മലയാളിക്കു പ്രിയം സ്വദേശി ഉല്‍പ്പന്നങ്ങള്‍ !

മലയാളിക്കു പ്രിയം സ്വദേശി ഉല്‍പ്പന്നങ്ങള്‍ !

കേരളീയര്‍ വിദേശ ബ്രാന്‍ഡുകളില്‍ നിന്നും വ്യതിചലിച്ച് സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായി റിപ്പോര്‍ട്ട്. വിദേശ ഉല്‍പ്പന്നങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ വളരാന്‍ ഇതിനോടകം തന്നെ ചില കേരള ബ്രാന്‍ഡുകള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത. മികച്ച ഗുണനിലവാരവും ഉല്‍പ്പന്നത്തിലുള്ള വിശ്വാസവും തന്നെയാണ് മലയാളിയുടെ സ്വദേശി പ്രിയത്തിന് മാറ്റു കൂട്ടുന്നത്

വിദേശ വസ്തുക്കളോടു വല്ലാത്ത ഭ്രമം കാട്ടിയിരുന്ന മലയാളികള്‍ മാറി ചിന്തിക്കാന്‍ തുടങ്ങുകയാണോ? അടുത്തകാലത്തായി സ്വദേശി വസ്തുക്കളോടു മലയാളികള്‍ക്കു പ്രിയമേറുകയാണെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേശീയബോധംകൊണ്ടോ പ്രാദേശികവസ്തുക്കളോടുള്ള മമതയോ നമ്മുടെ നാട്ടില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനോ ഒന്നുമല്ല മലയാളിയുടെ ഈ സ്വദേശി സ്‌നേഹമെന്നുകൂടി തിരിച്ചറിയണം. മറിച്ച്, മികച്ച ഗുണനിലവാരവും ഇത്തരം വസ്തുക്കളോടുള്ള വിശ്വാസവും തന്നെയാണ് സമ്പൂര്‍ണ സാക്ഷരത നേടിയ മലയാളിയെ ഈ ഉല്‍പ്പന്നങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്നതാണു യാഥാര്‍ഥ്യം. വിദേശ ഉല്‍പ്പന്നങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ വളരാന്‍ ഇതിനോടകം തന്നെ ചില കേരള ബ്രാന്‍ഡുകള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ട്രൂ കോഡ് നടത്തിയ ഉപഭോക്തൃ അനുഭവ പഠനവുമായി ബന്ധപ്പെട്ട് ഉല്‍പ്പന്നങ്ങളുടെ സാമ്പിള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ബ്രാന്‍ഡിന്റെ പേര് വെളിപ്പെടുത്താതെയാണ് കേരളത്തിലെമ്പാടും സാമ്പിള്‍ സര്‍വേ നടത്തിയത്. ഒരു ഉല്‍പ്പന്നം വാങ്ങുന്നതില്‍ ഉപഭോക്താക്കള്‍ കാണിക്കുന്ന ബുദ്ധിപരവും വൈകാരികവും ഭൗതികപരവുമായ ഗുണങ്ങള്‍ കൃത്യമായി മനസിലാക്കുകയെന്നതായിരുന്നു ഈ സര്‍വേയിലൂടെ ട്രൂ കോഡ് ലക്ഷ്യമിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ പദ്ധതികളിലൊന്നായ ‘മേക്ക് ഇന്‍ ഇന്ത്യ’ വിജയകരമായി മുന്നേറുന്നതിനൊപ്പം ഇതിന്റെ ചുവടുപിടിച്ച് മേക്ക് ഇന്‍ കേരളയും യഥാര്‍ഥ വിജയത്തിലേക്ക് അടുക്കുകയാണെന്നാണ് സ്വദേശി പ്രിയത്തിലൂടെ വ്യക്തമാകുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂ കോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കേരളത്തില്‍ നടത്തിയ ഉപഭോക്തൃ അനുഭവ പഠനമാണ് ഇക്കാര്യം തുറന്നുകാട്ടുന്നത്. ജനങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നങ്ങളെയും അവയുടെ വിദേശ എതിരാളികളെയും ഉള്‍പ്പെടുത്തി ഗുണമേന്മ, ഉപഭോക്താക്കളുടെ സംതൃപ്തി എന്നീ കാര്യങ്ങള്‍ താരതമ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ 20 ബ്രാന്‍ഡുകളെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ (എഫ്എംസിജി) ഗുണമേന്മയിലൂടെ മാത്രമല്ല മലയാളികള്‍ക്കു പ്രിയപ്പെട്ടതായി മാറുന്നതെന്നും ഇവയെല്ലാം തന്നെ അവയുടെ വിദേശ എതിരാളികളെ തറപറ്റിക്കുന്ന തരത്തില്‍ വിപണിയില്‍ മുന്നേറ്റം നടത്തുന്നതായും സര്‍വേയില്‍ വ്യക്തമായതായി ട്രൂ കോഡ് വ്യക്തമാക്കുന്നു.

സ്വദേശി പ്രിയത്തില്‍ ഇവര്‍ മുന്നില്‍!

സര്‍വേയില്‍ കേരളത്തിലെ മെറിബോയ് ഐസ്‌ക്രീം ബ്രാന്‍ഡ് വന്‍ മുന്നേറ്റമാണ് സ്വന്തമാക്കിയത്. ഐസ്‌ക്രീമില്‍ പ്രാദേശിക ഫ്‌ളേവറുകളില്‍ രുചി വൈവിധ്യമൊരുക്കി ജനശ്രദ്ധ പിടിച്ചുപറ്റിയ ബ്രാന്‍ഡാണിത്. ചക്ക, നാളികേരം തുടങ്ങിയ വ്യത്യസ്ത ഫ്‌ളേവറുകളില്‍ കമ്പനി പുറത്തിറക്കിയ ഐസ്‌ക്രീമുകള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരടക്കമുള്ളവരുടെ ആദ്യ ചോയ്‌സായി മാറാനിടയാക്കി. വ്യത്യസ്ത രുചിയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ മാത്രമല്ല, പാക്കിംഗിലും, വിലയിലുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ പ്രതിയോഗികളെപ്പോലും അതിശയിപ്പിക്കുന്നതരത്തില്‍ പിന്നിലാക്കി വിപണിയില്‍ മെറിബോയ് കുതിക്കുന്നതായാണ് പഠനം പറയുന്നത്. ഇതോടൊപ്പം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിയറ ഫുഡ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ കപ്പ ഉല്‍പ്പന്നമായ ‘കാപ്പോ’ മലയാളികളുടെ ഇഷ്ടബ്രാന്‍ഡായി മുന്നേറുന്നുണ്ട്. മേഖലയില്‍ മുന്‍പുണ്ടായിരുന്ന പഴയ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളത്തിലെ ഉപഭോക്താക്കളുടെ അനുഭവത്തിലൂടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളായ ഹിമാലയ, അമുല്‍, ഫ്രൂട്ടി എന്നിവ വിപണിയില്‍ ഒരു ചുവടുകൂടി മുന്നിലെത്തിയതായും തങ്ങളുടെ തൊട്ടടുത്ത ഏതിരാളികളേക്കാള്‍ ഇവര്‍ നേട്ടം കൈവരിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു.

അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളി

മുന്‍കാലങ്ങളില്‍ വീട്ടുവളപ്പില്‍ നിന്നു ലഭിച്ചിരുന്ന ഭക്ഷ്യയോഗ്യമായ മിക്ക വസ്തുക്കളും ഇപ്പോള്‍ പായ്ക്കറ്റ് രൂപത്തില്‍ കടകളില്‍ ലഭിക്കുന്ന കാലമാണ്. പായ്ക്കറ്റുകളിലാണ് ഇന്ന് ഇഷ്ട വസ്തുക്കളുടെ രുചി പോലും നാം മനസിലാക്കുന്നത്. ഫഌറ്റ് സംസ്‌കാരം ജനങ്ങളെ കൂടുതല്‍ പര്‍ച്ചേസ് മനോഭാവത്തിലേക്കു നയിക്കുമ്പോള്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അല്‍പ്പം പണം കൂടുതല്‍ മുടക്കാനും മലയാളികള്‍ തയാറാകുന്നുണ്ട്. വില അല്‍പ്പം കൂടിയാലും ഗുണമേന്മയ്ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനുദാഹരണമാണ് ഹിമാലയ ഉല്‍പ്പന്നങ്ങളുടെ കേരളത്തിലെ വളര്‍ച്ച. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി സൗന്ദര്യബോധം സ്ത്രീകള്‍ക്ക് മാത്രം അവകാശപ്പെട്ട ഒന്നല്ല, മറിച്ച് ന്യൂജെന്‍ പുരുഷന്‍മാരും ഇന്ന് ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കളാണ്. ബെംഗളുരൂ ആസ്ഥാനമായ ഹിമാലയ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സുഗന്ധംകൊണ്ടും ഗുണമേന്മയുടെ മികവിലും കേരളത്തിലെ ജനങ്ങള്‍ നെഞ്ചേറ്റിക്കഴിഞ്ഞിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ പരീക്ഷിച്ചറിഞ്ഞശേഷമുള്ള മൗത്ത് പബ്ലിസിറ്റിയിലൂടെയും ഇത്തരം ഉല്‍പ്പന്നങ്ങളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു. താങ്ങാനാവുന്ന വില, ഫ്രഷ്‌നസ്, സുഗന്ധം എന്നിവയാണ് തങ്ങളെ ഹിമാലയ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് നിരവധി ഉപഭോക്താക്കള്‍ പറയുന്നു.

ഇന്ത്യയുടെ രുചി ( the taste od india) എന്ന ടാഗ്‌ലൈനില്‍ കാലങ്ങളായി ജനമനസില്‍ ചിരപ്രതിഷ്ട നേടിയ അമുല്‍ ബ്രാന്‍ഡ് ഇന്നും മലയാളികള്‍ക്ക് മറക്കാനോ ഒഴിവാക്കാനോ പറ്റുന്ന ഒന്നല്ല. ഇതോടൊപ്പം തന്നെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ലെ അഗ്രോ ഇന്ത്യയുടെ ഫ്രൂട്ടിയും അവരുടെ അന്തര്‍ദേശീയ എതിരാളികളുമായി കനത്ത മത്സരം നേരിടുമ്പോഴും മലയാളികളുടെ പ്രിയ ഉല്‍പ്പന്നമായി തുടരുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. അധികം വൈകാതെ തന്നെ പല ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്ന പാശ്ചാത്യ ഉല്‍പ്പന്നങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് വ്യക്തമായി പറയാനാകുമെന്ന് ട്രൂ കോഡ് മാനേജിംഗ് ഡയറക്റ്റര്‍ ലൂയിസ് ഐസക് പറയുന്നു.

ഉപഭോക്താക്കളെ അറിയാന്‍ -സാമ്പിള്‍ സര്‍വേ

ട്രൂ കോഡ് നടത്തിയ ഉപഭോക്തൃ അനുഭവ പഠനവുമായി ബന്ധപ്പെട്ട് ഉല്‍പ്പന്നങ്ങളുടെ സാമ്പിള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ബ്രാന്‍ഡിന്റെ പേര് വെളിപ്പെടുത്താതെയാണ് കേരളത്തിലെമ്പാടും സാമ്പിള്‍ സര്‍വേ നടത്തിയത്. ഒരു ഉല്‍പ്പന്നം വാങ്ങുന്നതില്‍ ഉപഭോക്താക്കള്‍ കാണിക്കുന്ന ബുദ്ധിപരവും വൈകാരികവും ഭൗതികപരവുമായ ഗുണങ്ങള്‍ കൃത്യമായി മനസിലാക്കുകയെന്നതായിരുന്നു ഈ സര്‍വേയിലൂടെ ട്രൂ കോഡ് ലക്ഷ്യമിട്ടത്.

രാജഗിരി ബിസിനസ് സ്‌കൂളില്‍ നിന്നും അടുത്തിടെ പഠനംപൂര്‍ത്തിയാക്കിയ ലൂയിസ് ഐസക്, അഭിനവ് കെ ആര്‍ എന്നിവരാണ് ട്രൂ കോഡ് എന്ന സ്റ്റാര്‍ട്ടപ്പിന് നേതൃത്വം നല്‍കുന്നത്. യുബര്‍, എമ്മ (ഡല്‍ഹി), ടെലികോം കമ്പനികള്‍ക്കും വിശ്വസനീയവും സമഗ്രവുമായ ഡാറ്റ നല്‍കിക്കൊണ്ട് ബിസിനസ് തുടങ്ങിയ ട്രൂ കോഡ് നിലവില്‍ നടത്തിയ ഉപഭോക്തൃ സര്‍വേയിലൂടെ എഫ്എംസിജി മേഖലയിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ്.
പ്രദേശിക സംരംഭങ്ങള്‍ക്കും വിവിധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അണിനിരത്തുന്നവര്‍ക്കും കേരളീയരുടെ സ്വദേശി സ്‌നേഹം കൂടുതല്‍ പ്രചോദനമാകുമെന്നുറപ്പ്. ഗുണമേന്മയുള്ളതും വ്യത്യസ്ത നിറഞ്ഞതുമായ ഉല്‍പ്പന്നങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കുമെന്നും പാശ്ചാത്യ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നും കേരളീയരുടെ സ്വദേശി സ്‌നേഹം അരക്കിട്ടുറപ്പിക്കുന്നു.

Comments

comments

Categories: FK Special, Slider