഫ്‌ളേവറില്‍, അളവില്‍ മൈടീ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

വ്യത്യസ്തം മൈ ടീ

ലോകത്തുള്ള എല്ലാ ഐസ്ഡ് ടീ കമ്പനികളെയും പോലെ വ്യത്യസ്തമായ ഫ്‌ളേവറുകള്‍ തുടക്കത്തില്‍ തന്നെ അവതരിപ്പിച്ചുവെന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ”ഒരു കുപ്പിയില്‍ ഒരു നിറത്തിലുള്ള, വര്‍ഷങ്ങളായി ഒരേ രുചിയിലുള്ള ദ്രാവകം നിറച്ച് ആളുകളെ കുടിപ്പിക്കുന്നതിനപ്പുറം, ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനൂള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ഞങ്ങള്‍ ചെയ്തത്. ഇങ്ങനെയൊരു ഡ്രിംഗ് സീറോ കലോറിയില്‍ സമീപഭാവിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുക എന്നത് ഒരു ബിസിനസിനപ്പുറം പുതുതലമുറയോട് ചെയ്യാവുന്ന നന്‍മയായാണ് ഞങ്ങള്‍ കണക്കാക്കുന്നത്,” ജൈനേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്താണ് ഇവര്‍ ആദ്യം ഉല്‍പ്പന്നം അവതരിപ്പിച്ചത്. മലപ്പുറം കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലേക്കെത്തിച്ച് അവസാനമാണ് കൊച്ചിയിലെ വിപണിയില്‍ മൈ ടീ എത്തിച്ചത്. സ്റ്റാര്‍ട്ടപ്പ് സംരംഭം കൂടിയായ മൈ ടീക്ക് മാനേജ്‌മെന്റ് സപ്പോര്‍ട്ട് നല്‍കുന്നത് കോഴിക്കോട് ഐഐഎമ്മാണ്. ഐഐഎം ഈവര്‍ഷം തെരഞ്ഞെടുത്ത 12 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നുകൂടിയാണിത്. 250ലേറെ കടകളില്‍ ഉല്‍പ്പന്നം ലോഞ്ച് ചെയ്യുകയും അതിന്റെ ഫീഡ് ബാക്ക് മനസിലാക്കുകയും ചെയ്തുവെന്ന് ജൈനേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ഏകദേശം 45ഓളം വിതരണക്കാരിലൂടെ 2700ഓളം കടകളില്‍ നിലവില്‍ ഉല്‍പ്പന്നം ലഭ്യമാണ്. ഇതിനേക്കുറിച്ച് അറിയാവുന്നവര്‍ മാത്രമേ ഉപയോഗിക്കു എന്നതിനാല്‍ തന്നെ പെട്ടന്നുള്ള അതിശക്തമായ ഒരു വളര്‍ച്ച ഇവര്‍ പ്രതീക്ഷിക്കുന്നില്ല.

ലോകത്താകമാനം കാര്‍ബണേറ്റഡ് ഡ്രിംഗുകളോടുള്ള പ്രിയം കുറയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. കലോറി കുറഞ്ഞതും ഉയര്‍ന്ന പോഷക മൂല്യവുമുള്ള പാനീയങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം യുഎസിലും യൂറോപ്പിലുമടക്കം പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നു. ഈ മാറ്റത്തിന്റെ കാറ്റാണ് കേരളത്തിലും വീശാന്‍ തുടങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള ശ്രീലങ്കന്‍ ടീയുടെ രുചിക്കൂട്ടുകളുമായി വ്യത്യസ്തങ്ങളായ അഞ്ച് ഫ്‌ളേവറുകളിലൂള്ള ഐസ്ഡ് ടീയാണ് മൈ ടീ എന്ന പേരില്‍ ഏറ്റണ്‍ ക്രാഫ്റ്റ് വിപണിയിലെത്തിക്കുന്നത്

”ഗ്രീന്‍ ടീയെ കുറിച്ചും ആരോഗ്യത്തിന് ഇത് എത്രത്തോളം നല്ലതാണ് എന്നതിനേക്കുറിച്ചും അറിയാവുന്ന ആളുകളിലാണ് ഉല്‍പ്പന്നത്തിന്റെ വിപണി. പ്രധാനമായും 15 മുതല്‍ 30 വയസുവരെയുള്ളവരാണ് ബ്രാന്‍ഡിന്റെ ടാര്‍ജെറ്റ് ഗ്രൂപ്പ്, അതിനപ്പുറം യൗവനം കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെയും ബ്രാന്‍ഡ് ലക്ഷ്യമിടുന്നു” അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും ഐടി കേന്ദ്രീകൃതമാണെന്ന വസ്തുതയും ജൈനേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ”ഭക്ഷ്യമേഖലയില്‍ ഇത്തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ കുറവാണ്. ഫുഡ് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക എന്നത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റവും വലിയ നയം കൂടിയാണ്. ഇതെല്ലാം അനുകൂല ഘടകങ്ങളാകും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് പുറമേ ജിസിസി രാജ്യങ്ങളിലേക്ക് കൂടി ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണിവര്‍. ഈ ഡിസംബറോടെ 10000 കടകളിലും എത്തും. അടുത്ത വര്‍ഷമാകുമ്പോഴേക്കും സൗത്ത് ഏഷ്യ, ഗള്‍ഫ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്കും എത്തും. ഇന്ത്യയ്ക്ക് പുറത്ത് ലഭിക്കുന്ന മറ്റ് ഐസ്ഡ് ടീയെക്കാളും വില വളരെ കുറവാണ് മൈ ടീക്ക്. ലോകത്താകമാനം ഫിസി ഡ്രിംഗുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഐസിഡ് ടീയുടെ വിപണി സാധ്യത കൂടുകയും ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചും ഐസ് ടീ ഒരുപാട് സാധ്യതകളുള്ള വിപണിയാണ്. ലോകത്ത് ഏറ്റവും യുവത്വമുള്ളതും പരീക്ഷണങ്ങള്‍ക്ക് തയാറാവുന്നതും മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ളതുമായ ജനതയാണ് ഇന്ത്യയിലുള്ളത് എന്നതാണ് ഇതിന് കാരണം. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ കൈമുതലാക്കി വളരാന്‍ ഒരുങ്ങുകയാണ് ഈ സംരംഭം.

Comments

comments