രണ്ടാം പാദത്തിലും സൗദിയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഇടിവ്

രണ്ടാം പാദത്തിലും സൗദിയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഇടിവ്

രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിനേക്കാള്‍ ഒരു ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്

റിയാദ്: രണ്ടാം പാദത്തിലും മോശം പ്രകടനം കാഴ്ചവെച്ച് സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ. എണ്ണ വിലയിലെ ഇടിവ് തുടരുന്നതും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയതോടെ ബിസിനസുകള്‍ പ്രതിസന്ധിയിലായതുമാണ് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായത്. രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിനേക്കാള്‍ 1 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നതെന്ന് ഗവണ്‍മെന്റ് പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങളില്‍ പറയുന്നു.

എന്നാല്‍ ആദ്യ പാദത്തേക്കാള്‍ മികച്ച പ്രകടനമാണ് ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ സൗദി കാഴ്ചവെച്ചത്. ജിഡിപി 0.9 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. 2017 ന്റെ ആദ്യമൂന്ന് മാസങ്ങളില്‍ ഇത് 0.5 ശതമാനമായിരുന്നു. 2014 ലെ എണ്ണയുടെ ഏറ്റവും ഉയര്‍ന്ന നിരക്കിന്റെ ഏകദേശം പകുതിയില്‍ വില നില്‍ക്കുന്ന സാഹചര്യത്തിലാണ് സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ പരിഷ്‌കരണം കൊണ്ടുവരുന്നത്. എണ്ണ വിപണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതിസന്ധിയിലാക്കി.

ആദ്യ പാദത്തേക്കാള്‍ മികച്ച പ്രകടനമാണ് ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ സൗദി കാഴ്ചവെച്ചത്. ജിഡിപി 0.9 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. 2017 ന്റെ ആദ്യമൂന്ന് മാസങ്ങളില്‍ ഇത് 0.5 ശതമാനമായിരുന്നു

സൗദിയുടെ ഓയില്‍ ജിഡിപിയില്‍ 1.8 ശതമാനത്തിന്റെ ഇടിവാണ് രണ്ടാം പാദത്തിലുണ്ടായിരിക്കുന്നത്. എണ്ണ ഇതര വ്യവസായത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഈ മേഖലയില്‍ ഇപ്പോഴും പ്രതിസന്ധി തുടരുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന എണ്ണ ഇതര മേഖലയുടെ ജിഡിപിയില്‍ ഒരു ശതമാനത്തില്‍ താഴെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഗവണ്‍മെന്റ് മേഖലയാണ് എണ്ണ ഇതര ജിഡിപിയിലേക്ക് കൂടുതല്‍ സംഭാവന ചെയ്തത്.

എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ സ്തംഭനാവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അബുദാബി കൊമേഷ്യല്‍ ബാങ്കിന്റെ പ്രധാന സാമ്പത്തിക വിദഗ്ധനായ മോണിക മാലിക് പറഞ്ഞു. ഗവണ്‍മെന്റ് ജീവനക്കാരുടെ ബോണസും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനം പിന്‍വലിച്ചതിന് ശേഷവും ഡിമാന്‍ഡില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നില്ലെന്നാണ് രണ്ടാം പ്ദത്തിലെ കണക്കുകളിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ വ്യക്തമാക്കി.

എണ്ണ ഇതര ജിഡിപിയില്‍ സ്വകാര്യ മേഖല പ്രവര്‍ത്തനങ്ങളില്‍ 0.4 ശതമാനത്തിന്റെ വര്‍ധനവുണ്ടായത്. ആദ്യ പാദത്തില്‍ ഇത് 0.9 ശതമാനമായിരുന്നു. ഗവണ്‍മെന്റ് മേഖലയില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവുണ്ടായി. എന്നാല്‍ ആദ്യ പാദത്തില്‍ മൂന്ന് ശതമാനത്തിലേക്ക് കുതിച്ച നിര്‍മാണ വ്യവസായം രണ്ടാം പാദത്തില്‍ പകുതിയായി (1.6 ശതമാനം) കുറഞ്ഞു. പെട്രോളിയം ശുദ്ധീകരണത്തില്‍ 5.8 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

Comments

comments

Categories: Arabia