വിദേശ സര്‍വീസ് മേയില്‍ തുടങ്ങാന്‍ വിസ്താര

വിദേശ സര്‍വീസ് മേയില്‍ തുടങ്ങാന്‍ വിസ്താര

എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നിവയാണ് നിലവില്‍ വിദേശത്തേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍

ന്യൂഡെല്‍ഹി: ടാറ്റ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത വിമാനക്കമ്പനിയായ വിസ്താര അടുത്ത മേയില്‍ അന്താരാഷ്ട്ര സേവനം ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടി. വിദേശത്ത് സര്‍വീസ് നടത്തുന്നതിന് 20 വിമാനങ്ങളെങ്കിലും വേണം. ഈ മാനദണ്ഡം പാലിക്കാന്‍ പാകത്തില്‍ വിമാനങ്ങളുടെ എണ്ണം യഥാസമയം ഉയര്‍ത്താനാവുമെന്നാണ് വിസ്താരയുടെ പ്രതീക്ഷ.
പുതിയ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്ന നടപടികള്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. അടുത്ത മാര്‍ച്ചോടെ 20ാമത്തെ വിമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതു കൂടാതെ രണ്ട് എയര്‍ബസ് എ 320 കള്‍ ലീസിന് എടുക്കുന്നുമുണ്ട്. അവ ജൂണില്‍ കമ്പനിയുടെ പക്കലെത്തും- വിസ്താര അറിയിച്ചു.

വിദേശ സര്‍വീസിന്റെ ആദ്യ വര്‍ഷം എയര്‍ബസ് എ320 വിമാനമായിരിക്കും കമ്പനി ഉപയോഗിക്കുക

എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നിവയാണ് നിലവില്‍ വിദേശത്തേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍. യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലേയും 50 ഇടങ്ങളിലേക്കുള്ള പറക്കലുകളാണ് വിസ്താരയുടെ ഉന്നമെന്നറിയുന്നു. വിദേശ സര്‍വീസിന്റെ ആദ്യ വര്‍ഷം എയര്‍ബസ് എ320 വിമാനമായിരിക്കും കമ്പനി ഉപയോഗിക്കുക. ഇന്ത്യയില്‍ നിന്ന് നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന ലക്ഷ്യസ്ഥാനങ്ങളെ ഈ ഘട്ടത്തില്‍ വിസ്താര പരസ്പ്പരം ബന്ധിപ്പിക്കുമെന്നും ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വിദേശ സര്‍വീസിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഡിജിസിഎ (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍)യുടെ അംഗീകാരമെന്ന കടമ്പയും വിസ്താരയ്ക്ക് മുന്നിലുണ്ട്. നടപടികള്‍ അനുകൂലമായാല്‍ നിബന്ധന ഇളവിനുശേഷം വിദേശ സര്‍വീസിന് അനുമതി നേടിയെടുക്കുന്ന ആദ്യ എയര്‍ലൈനായും വിസ്താര മാറും. 20 വിമാനങ്ങളും അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയവും ഉള്ള കമ്പനികള്‍ക്ക് മാത്രമേ നേരത്തെ വിദേശ സേവനത്തിന് അനുവാദം നല്‍കുമായിരുന്നുള്ളു. എന്നാല്‍ അഞ്ചുവര്‍ഷം ആഭ്യന്തര വ്യോമയാന രംഗത്തെ സേവന പരിചയമെന്ന നിബന്ധന 2016 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തു നീക്കിയിരുന്നു.

Comments

comments

Categories: Business & Economy