ഇന്ത്യയില്‍ ഒരു ബോട്ടില്‍ വെള്ളത്തിന് 65ലക്ഷം

ഇന്ത്യയില്‍ ഒരു ബോട്ടില്‍ വെള്ളത്തിന് 65ലക്ഷം

65 ലക്ഷം രൂപ വിലമതിക്കുന്ന ബോട്ടിലില്‍ മൊത്തത്തില്‍ 14 കാരറ്റോളം വരുന്ന ഡയമണ്ടുകളാണ് പതിച്ചിരിക്കുന്നത്. ഇത്രയധികം തുക മുടക്കി വെള്ളം വാങ്ങാന്‍ കഴിയാത്തവര്‍ക്കായി 500മി.ലി. ബോട്ടില്‍ 100 രൂപ വിലയിലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്

ഇന്ത്യയില്‍ അടുത്തിടെ വിപണിയിലെത്തുന്ന ഏറ്റവും ആഡംബരപൂര്‍ണമായ ഉല്‍പ്പന്നം ഏതെന്നറിയാമോ? വെള്ളം തന്നെ. 65 ലക്ഷം രൂപ വില മതിക്കുന്ന കുപ്പിവെള്ളമാണ് ഇന്ത്യന്‍ വിപണിയിലെത്താന്‍ തയാറെടുക്കുന്നത്. വെള്ളത്തിന് എന്താണിത്ര വിലയെന്നു അത്ഭുതപ്പെടേണ്ട, കുപ്പിയില്‍ ഡയമണ്ടുണ്ട്. 800ല്‍പരം ഡയമണ്ടുകള്‍.

ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് ഇത്രയധികം വിലയുള്ള കുപ്പിവെള്ളം വിപണിയിലേക്കെത്തുന്നത്. ഇന്ത്യയില്‍ അംബാനി സഹോദരന്‍മാരെപ്പോലെ കോടീശ്വരന്‍മാര്‍ക്കു വേണ്ടി മാത്രമാണോ ഈ പുതിയ ആഡംബര കുപ്പിവെള്ളം ഇറങ്ങുന്നതെന്നാണ് ഏവര്‍ക്കും സംശയം. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ബെവര്‍ലി ഹില്‍സ് ഡ്രിങ്ക് കമ്പനിയാണ് അവരുടെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ബെവര്‍ലി ഹില്‍സ് 9OH2O എന്ന പേരില്‍ പുറത്തിറക്കിയ കുപ്പിവെള്ളത്തിനായി 5000 അടി ഉയരത്തിലുള്ള തെക്കന്‍ കാലിഫോര്‍ണിയ മലനിരകളില്‍ നിന്നുള്ള ജലമാണ് ഇതിനായി ശേഖരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

കുപ്പിവെള്ളത്തിന്റെ രുചിക്ക് പുതിയ വിശകലനം നല്‍കിയാണ് ബെവര്‍ലെ തങ്ങളുടെ പുതിയ ഉല്‍പ്പന്നം ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ബെവര്‍ലെ ഹില്‍സിന്റെ 9OH2O രുചി മിനുസമാര്‍ന്ന സില്‍ക്കു പോലെയാണെന്നും അവിശ്വസനീയവും മൃദുലതയാര്‍ന്നതുമാണെന്ന് ബെവര്‍ലെ ഹില്‍സ് ഡ്രിങ്ക് കമ്പനിയുടെ സഹസ്ഥാപകനും പ്രസിഡന്റുമായ ജോണ്‍ ഗ്ലക്ക് പറയുന്നു. ” ഞങ്ങളുടെ ഉപഭോക്താക്കള്‍ വെള്ളം ഏറെ ഇഷ്ടപ്പെടുന്നവരാണ്, ആരോഗ്യബോധമുള്ളവരും ആഡംബര പ്രിയരുമാണ്. അവര്‍ മദ്യം കഴിക്കാത്തവരാണ് എന്നതാണ് ഏറ്റവും രസകരമായ വസ്തുത,” ഗ്ലക്ക് പറഞ്ഞു.

ഇന്ത്യയിലെ മുന്‍നിര ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സോഴ്‌സായ മണി കണ്‍ട്രോളിന്റെ അഭിപ്രായത്തില്‍ ഈ പുതിയ കുപ്പിവെള്ളത്തിന്റെ ബോട്ടില്‍ രൂപകല്പന ചെയ്തിരിക്കുന്നത് പ്രഗല്‍ഭനായ ഒരു ജൂവലറാണ്. മാത്രമല്ല കുപ്പിയുടെ സ്വര്‍ണ്ണ മേല്‍മൂടിയില്‍ 600 G/vs വെള്ള ഡയമണ്ടുകളും 250 കറുത്ത ഡയമണ്ടുകളും ഘടിപ്പിച്ചിട്ടുണ്ട്. മൊത്തത്തില്‍ 14 കാരറ്റാണ് ഈ ആഡംബര കുപ്പിയില്‍ ഒരുക്കിയിട്ടുള്ളത്. 65 ലക്ഷം മുടക്കി കുപ്പിവെള്ളം വാങ്ങാന്‍ കഴിയാത്തവര്‍ക്കായി 500മി.ലി. ബോട്ടില്‍ 100 രൂപ വിലയില്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Comments

comments

Categories: FK Special, Slider