ചരിത്രത്തിലെ 10 ബെസ്റ്റ് സെല്ലിംഗ് കാറുകള്‍

ചരിത്രത്തിലെ 10 ബെസ്റ്റ് സെല്ലിംഗ് കാറുകള്‍

ആഗോള വിപണിയില്‍ ഒരു വാഹന മോഡല്‍ വമ്പന്‍ ഹിറ്റാവുക എന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല. ചരിത്രത്തില്‍ ഏറ്റവുമധികം വില്‍പ്പന നടന്ന പത്ത് മോഡലുകള്‍ അറിയുന്നത് നല്ല അനുഭവമായിരിക്കും.

1. ടൊയോട്ട കൊറോള

1966 ലാണ് ആദ്യ ടൊയോട്ട കൊറോള അസ്സംബ്ലി ലൈനില്‍നിന്ന് പുറത്തിറങ്ങുന്നതും ജനഹൃദയങ്ങളില്‍ ഇടംപിടിക്കുന്നതും. 1974 ആയപ്പോഴേക്കും ലോകത്ത് ഏറ്റവും മികച്ച വില്‍പ്പനയുള്ള കാറായി കൊറോള മാറി. ടൊയോട്ട കൊറോളയുടെ വില്‍പ്പന 40 മില്യണ്‍ യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയത് ജാപ്പനീസ് കമ്പനി സമുചിതമായി ആഘോഷിച്ചിരുന്നു. 40 മില്യണ്‍ വില്‍പ്പനയെന്ന റെക്കോഡ് തികച്ച ടൊയോട്ട കൊറോള ആരാണ് വാങ്ങിയിരിക്കുന്നതെന്നും ഏത് ലൊക്കേഷനിലാണ് വിറ്റതെന്നും കണ്ടെത്തുന്നതിന് കമ്പനിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. പുതിയ കണക്കുകളനുസരിച്ച് ലോകമാകെ 43 മില്യണിലധികം ടൊയോട്ട കൊറോള കാറുകള്‍ വിറ്റിട്ടുണ്ട്.

2. ഫോഡ് എഫ് സീരീസ്

1948 ലാണ് ആദ്യ ഫോഡ് എഫ്-150 പുറത്തിറക്കിയത്. ഫോഡ് ബോണസ് ബില്‍റ്റ് എന്ന പേരിലാണ് വില്‍പ്പന നടത്തിയിരുന്നത്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളമായി നാല്‍പ്പത് മില്യണിലധികം യൂണിറ്റ് ഫോഡ് എഫ്-150 വിറ്റുപോയി. പിക്കപ്പ് വാഹന വിപണിയില്‍ ഫോഡിന് ആധിപത്യം നേടിക്കൊടുക്കുന്നതില്‍ എഫ്-150 വഹിച്ച പങ്ക് ചെറുതല്ല. ട്രക്കുകളുടെ ഡിമാന്‍ഡിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല.

 

3. ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്

ഫോക്‌സ്‌വാഗന്റെ എക്കാലത്തെയും ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ഗോള്‍ഫ് എന്നും ചില സമയങ്ങളില്‍ റാബിറ്റ് എന്നും വിളിക്കുന്ന ഈ ബോക്‌സി ഹാച്ച്ബാക്ക്. 1974 ലാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് അവതരിപ്പിച്ചത്. ഇതിനുശേഷം 30 മില്യണിലധികം ഗോള്‍ഫ് വിറ്റുപോയി. 2006 വരെ റാബിറ്റ് എന്ന പേരിലാണ് ഗോള്‍ഫ് വിറ്റത്. തുടര്‍ന്ന് 2010 ല്‍ ഗോള്‍ഫ് വീണ്ടും വിപണിയിലെത്തിച്ചു.

 

4. ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍

അഡോള്‍ഫ് ഹിറ്റ്‌ലറുടെ സ്വപ്‌നമായിരുന്നു ബീറ്റില്‍ എന്ന കാര്‍. ഹിറ്റ്‌ലര്‍ നിര്‍ദ്ദേശിച്ച സ്‌പെസിഫിക്കേഷനുകള്‍ അനുസരിച്ചാണ് 1938 ല്‍ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ നിര്‍മ്മിക്കുന്നത്. 1960 കളിലെ ഫ്രീ-വീലിംഗ് പ്രതീകമായിരുന്നു ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍. ചരിത്രത്തില്‍ ഏറ്റവുമധികം കാലം നിര്‍മ്മിച്ച കാറുകളിലൊന്നാണ് ബീറ്റില്‍. 1960 കളിലെ പ്രതിസംസ്‌കാര പ്രസ്ഥാന കാലത്തും ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് കഴിഞ്ഞിരുന്നു. കുറഞ്ഞ വിലയും വിചിത്രമായ രൂപകല്‍പ്പനയുമാണ് ബീറ്റിലിനെ ജനപ്രിയമാക്കിയത്. ലോകമാകമാനം 23.5 മില്യണ്‍ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ വിറ്റു.

5. ലാഡ റിവ കാര്‍

ലാഡ നോവ, ഓട്ടോവാസ് വാസ്-2101 എന്നീ പേരുകളിലും അറിയപ്പെടുന്ന ലാഡ റിവ എന്ന ചെറിയ സെഡാന്‍ 1980 ലാണ് പഴയ സോവിയറ്റ് യൂണിയനില്‍ അവതരിപ്പിക്കുന്നത്. ഫിയറ്റ് 124 നെ അടിസ്ഥാനമാക്കിയാണ് ലാഡ നിര്‍മ്മിച്ചത്. ലാഡ റിവ കാറിന്റെ ദശലക്ഷക്കണക്കിന് യൂണിറ്റാണ് ഇതുവരെ വിറ്റുപോയത്. റഷ്യയില്‍ ഇപ്പോള്‍ ഉല്‍പ്പാദനം നടക്കുന്നില്ലെങ്കിലും ഈജിപ്തിലെ അസ്സംബ്ലി ലൈനുകളില്‍നിന്ന് റിവ പുറത്തിറങ്ങുന്നുണ്ട്.

6. ഹോണ്ട സിവിക്

1972 ല്‍ സിവിക് പുറത്തിറക്കുന്നതിന് മുമ്പ് കാര്‍ നിര്‍മ്മാണത്തില്‍നിന്ന് പൂര്‍ണ്ണമായും പിന്‍മാറുന്ന കാര്യം ഹോണ്ട ആലോചിച്ചിരുന്നു. സിവിക് ആയിരുന്നു വാഹന വിപണിയിലെ ഹോണ്ടയുടെ ആദ്യ വലിയ ഹിറ്റ്. കാര്‍ നിര്‍മ്മാണ ബിസിനസ്സില്‍ ഹോണ്ടയെ പിടിച്ചുനിര്‍ത്തിയതും ഈ കാര്‍ തന്നെ. 18.5 മില്യണ്‍ സിവിക് കാറുകളാണ് ഹോണ്ട ഇതുവരെ വിറ്റത്.

 

7. ഫോഡ് എസ്‌കോര്‍ട്

1981 ലാണ് ഫോഡ് എസ്‌കോര്‍ട് അമേരിക്കയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ 1968 മുതല്‍ യൂറോപ്യന്‍ വിപണിയില്‍ മികച്ച വില്‍പ്പന കാഴ്ച്ചവെയ്ക്കാന്‍ ഫോഡ് എസ്‌കോര്‍ട്ടിന് കഴിഞ്ഞിരുന്നു. 18 മില്യണ്‍ എസ്‌കോര്‍ട്ടുകളാണ് ഫോഡ് ലോകമാകെ വിറ്റത്. എസ്‌കോര്‍ട് എന്ന നെയിംപ്ലേറ്റില്‍ ഫോഡ് നിലവില്‍ കാര്‍ നിര്‍മ്മിക്കുന്നില്ല. അതേസമയം പുതിയ എസ്‌കോര്‍ട്ടിന്റെ കണ്‍സെപ്റ്റ് ഫോഡ് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ചൈനീസ് വിപണിയില്‍ അവതരിപ്പിക്കാനാണ് പരിപാടി.

8. ഹോണ്ട അക്കോഡ്

വല്യേട്ടനായ ഹോണ്ട സിവിക്കിന്റെ ടയര്‍പ്പാടുകള്‍ പിന്തുടര്‍ന്ന് 1976 ലാണ് ഹോണ്ട അക്കോഡ് വിപണിയിലെത്തിയത്. ഇതിനുശേഷം 17.5 മില്യണ്‍ ഹോണ്ട അക്കോഡ് കാറുകളുടെ വില്‍പ്പന നടന്നു. ജാപ്പനീസ് കമ്പനി അമേരിക്കയില്‍ നിര്‍മ്മിച്ച ആദ്യ കാര്‍ കൂടിയായിരുന്നു ഹോണ്ട അക്കോഡ്. 1989 നുശേഷം അമേരിക്കയിലെ ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നായും ഹോണ്ട അക്കോഡ് മാറി. സുരക്ഷിതവും വിശ്വസ്തവുമായ ഫാമിലി കാര്‍ എന്ന വിശേഷണമാണ് ഹോണ്ട അക്കോഡിന് ലഭിച്ചത്.

9. ഫോഡ് മോഡല്‍ ടി

മുഖവുര ആവശ്യമില്ലാത്ത കാറാണ് ഫോഡ് മോഡല്‍ ടി. ശരാശരി അമേരിക്കക്കാരന് സാമ്പത്തികമായി താങ്ങാവുന്ന ആദ്യ കാറായിരുന്നു ഫോഡ് മോഡല്‍ ടി. 1908 ല്‍ ഡിട്രോയിറ്റില്‍ സാക്ഷാല്‍ ഹെന്റി ഫോഡാണ് മോഡല്‍ ടി നിര്‍മ്മിച്ചത്. കഴിഞ്ഞ 86 വര്‍ഷമായി ഫോഡ് മോഡല്‍ ടി നിര്‍മ്മിക്കുന്നില്ലെങ്കിലും എക്കാലത്തെയും ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നായി വളരാന്‍ ആ കുറഞ്ഞ കാലയളവ് മതിയായിരുന്നു. മിക്ക ബ്രാന്‍ഡുകളും ദശകങ്ങളെടുത്ത് നേടിയ വില്‍പ്പന മോഡല്‍ ടി കേവലം 20 വര്‍ഷത്തില്‍ കൈവരിച്ചു. 20 വര്‍ഷത്തിനിടെ 16.5 മില്യണ്‍ ‘ടി’ കളാണ് നിര്‍മ്മിച്ചത്.

10. ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

ഇതുവരെ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റിന്റെ ഏഴ് തലമുറ മോഡലുകളാണ് വിപണിയിലെത്തിയത്. ഇതിനിടെ 15.5 മില്യണ്‍ പസ്സാറ്റ് കാറുകള്‍ വിറ്റു. 1973 ലായിരുന്നു ജനനം. തികഞ്ഞ ഫാമിലി കാറാണ് പസ്സാറ്റ്. വളരെ മിതമായ വിലയില്‍ ഒരു ആഡംബര വാഹനമെന്ന് വിശേഷിപ്പിക്കാം. തീവ്രമായ മത്സരം നടക്കുന്ന സെഡാന്‍ വിപണിയില്‍ മികച്ച വില്‍പ്പന കാഴ്ച്ചവെയ്ക്കാന്‍ പസ്സാറ്റിന് കഴിഞ്ഞു.

Comments

comments

Categories: Auto