4000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് പേടിഎം മാള്‍

4000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് പേടിഎം മാള്‍

ഇ കൊമേഴ്‌സ് വിപണിയില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കുന്നതിനാണ് പേടിഎം മാള്‍ ലക്ഷ്യമിടുന്നത്

ബെംഗളുരു: 3000-4000 കോടി രൂപ (460-610 മില്യണ്‍ ഡോളര്‍)യുടെ നിക്ഷേപ സമാഹരണം നടത്താന്‍ പേടിഎം മാള്‍ നീക്കം നടത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഘട്ട ഫണ്ടിംഗ് അവസാനിപ്പിക്കാനാണ് പേടിഎം മാള്‍ പദ്ധതിയിടുന്നതെന്നും ഇതിനായി ഏഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള സാമ്പത്തിക നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നുമാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേടിഎം മാളില്‍ ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ ആലിബാബയ്ക്കും, ആലിബാബാ ഗ്രൂപ്പിന്റെ ഭാഗമായ ആന്റ് ഫിനാന്‍ഷ്യലിനുമാണ് ഭൂരിപക്ഷ ഓഹരിയുടമസ്ഥത. ഇന്ത്യന്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടും, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണും ആധിപത്യം പുലര്‍ത്തുന്ന രാജ്യത്തെ ഇ കൊമേഴ്‌സ് വിപണിയില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കുന്നതിനാണ് പേടിഎം മാള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ഇ- കൊമേഴ്‌സ് മേഖലയില്‍ ആക്രമണോത്സുക മുന്നേറ്റത്തിനായി ഏറ്റെടുക്കലുകളും തന്ത്രപ്രധാന നിക്ഷേപങ്ങളുമാണ് ആലിബാബയും പേടിഎം മാളും നടത്തി വരുന്നത്. ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പായ ബിഗ്ബാസ്‌ക്കറ്റില്‍ 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് പേടിഎം മാളും ആലിബാബയും ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബിഗ്ബാസ്‌കറ്റുമായുള്ള ഇടപാട് ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. ഈ വര്‍ഷം ആദ്യം ആലിബാബ ഗ്രൂപ്പിന്‍ നിന്നും വെഞ്ച്വര്‍ ഫണ്ടായ സെയ്ഫ് പാര്‍ട്‌ണേഴ്‌സില്‍ നിന്നും 200 മില്യണ്‍ ഡോളര്‍ ധനസമാഹരണം പേടിഎമ്മിന്റെ ഇ- കൊമേഴ്‌സ് യൂണിറ്റായ പേടിഎം മാള്‍ നടത്തിയിരുന്നു.

അടുത്തിടെ നടന്ന അഞ്ച് ദിവസത്തെ ഉത്സവകാല വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് വ്യവസായത്തിന്റെ മൊത്തം വില്‍പ്പന 9,000 കോടി രൂപയിലെത്തിയെന്നാണ് കണക്കാക്കുന്നത്. പേടിഎം മാളിന്റെ നാലുദിവസം നീണ്ട ഉത്സവ വില്‍പ്പന ഇതിന്റെ 10 ശതമാനത്തില്‍ അഥവാ 900 കോടി രൂപയ്ക്ക് മുകളില്‍ എത്തിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പേടിഎം മാളിന്റെ വിപണിവിഹിതം ഇക്കാലയളവില്‍ ഇരട്ടിയായിട്ടുണ്ട്.

സെപ്റ്റംബര്‍-ഒക്‌റ്റോബര്‍ കാലയളവില്‍ വിപണനം, ക്യാഷ് ബാക്കുകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്കായി 1000 കോടി രൂപ ചെലവാക്കുമെന്നാണ് പേടിഎം മാള്‍ പ്രഖ്യാപിച്ചിരുന്നത്. ഉത്സവസീസണില്‍ മൊത്തമായി 3200 കോടി രൂപ (500 മില്യണ്‍) യുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. വര്‍ഷാവസാനത്തോടെ 4 ബില്യണ്‍ ഡോളറിന്റെ ജിഎംവി (മൊത്തം വാണിജ്യ മൂല്യം) കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഈ വര്‍ഷം ആരംഭം മുതല്‍ തങ്ങളുടെ ബിസിനസ് മല്‍സരക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പേടിഎം മാള്‍ സ്വീകരിച്ച് വരികയാണ്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈയില്‍ 85,000 വില്‍പ്പനക്കാരെ കമ്പനി നീക്കം ചെയ്തിരുന്നു. ലോജിസ്റ്റ്ക്‌സ് പങ്കാളികളില്‍ പകുതിയോളം പേരെയും ഒഴിവാക്കി. 1000 ബ്രാന്‍ഡ് സ്‌റ്റോറുകളും 15,000 ബ്രാന്‍ഡ് അംഗീകൃത റീട്ടെയ്‌ലര്‍മാരെയും ഇതിനകം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡെലിവറി വേഗം വര്‍ധിപ്പിക്കുന്നതിനായി ലോജിസ്റ്റ്ക്‌സ് നെറ്റ്‌വര്‍ക്കില്‍ നിക്ഷേപിക്കുന്നതിന് 35 മില്യണ്‍ ഡോളര്‍ കമ്പനി ഇതിനകം വകയിരുത്തിയിട്ടുണ്ട്.

പേടിഎം മാളിന്റെ ഒ2ഒ (ഓണ്‍ലൈന്‍-ടു- ഓഫ്‌ലൈന്‍ മോഡല്‍) വ്യവസായത്തില്‍ അവര്‍ക്ക് കൂടുതല്‍ പ്രേരണ നല്‍കുമെന്നാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് അവര്‍ക്ക് കൂടുതല്‍ വളപുന്നതിനുള്ള പ്രോത്സാഹനം നല്‍കുമെന്നാണ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy