ഉത്സവ സീസണില്‍ കറന്‍സി വിനിമയം കുറഞ്ഞെന്ന് ആര്‍ബിഐ

ഉത്സവ സീസണില്‍ കറന്‍സി വിനിമയം കുറഞ്ഞെന്ന് ആര്‍ബിഐ

നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതിന്റെ 88 ശതമാനമാണ് നിലവില്‍ വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യം

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ കൈക്കൊണ്ട നടപടികള്‍ അനുകൂല ഫലം സൃഷ്ടിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി ഉത്സവ സീസണില്‍ ജനങ്ങളുടെ കൈയിലുള്ള കറന്‍സി തുകയില്‍ ഇടിവുണ്ടായിരിക്കുന്നുവെന്ന്് ആര്‍ബിഐ ഡാറ്റ പറയുന്നു.

ഓഗസ്റ്റ് 18നും സെപ്റ്റംബര്‍ 22നും ഇടയിലുള്ള കാലയളവില്‍ വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യത്തില്‍ 9,738 കോടി രൂപയുടെ വര്‍ധനം മാത്രമാണുണ്ടായത്. എന്നാല്‍ സെപ്റ്റംബര്‍ 22നു മുമ്പുള്ള മൂന്ന് ആഴ്ചകളില്‍ വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യം ഇടിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ശേഷം ആദ്യമായാണ് കറന്‍സി വിനിമയത്തില്‍ തുടര്‍ച്ചയായ മൂന്നാഴ്ച ഇടിവുണ്ടാകുന്നത്.

കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം വിവിധ റീട്ടെയ്ല്‍ മാര്‍ഗങ്ങള്‍ വഴിയുള്ള ഇലക്ട്രോണിക് ഇടപാടുകള്‍ 37 ശതമാനം ഉയര്‍ന്നിരുന്നു. നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതിന്റെ 88 ശതമാനമാണ് നിലവില്‍ വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യം. കാര്‍ഡുകള്‍, മൊബീല്‍ ബാങ്കിംഗ്, ഇ-വാലറ്റുകള്‍ തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെയുള്ള ഇലക്ട്രോണിക് ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന് ബാങ്കുകളും വിവിധ പദ്ധതികള്‍ നടപ്പാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുകയാണ്.

നവംബര്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പിഒഎസ് ടെര്‍മിനലുകളുടെ എണ്ണം 78 ശതമാനം വര്‍ധിച്ച് 284,000ലെത്തി. ഇതേ കാലയളനവില്‍ കാര്‍ഡ് ഇടപാടുകളുടെ മൂല്യം 60 ശതമാനത്തിലധികം വര്‍ധിച്ചു.
ബാങ്ക് എക്കൗണ്ടുകളെ ആധാര്‍, പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന എന്നിവയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്കും സഹായകമാണെന്ന് അടുത്തിടെ പുറത്തിറക്കിയ മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു. കറന്‍സി വിനിമയത്തിലെ ഇടിവ് ഉപഭോക്തൃ ആവശ്യകതയെ മന്ദഗതിയിലാക്കയെന്നും ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജൂണ്‍ പാദത്തില്‍ സ്വകാര്യ ഉപഭോഗ ചെലവിടല്‍ 6.7 ശതമാനമായി കുറഞ്ഞിരുന്നു. മുന്‍വര്‍ഷം സമാനകാലയളവിലിത് 8.4 ശതമാനമായിരുന്നു.

Comments

comments

Categories: Business & Economy

Related Articles