വര്‍ഷാന്ത്യ ഇളവുകളുമായി എയര്‍ ഏഷ്യ

വര്‍ഷാന്ത്യ ഇളവുകളുമായി എയര്‍ ഏഷ്യ

മുംബൈ: യാത്രാ നിരക്കുകളില്‍ വമ്പന്‍ ഇളവ് മുന്നില്‍വച്ച് എയര്‍ ഏഷ്യ ഇന്ത്യ. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1,299 രൂപയുടെയും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 2,399 രൂപയുടെയും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വര്‍ഷാവസാന വില്‍പ്പനയുടെ ഭാഗമായാണ് ടിക്കറ്റ് നിരക്കിലെ കിഴിവുകള്‍. ഓഫറുകള്‍ പ്രകാരമുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒക്‌റ്റോബര്‍ 15 വരെ ബുക്കിംഗ് സൗകര്യമുണ്ടായിരിക്കും. ഒക്‌റ്റോബര്‍ രണ്ട് മുതല്‍ മാര്‍ച്ച് 31 വരെയുള്ള യാത്രകളുടെ ടിക്കറ്റുകള്‍ക്ക് നിരക്കിളവ് ലഭിക്കും. കൊല്‍ക്കത്ത, ബെംഗളൂരു, റാഞ്ചി, ഹൈദരാബാദ്, പൂനെ, കൊച്ചി, ന്യൂഡെല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് രാജ്യത്തിനകത്തെ ഓഫറുകള്‍ ലഭിക്കുകയെന്നും എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു.

2,399 രൂപ നിരക്കില്‍ ക്വാലാലംപൂര്‍, ബാലി, ബാങ്കോക്ക്, ക്രാബി, ഫുക്കെറ്റ്, മെല്‍ബണ്‍, സിഡ്‌നി, സിംഗപ്പൂര്‍, ഓക്‌ലന്‍ഡ് തുടങ്ങിയ 120 ഓളം വിദേശ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. കൂടാതെ കൊല്‍ക്കത്തയില്‍ നിന്ന് ജൊഹുര്‍ ബഹ്രു, ബാലി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച പുതിയ സര്‍വീസുകള്‍ക്കും ഇളവുകള്‍ ബാധകമായിരിക്കും. എയര്‍ ഏഷ്യയുടെ മൊബീല്‍ ആപ്പ് വഴിയോ പോര്‍ട്ടല്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുകയെന്നും കമ്പനി വ്യക്തമാക്കി.

Comments

comments

Categories: Business & Economy