സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും സ്റ്റിയറിംഗ് പിടിക്കാം

സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും സ്റ്റിയറിംഗ് പിടിക്കാം

അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുമെന്ന് രാജകീയ ഉത്തരവിനെ ഉദ്ധരിച്ചുകൊണ്ട് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിലുള്ള നിരോധനം നീക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുമെന്ന് രാജകീയ ഉത്തരവിനെ ഉദ്ധരിച്ചുകൊണ്ട് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏകരാജ്യം എന്ന ദുഷ്‌പേരില്‍ നിന്ന് ഒഴിവാകാന്‍ നിരോധനം നീക്കുന്നതോടെ സൗദിക്ക് സാധിക്കും.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനെക്കുറിച്ച് വിലയിരുത്താനായി വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള കമ്മറ്റികള്‍ രൂപീകരിച്ചു. വിഷയം പഠിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എസ്പിഎ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എണ്ണ കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിനായി ഗവണ്‍മെന്റ് നിരവധി സാമ്പത്തിക ആധുനികവല്‍ക്കരണ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ സാമൂഹിക ഉന്നമനത്തിലൂടെ മാത്രമേ ഇത് സാധ്യമാകുകയൊള്ളൂവെന്ന വിലയിരുത്തലാണ് ചരിത്രപരമായ തീരുമാനത്തിന് വഴിവെച്ചത്.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏകരാജ്യം എന്ന ദുഷ്‌പേരില്‍ നിന്ന് ഒഴിവാകാന്‍ നിരോധനം നീക്കുന്നതോടെ സൗദിക്ക് സാധിക്കും

സൗദി ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്കെതിരേ കടുത്ത ലിംഗവിവേചനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സ്ത്രീകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരേ രാജ്യത്തു നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം രംഗത്തുവരാറുണ്ട്. റോഡുകള്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയത് മാത്രമല്ല വിദേശത്തേക്ക് യാത്ര ചെയ്യാനും വിവാഹം കഴിക്കാനും സൗദിയിലെ സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതിവേണം.

പരിഷ്‌കരണ പദ്ധതികളുടെ രൂപകര്‍ത്താവായ കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാന്‍ രാജ്യത്തെ ശക്തമായ മത വ്യവസ്ഥിതികളെ മറികടക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച രാജ്യത്തിന്റെ ദേശീയ ദിനത്തില്‍ രാജ്യത്തിന്റെ ആഘോഷപരിപാടികള്‍ കാണാനുള്ള അനുവാദം സ്ത്രീകള്‍ക്ക് നല്‍കിക്കൊണ്ട് നിയമത്തില്‍ ഇളവ് വരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രിന്‍സ് മുഹമ്മദ് സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയില്‍ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയ സൗദിയുടെ നടപടിയെ യുഎസ് സ്വാഗതം ചെയ്തു. ശരിയായ ദിശയിലേക്കുള്ള ചുവടുവയ്‌പ്പെന്നാണ് തീരുമാനത്തെ മിഡില്‍ ഈസ്റ്റ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നൗററ്റ് വിലയിരുത്തിയത്. നിരോധനം നീക്കണം എന്നാവശ്യപ്പെട്ട് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്.

Comments

comments

Categories: Arabia