ചൈനയില്‍ വാട്ട്‌സ് ആപ്പ് നിരോധിച്ചു

ചൈനയില്‍ വാട്ട്‌സ് ആപ്പ് നിരോധിച്ചു

ചൈനയില്‍ വാട്ട്‌സ് ആപ്പ് നിരോധിച്ചു. അടുത്ത മാസം 18-നു ബീജിംഗില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വാട്ട്‌സ് ആപ്പ് നിരോധിച്ചതിന് പ്രാധാന്യമേറെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷമാദ്യം ചൈനയില്‍ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. ഈ തടസം മാറിയെങ്കിലും ഞായറാഴ്ച മുതല്‍ വീണ്ടും പ്രശ്‌നം ആരംഭിക്കുകയായിരുന്നു. വാട്ട്‌സ് ആപ്പ് വോയ്‌സ് മെസേജ്, ഫോട്ടോ എന്നിവയ്ക്കാണ് ഇപ്പോള്‍ തടസം നേരിടുന്നത്.

മറ്റുള്ളവര്‍ക്കു മനസിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്ന എന്‍ക്രിപ്ഷന്‍ ടെക്‌നോളജി വാട്ട്‌സ് ആപ്പിനുണ്ടെന്നതാണു ചൈനീസ് ഭരണകൂടത്തെ അലോസരപ്പെടുത്തിയിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. സൈബര്‍ സ്‌പേസില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന രാജ്യം കൂടിയാണു ചൈന. അതേസമയം സ്‌കൈപ്പ്, ആപ്പിളിന്റെ ഫേസ് ടൈം തുടങ്ങിയ സേവനങ്ങള്‍ക്കു ചൈനയില്‍ യാതൊരു തടസവുമില്ല. ഇവ പക്ഷേ ശക്തമായ എന്‍ക്രിപ്ഷന്‍ ടെക്‌നോളജി ഫീച്ചറുകളില്ലാത്തവയാണ്.

യൂസര്‍ ഡേറ്റ രാജ്യത്തിനകത്തു തന്നെ സംഭരിക്കാനും അനുവദനീയമായ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതുള്‍പ്പെടെ ഈ വര്‍ഷം മുതല്‍ ചൈന, ഓണ്‍ലൈന്‍ നിരീക്ഷണം ശക്തമായി നടപ്പിലാക്കുന്നുണ്ട്. സമീപകാലത്തു അശ്ലീലപരവും അക്രമപരവും ഉള്‍പ്പെടെ നിരോധിക്കപ്പെട്ട വസ്തുക്കള്‍ പ്രസിദ്ധപ്പെടുത്തിയതിനു ചൈനയിലെ ടെക് ഭീമന്മാരായ ബയ്ദു, ടെന്‍സെന്റ് തുടങ്ങിയവര്‍ക്കു കനത്ത ശിക്ഷ വിധിച്ചിരുന്നു. പിഴയായി ഒടുക്കേണ്ട തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടുമില്ല.

Comments

comments

Categories: FK Special