അതിവേഗം, ബഹുദൂരം ഉജ്ജീവന്‍

അതിവേഗം, ബഹുദൂരം ഉജ്ജീവന്‍

ഒരു ദശാബ്ദത്തിലേറെയായി മൈക്രോ ഫിനാന്‍സ് സംരംഭം എന്ന നിലയില്‍ സേവനം നല്‍കിയ ശേഷം സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ് ഉജ്ജീവന്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബാങ്കിന് ഏഴ് മാസം കൊണ്ട് തന്നെ 24 സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമറിയിക്കാനും 40 ലക്ഷം ഉപഭോക്താക്കളെ നേടിയെടുക്കാനും അവരില്‍ നിന്ന് ആയിരം കോടിയുടെ നിക്ഷേപം സമാഹരിക്കാനും സാധിച്ചു. ആദ്യ വര്‍ഷം തന്നെ 2000 കോടിയുടെ നിക്ഷേപം സമാഹരിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

ബാംഗളൂരു ആസ്ഥാനമായ ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഒരു ഷെഡ്യൂള്‍ഡ് ബാങ്കായി മാറുമ്പോള്‍ അവര്‍ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഒട്ടും ചെറുതല്ല. ബാങ്കിംഗ് മേഖലയില്‍ അന്തര്‍ദേശീയ തലത്തില്‍ വരെ കഴിവു തെളിയിച്ച വിദഗ്ധരടങ്ങിയ മാനേജ്‌മെന്റാണ് ഉജ്ജീവന്റെ കരുത്ത്. നിലവില്‍ സേവനങ്ങള്‍ ലഭ്യമാകാത്തവര്‍ക്കും താഴ്ന്നനിലയില്‍ മാത്രം സേവനങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും ഔപചാരിക ബാങ്കിങ് സേവനങ്ങള്‍ക്കു പുറത്തുള്ളവര്‍ക്കുമെല്ലാം സേവനം ലഭ്യമാക്കും വിധം അഞ്ചു വര്‍ഷത്തിനകം ഒരു വന്‍ ധനവിപണന ശൃംഖല കെട്ടിപ്പടുക്കുകയാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ലക്ഷ്യമെന്ന് ബാങ്കിന്റെ പരിവര്‍ത്തന പ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്ന ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഇട്ടിയാര ഡേവിസ് പറയുന്നു. കോര്‍പറേറ്റ്- ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗില്‍ 36 വര്‍ഷത്തെ അന്താരാഷ്ട്ര പ്രവര്‍ത്തനപരിചയമുള്ള ഇട്ടിയാര യൂറോപ്പ് അറബ് ബാങ്കിലും മിഡില്‍ ഈസ്റ്റിലെ അറബ് ബാങ്കുകളിലും സിറ്റി ബാങ്കിലും ഉന്നത തസ്തികകളില്‍ പ്രവര്‍ത്തിച്ചു. 2015 മുതല്‍ ഉജ്ജീവനൊപ്പമുള്ള ഇട്ടിയാര ഡേവിസ് ബാങ്കിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും കര്‍മപരിപാടികളെക്കുറിച്ചും സംസാരിക്കുന്നു.

മെക്രോഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലേക്കുള്ള മാറ്റം എങ്ങനെയാണ് സാധ്യമായത്?

പതിനൊന്ന് വര്‍ഷം മുമ്പ് തുടങ്ങിയതാണ് ഉജ്ജീവന്റെ യാത്ര. ഒരു ദശാബ്ദത്തോളം മൈക്രോ ഫിനാന്‍സ് കമ്പനിയായി സേവനമനുഷ്ഠിച്ചിരുന്ന ഉജ്ജീവന്‍ ഇന്ന് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് നൂതന ബാങ്കിംഗ് അനുഭവം നല്‍കുന്നു. ഈ വര്‍ഷം ഫെബ്രുവരി 2017ല്‍ ബംഗളൂരുവില്‍ അഞ്ച് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതിനുശേഷമുള്ള ആറ് മാസങ്ങള്‍കൊണ്ട് ഇന്ത്യയിലെമ്പാടും ബാങ്കിന്റെ സാനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിലുടനീളമായി ഉജ്ജീവന്റെ 457 ബാങ്ക് ബ്രാഞ്ചുകള്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ഒരു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന നിലയില്‍ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രാപ്യമാക്കി മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറിയതോടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ ബാങ്ക് ഉപഭോക്താക്കളും ജീവനക്കാര്‍ ബാങ്ക് ജീവനക്കാരുമായി മാറി. ഇതൊരു വലിയ ചുവടുവെപ്പാണ്. കാരണം ഇത്തരത്തിലൊരു കാര്യം ചെയ്യണമെങ്കില്‍ ജീവനക്കാര്‍ക്കെല്ലാം കൂടുതല്‍ പരിശീലനം നല്‍കേണ്ടതുണ്ടായിരുന്നു. ഞങ്ങളുടെ ജീവനക്കാരിലും ഉപഭോക്താക്കളിലും വിശ്വാസമര്‍പ്പിച്ചുകൊണ്ട് അതിനായി കൂടുതല്‍ നിക്ഷേപം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 24 സംസ്ഥാനങ്ങളിലായി 457 ബ്രാഞ്ചുകളാണ് ഇന്ന് ഉജ്ജീവന് ഉള്ളത്. അവിടങ്ങളിലെല്ലാമായി പതിനായിരത്തിലധികം ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. ഏകദേശം 3.7 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ഞങ്ങള്‍ ഇതിനോടകം നേടികഴിഞ്ഞു.

ഉജ്ജീവന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെകുറിച്ച്?

കേരളത്തില്‍ 12 ബ്രാഞ്ചുകളാണ് ഞങ്ങള്‍ക്കുള്ളത്. ഉജ്ജീവനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒരു വിപണിയാണ് കേരളം. നിലവില്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നായി 85000ത്തിലധികം ഉപഭോക്താക്കളുള്ള ഞങ്ങള്‍ ഇവിടെ 2010 ജനുവരി മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ രണ്ടു ബ്രാഞ്ചുകള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഉപഭോക്താക്കളുടെ എണ്ണം വളരെയധികം ഉയര്‍ന്നത് കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ കാരണമായി. എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തനമുള്ളത്.

സൗത്ത് പ്രവിശ്യയില്‍ ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരള, പോണ്ടിച്ചേരി എന്നീ അഞ്ചിടങ്ങളില്‍ ഞങ്ങള്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. സ്‌മോള്‍ ഫിനാന്‍സ് ബാങ്കായുള്ള പരിവര്‍ത്തനത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ളത്. അതില്‍ ആദ്യ വര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ നീങ്ങുന്നത്. ഈ മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ ഓരോവര്‍ഷവും 160 ബ്രാഞ്ചുകളെ ബാങ്ക് ബ്രാഞ്ചുകളായി മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ കേരളത്തിലെ രണ്ട് ബ്രാഞ്ചുകളാണ് ഇത്തരത്തില്‍ ബാങ്ക് ബ്രാഞ്ചുകളാക്കിയിട്ടുള്ളത്.എറണാകുളം നോര്‍ത്തിലും പള്ളുരുത്തിയിലും. മറ്റ് 10 ബ്രാഞ്ചുകളില്‍ അടുത്ത രണ്ടുവര്‍ഷത്തോടെ ബാങ്ക് ബ്രാഞ്ചുകളായി മാറുന്നതായിരിക്കും.

ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായുള്ള ചില ചുവടുവയ്പ്പുകള്‍ ഞങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നിങ്ങള്‍ എവിടെയാണോ അവിടെ എത്തി 15-20 നിമിഷത്തിനുള്ളില്‍ എക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കും. എല്ലാ എടിഎമ്മുകളിലും ബയോമെട്രിക് സംവിധാനം ആരംഭിച്ച രാജ്യത്തെ ആദ്യ ബാങ്ക് ഉജ്ജീവനാണ്. എടിഎമ്മിലേക്ക് പ്രവേശിക്കുമ്പോള്‍ പിന്‍, ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ എന്നിങ്ങനെ രണ്ട് ഓപ്ഷണുകള്‍ ലഭിക്കും. ഇതില്‍ ബയോമെട്രിക് തിരഞ്ഞെടുത്താന്‍ പിന്നെ അക്കങ്ങള്‍ ഓര്‍ത്തിരിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം. ഉപഭോക്താക്കള്‍ക്കായി സേവനങ്ങള്‍ പരമാവധി ലളിതമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

ഇട്ടിയാര ഡേവിസ്

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ)

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്‌

മറ്റ് ബാങ്കുകളില്‍ നിന്ന് ഉജ്ജീവനെ വേറിട്ടു നിര്‍ത്തുന്നത്?

ഈ രംഗത്ത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ വളരെ പുതിയ ബാങ്കാണ് എങ്കിലും ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായുള്ള ചില ചുവടുവയ്പ്പുകള്‍ ഞങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതിനായി ഒരു മിനി എടിഎം മാതൃകയില്‍ ഒരു ഉപകരണം ഉജ്ജീവന്‍ അവതരിപ്പിച്ചിട്ടുണ്ട്. എക്കൗണ്ട് തുറക്കാനുള്ള സൗകര്യമുള്‍പ്പെടെ ഇതിലുണ്ട്. അതിനായി ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍, ഐറിസ് സ്‌കാനര്‍ എന്നീ സൗകര്യങ്ങളും ഈ മെഷീനിലുണ്ട്. ഞങ്ങളുടെ 5000ത്തോളം ജീവനക്കാര്‍ക്ക് ഇതിനോടകം ഈ മെഷീന്‍ നല്‍കികഴിഞ്ഞു. അതായത് രാജ്യത്തെ ഞങ്ങളുടെ പകുതിയോളം ജീവനക്കാരുടെ പക്കല്‍ ഇത് ഉണ്ട്. നിങ്ങള്‍ എവിടെയാണോ അവിടേക്കെത്തി അവര്‍ എക്കൗണ്ട് തുറന്നുനല്‍കുന്നതാണ്. 15-20 നിമിഷത്തിനുള്ളില്‍ എക്കൗണ്ട് പ്രവര്‍ത്തനക്ഷമമാകും. ഒരു നിശ്ചിത തുക നിക്ഷേപിക്കാനും പിന്‍വലിക്കാനും ഈ മെഷീന്‍ ഉപയോഗിച്ച് സാധിക്കും. 5000രൂപയെന്നതാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള പരിധി. അതുകൊണ്ടുതന്നെ ജീവനക്കാര്‍ അവരുടെ ഫീല്‍ഡ് വര്‍ക്കുകള്‍ക്കായി പോകുമ്പോള്‍ ആര്‍ക്കെങ്കിലും പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യണമെങ്കില്‍ ഇത് ഉപകാരപ്രദമാകും. ഫീല്‍ഡ് ട്രാന്‍സാക്ഷനുകള്‍ക്ക് മാത്രമാണ് ഈ പരിധി നിശ്ചയിച്ചിട്ടുള്ളത്. എല്ലാ എടിഎമ്മുകളിലും ബയോമെട്രിക് സംവിധാനം ആരംഭിച്ച രാജ്യത്തെ ആദ്യ ബാങ്ക് ഉജ്ജീവനാണ്. എടിഎമ്മിലേക്ക് പ്രവേശിക്കുമ്പോള്‍ പിന്‍, ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ എന്നിങ്ങനെ രണ്ട് ഓപ്ഷണുകള്‍ ലഭിക്കുന്നതാണ്. ഇതില്‍ ബയോമെട്രിക് തിരഞ്ഞെടുത്താന്‍ പിന്നെ അക്കങ്ങള്‍ ഓര്‍ത്തിരിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം. ഉപഭോക്താക്കള്‍ക്കായി സേവനങ്ങള്‍ പരമാവധി ലളിതമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

മറ്റൊരു വലിയ പ്രത്യേകത ഞങ്ങള്‍ ഒരു വിധത്തിലുള്ള സര്‍വീസ് ചാര്‍ജ്ജുകളും അവരില്‍ നിന്ന് ഈടാക്കുന്നില്ല എന്നതാണ്. ഉജ്ജീവന്‍ എടിഎം കാര്‍ഡുകള്‍ ഉജ്ജീവന്റെ ഏത് എടിഎമ്മില്‍ ഉപയോഗിച്ചാലും അത് എത്രതന്നെ ട്രാന്‍സാക്ഷനായാലും അധികമായി ഒരു ചാര്‍ജ്ജും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കില്ല. മറ്റ് എടിഎമ്മുകളിലെ ഉപയോഗത്തിനും ആദ്യ ആറ് തവണ ചാര്‍ജ്ജുകള്‍ ഈടാക്കപ്പെടുന്നില്ല. ബാങ്ക് എക്കൗണ്ട് തുറന്നതിന് ശേഷം അത്യാവശ്യഘട്ടങ്ങളില്‍ പണം പൂര്‍ണ്ണമായി പിന്‍വലിക്കേണ്ടതായി വന്നാലും കുറച്ചുനാള്‍ ബാലന്‍സ് സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലുമൊന്നും ഉപഭോക്താക്കളില്‍ നിന്ന് ബാങ്ക് ചാര്‍ജ്ജ് പിടിക്കില്ല. നിലവില്‍ ജനങ്ങള്‍ കണ്ടുവരുന്നതില്‍ നിന്ന് വ്യത്യസ്തമായ ബാങ്കിംഗ് വ്യവസ്ഥകളാണ് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇന്നത്തെ പരിസ്ഥിതിയില്‍ ഉപഭോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്രദമായവയാണ് ഇവയില്‍ പലതും. ബാങ്കിംഗ് സേവനങ്ങള്‍ കാര്യമായി എത്താത്തവരിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. അതിനായാണ് ഇത്തരം സംവിധാനങ്ങള്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുളളത്. ഇന്റര്‍നെറ്റ്, മൊബീല്‍ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാണ്.

ഉജ്ജീവന്‍ നല്‍കുന്ന പലിശ നിരക്കുകള്‍ എത്രത്തോളമാണ്?

ബാങ്കുകള്‍ വിവിധ സേവനങ്ങള്‍ക്കായി ചുമത്തുന്ന അധിക തുകയാണ് ഇന്ന് പല ഉപഭോക്താക്കളിലും ആശങ്കയുണ്ടാക്കുന്ന ഘടകം. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ശരിയായി അഭിമുഖീകരിക്കപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്താറുണ്ട്. ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് പ്രതിവര്‍ഷം എട്ട് ശതമാനമെന്ന വളരെ ആകര്‍ഷകമായ പലിശനിരക്കാണ് ഞങ്ങള്‍ നല്‍കുന്നത്. പലിശനിരക്കുകള്‍ കുറഞ്ഞുവരുന്ന പരിസ്ഥിതി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ എട്ട് ശതമാനമെന്നത് വളരെ മികച്ച ഒരു നിരക്കാണ്. പൊതുവില്‍ ബാങ്കുകള്‍ ആരംഭിക്കുന്ന വര്‍ഷങ്ങളില്‍ ഫിക്‌സ്ഡ് ഡെപ്പോസിറ്റിന് നല്‍കുന്ന പലിശ പലപ്പോഴും 6.5-7 ആണ്. അതുകൊണ്ടുതന്നെ 8 ശതമാനം എന്നത് ഉപഭോക്താക്കള്‍ വളരെയധികം സ്വീകരിച്ചുകഴിഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1000രൂപ നിക്ഷേപിച്ചുകൊണ്ടും ഒരാള്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങാവുന്നതാണ്.

ഉജ്ജീവന്‍ നല്‍കുന്ന ക്രെഡിറ്റ് ഇന്ററസ്റ്റ് റേറ്റ്?

ലോണുകള്‍ക്കനുസരിച്ച് അവയുടെ പലിശനിരക്കില്‍ വ്യത്യാസമുണ്ടാകും. ഹൗസിംഗ് ലോണുകള്‍ക്ക് 15-16 ശതമാനം പലിശയിന്‍മേലാണ് നല്‍കുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ഇതേ പലിശനിരക്കില്‍ തന്നെയാണ് ലോണുകള്‍ നല്‍കുന്നത്.

ഉജ്ജീവന്റെ വളര്‍ച്ചാ നിരക്ക്

ഒരു ബാങ്ക് എന്ന തലത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടേ ഉള്ളു. അതുകൊണ്ടുതന്നെ വളര്‍ച്ചാ നിരക്കുകളെകുറിച്ച് പ്രതികരിക്കാന്‍ സമയമായെന്നു തോന്നുന്നില്ല. എന്നിരുന്നാലും നിക്ഷേപങ്ങളുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഞങ്ങള്‍ ലോണുകള്‍ നല്‍കിവരുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇതിനോടകം 6500കോടിയുടെ ലോണുകള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം 1000കോടിയിലധികം നിക്ഷേപം നേടാന്‍ കഴിഞ്ഞു. ആദ്യ വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ 1500നും 2000ത്തിനുമിടയില്‍ നിക്ഷേപം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 40 ലക്ഷം ഉപഭോക്താക്കള്‍ ഞങ്ങള്‍ക്കുണ്ട്.

സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍

ഒരു മൈക്രോഫിനാന്‍സ് സ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ പ്രധാനമായും ശ്രദ്ധിച്ചിരുന്നത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനായിരുന്നു. കഴിഞ്ഞ ഇത്രയധികം വര്‍ഷങ്ങളായി ഞങ്ങള്‍ നേടിയ ഉപഭോക്താക്കളുടെ 98ശതമാനവും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് കീഴില്‍ ഞങ്ങള്‍ തുടങ്ങുന്നതായിരിക്കും. വീടുകളിലേക്കെത്തുന്ന ബാങ്കിംഗ് സേവനങ്ങളും ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് സ്ത്രീകള്‍ക്കാണ്.

Comments

comments

Categories: FK Special, Slider