മണ്‍സൂണ്‍ മഴ പ്രതീക്ഷിച്ചതിലും താഴെയെന്ന് ഐഎംഡി

മണ്‍സൂണ്‍ മഴ പ്രതീക്ഷിച്ചതിലും താഴെയെന്ന് ഐഎംഡി

ന്യൂഡെല്‍ഹി: രാജ്യത്തെ ഇത്തവണത്തെ വാര്‍ഷിക മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ താഴെയും പ്രതീക്ഷിച്ചതിനേക്കാള്‍ കുറവുമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി). ചില മധ്യ, വടക്കന്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശ്യത്തിന് വേണ്ടുന്ന മഴ ലഭിച്ചില്ലെന്നും ഐഎംഡി വിലയിരുത്തുന്നു.

ഐഎംഡിയുടെ 98 ശതമാനമെന്ന പ്രതീക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ കാലവര്‍ഷം ദീര്‍ഘകാല ശരാശരിയുടെ 95 ശതമാനം മാത്രമേ എത്തിയുള്ളു. തുടര്‍ച്ചയായ നാലം വര്‍ഷമാണ് ഐഎംഡിയുടെ കണക്കുകൂട്ടലിനെ ഇന്ത്യന്‍ മണ്‍സൂണ്‍ തെറ്റിക്കുന്നത്.

രാജ്യത്തെ വര്‍ഷപാതത്തിന്റെ 70 ശതമാനം സംഭാവന ചെയ്യുന്ന മണ്‍സൂണ്‍ സീസണ്‍ കാര്‍ഷിക മേഖലയക്ക് നിര്‍ണായകമാണ്. ഇന്ത്യയുടെ 2 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയുടെ 15 ശതമാനവും കാര്‍ഷിക മേഖലയാണ് നല്‍കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയിലധികവും തൊഴില്‍ ചെയ്യുന്നതും കാര്‍ഷിക മേഖലയിലാണ്.

എണ്ണക്കുരുക്കളും പയര്‍വര്‍ഗങ്ങളും കൃഷി ചെയ്യുന്ന മധ്യപ്രദേശിലും അരി കൃഷി നടത്തുന്ന വടക്കന്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കുറഞ്ഞ മഴയാണ് ലഭിച്ചത്. മഴ ലഭ്യതയിലെ കുറവ് മൂലം അരിയുടെ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2 ശതമാനം കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്. സോയാബീന്‍ ഉല്‍പ്പാദനം 8 ശതമാനം കുറയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

2008 മുതല്‍ ഐഎംഡി നടത്തിയ പ്രവചനങ്ങളില്‍ ഏറ്റവും കൃത്യതയുള്ളതായിരുന്നു 2017 ലെ പ്രവചനം. പ്രവചനവും ശരാശരി മഴയും തമ്മില്‍ 1 ശതമാനത്തിന്റെ മാത്രം വ്യത്യാസമേ ഉണ്ടായുള്ളു.

Comments

comments

Categories: More