ഏകാംഗ ജീവിതം നയിക്കുന്ന പോണ്‍സോ എന്ന ആള്‍ക്കുരങ്ങ്

ഏകാംഗ ജീവിതം നയിക്കുന്ന പോണ്‍സോ എന്ന ആള്‍ക്കുരങ്ങ്

ഒരു ആള്‍ക്കുരങ്ങാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. പോണ്‍സോ എന്നു പേരുള്ള ചിമ്പാന്‍സിയുടെ ജീവന്‍ നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കുകയാണ്. ലോകത്തില്‍ ഏകാംഗ വാസം നയിക്കുന്ന ഒരേയൊരു ചിമ്പാന്‍സിയെന്ന പ്രത്യേകതയും പോണ്‍സോയ്ക്കുണ്ട്.

ഐവറി കോസ്റ്റ് എന്ന പശ്ചിമ ആഫ്രിക്കന്‍ രാജ്യത്തു പോണ്‍സോ എന്ന ചിമ്പാന്‍സിയെ അഥവാ ആള്‍ക്കുരങ്ങിന്റെ ജീവന്‍ നിലനിര്‍ത്താനും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. ഐവറി കോസ്റ്റില്‍ അവശേഷിക്കുന്ന ഒരേയൊരു ചിമ്പാന്‍സിയാണു പോണ്‍സോ. ഇവിടെ രണ്ട് ദശാബ്ദത്തിനിടയില്‍ ചിമ്പാന്‍സികളുടെ സംഖ്യയില്‍ 90 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. മൂന്ന് വര്‍ഷമായി ഏകാംഗ വാസം നയിക്കുകയാണു പോണ്‍സോ. ഐവറി കോസ്റ്റിന്റെ സാമ്പത്തിക തലസ്ഥാനമായ അബിദ്ജാനില്‍നിന്നും 100 കിലോമീറ്റര്‍ അകലെ സമുദ്രവും നദിയും ചേരുന്ന ബന്ദ്മാന്‍ എന്ന പ്രദേശത്തുള്ള ചിമ്പാന്‍സി ഐലന്‍ഡിലാണു പോണ്‍സോ വസിക്കുന്നത്.

1983-ല്‍ ഹെപ്പൈറ്ററ്റിസ് രോഗാവസ്ഥയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായി, ന്യൂയോര്‍ക്ക് ബ്ലഡ് സെന്ററിന്റെ നേതൃത്വത്തില്‍ മന്‍ഹട്ടന്‍ ബ്ലഡ് ബാങ്കിനു വേണ്ടി ലൈബേരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പരീക്ഷണങ്ങള്‍ക്കു വിധേയരായ 20 ചിമ്പാന്‍സികളില്‍ ഒരാളായിരുന്നു പോണ്‍സോ. ഏഴ് മുതല്‍ 11 വരെ പ്രായത്തിനിടയിലുള്ളവരായിരുന്നു ഈ 20 ചിമ്പാന്‍സികള്‍. ഇവരില്‍ ഇപ്പോള്‍ പോണ്‍സോ മാത്രമാണ് അവശേഷിക്കുന്നത്. വനാന്തരങ്ങളില്‍നിന്നുമാണു ചിമ്പാന്‍സികളെ ഗവേഷക സംഘം പിടികൂടിയത്. തുടര്‍ന്ന് അവയുടെ കഴുത്ത് ചങ്ങലകളാല്‍ ബന്ധിച്ചു. ബയോപ്‌സി, അനസ്‌തേഷ്യ പോലുള്ള നിരവധിയായ പരീക്ഷണങ്ങള്‍ക്കു ഇവറ്റകളെ വിധേയരാക്കി. എത്രയോ വേദനാജനകമായ രാവുകളും പകലുകളും ഈ മിണ്ടാപ്രാണികള്‍ തള്ളി നീക്കി കാണും. പരീക്ഷണങ്ങള്‍ പുരോഗമിക്കവേ, ഒരു ചിമ്പാന്‍സിക്ക് ഇതിനിടെ ഒരു കണ്ണ് നഷ്ടപ്പെടുകയുണ്ടായി. പരീക്ഷണങ്ങള്‍ നടത്തിയിരുന്നത് ലൈബീരിയയ്ക്കു സമീപമുള്ള തരിശായ സ്ഥലത്തായിരുന്നു. പരീക്ഷണങ്ങള്‍ക്കു വിധേയരായ 20 ചിമ്പാന്‍സികളില്‍ 11 പേര്‍ ഒരു വര്‍ഷം തികയും മുമ്പേ മരണപ്പെട്ടു. എങ്കിലും പരീക്ഷണങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫണ്ട് നിറുത്തലാക്കുന്നതു വരെ ചിമ്പാന്‍സികളെ പരീക്ഷണങ്ങള്‍ക്കു വിധേയരാക്കിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

1983-ല്‍ ഹെപ്പൈറ്ററ്റിസ് രോഗാവസ്ഥയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായി 20 ചിമ്പാന്‍സികളെ വിധേയരാക്കി. ഇവരില്‍ ആകെ അവശേഷിക്കുന്നത് പോണ്‍സോ എന്ന ചിമ്പാന്‍സിയാണ്. ഏകാംഗവാസം നയിക്കുന്ന പോണ്‍സോയുടെ ക്ഷേമത്തിനായി ആഗോളതലത്തില്‍ വന്‍ പ്രചാരണങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പോണ്‍സോ എന്ന ചിമ്പാന്‍സിയുടെ ഇണയും രണ്ട് സന്തതികളും രണ്ട് വര്‍ഷം മുന്‍പു അജ്ഞാത കാരണങ്ങളാല്‍ മരണപ്പെട്ടു. ഇതോടെ പോണ്‍സോ ഒറ്റപ്പെട്ട നിലയിലുമായി. 2015 മുതല്‍ പോണ്‍സോയെ പരിപാലിക്കാനായി ഒരു സംഘടന രൂപീകരിച്ചു. Les Amis de Ponso എന്നാണു സംഘടനയുടെ പേര്. പോണ്‍സോയുടെ സുഹൃത്തുക്കള്‍ എന്നാണ് ഈ പേരിന് അര്‍ഥം. ഈ സംഘടന, പോണ്‍സോയ്ക്കു ഭക്ഷണം ഉറപ്പാക്കുകയും, പരിപാലിക്കാന്‍ ഒരാളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ജെറമിയന്‍ നേമായ കൊയ്ജ എന്ന അറുപതുകാരനാണു പോണ്‍സോയുടെ പരിപാലക സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ഇദ്ദേഹം ഒരു കര്‍ഷകന്‍ കൂടിയാണ്. എല്ലാ ദിവസവും കൊയ്ജ, പോണ്‍സോയെ താമസിപ്പിച്ചിരിക്കുന്ന ദ്വീപിലേക്കു ഭക്ഷണവും മരുന്നുകളുമായി പോകും. പഴങ്ങളും വെള്ളവുമാണു പോണ്‍സോയ്ക്കായി കരുതുന്നത്. പിന്നീട് മണിക്കൂറുകളോളം ഇടപഴകും. അതിനു ശേഷമാണു തിരിക്കുന്നത്. പോണ്‍സോ തനിക്കു വീട്ടിലെ ഒരംഗത്തെ പോലെയാണെന്നു കൊയ്ജ പറയുന്നു. പോണ്‍സോയുമായി സൗഹൃദം പങ്കിട്ടു തിരിക്കുമ്പോള്‍ മറ്റൊരു ഗ്രഹത്തില്‍നിന്നും തിരിക്കുന്നതു പോലെയാണു തനിക്കു തോന്നിയിട്ടുള്ളതെന്നു കൊയ്ജ പറയുന്നു.

പോണ്‍സോയുടെ കരളലിയിപ്പിക്കും കഥ കേട്ടതിനെ തുടര്‍ന്ന് ഏകാംഗ വാസം അവസാനിപ്പിക്കാന്‍ ഏതാനും ചില എന്‍ജിഒകള്‍ രംഗത്തു വരികയുണ്ടായി. സാംബിയയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കു പോണ്‍സോയെ മാറ്റാമെന്ന തീരുമാനമാണ് അവരെടുത്തത്. എന്നാല്‍ ഈ തീരുമാനത്തെ ഐവറി കോസ്റ്റ് ഭരണാധികാരികള്‍ തള്ളിക്കളഞ്ഞു. കൈമാറാന്‍ സാധിക്കാത്ത വിധം ഐവറി കോസ്റ്റ് പൗരനായി പോണ്‍സോ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്.

പോണ്‍സോ നയിക്കുന്ന ഒറ്റപ്പെട്ട ജീവിതം നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ആഫ്രിക്കന്‍ പ്രിമറ്റോളജിക്കല്‍ സൊസൈറ്റി (എപിഎസ്) അവരുടെ ഈ വര്‍ഷം നടന്ന ആദ്യ കോണ്‍ഗ്രസില്‍ പോണ്‍സോയുടെ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ആഫ്രിക്കയില്‍ ആള്‍ക്കുരങ്ങ് പോലുള്ള ജീവജാലങ്ങള്‍ അപ്രത്യക്ഷമാകാന്‍ പോവുകയാണെന്നും ഈ ദുരന്തം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മാത്രമല്ല, മഡഗാസ്‌കറില്‍ വൈല്‍ഡ് ഐയ്ഡ് ലെമര്‍ എന്ന ഒരിനം കാട്ടുകുരങ്ങ് വംശനാശ ഭീഷണിയുടെ വക്കിലാണെന്നും സമ്മേളനം അറിയിക്കുകയുണ്ടായി. ഇതിനെതിരേ നടപടി ആവശ്യമാണെന്ന അഭിപ്രായമാണു പൊതുവേ ഉയര്‍ന്നുവന്നത്. അതോടൊപ്പം പോണ്‍സോയെ സംരക്ഷിക്കണമെന്നും പറ്റിയ ഒരു പങ്കാളിയെ കണ്ടെത്തണമെന്ന അഭിപ്രായവുമുണ്ടായി. 

Comments

comments

Categories: FK Special, Slider