മുത്തൂറ്റ് ഫിനാന്‍സിന് മൂന്നു പുതിയ ഡയറക്റ്റര്‍മാര്‍

മുത്തൂറ്റ് ഫിനാന്‍സിന് മൂന്നു പുതിയ ഡയറക്റ്റര്‍മാര്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ 20-ാം വാര്‍ഷിക പൊതുയോഗം മൂന്നു പുതിയ സ്വതന്ത്ര ഡയറക്റ്റര്‍മാരെ നിയമിച്ചു.പാട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് (റിട്ട.) ജേക്കബ് ബഞ്ചമിന്‍ കോശി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ പ്രതീപ് ചൗധരി, ചാട്ടേര്‍ഡ് അക്കൗണ്ടന്റും വ്യവസായിയുമായ ജോസ് മാത്യു എന്നിവരെയാണ് ഓഹരി ഉടമകള്‍ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പ്രമേയത്തിലൂടെ തെരഞ്ഞെടുത്തത്.

വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ബോര്‍ഡ് അംഗങ്ങളായതില്‍ സന്തോഷമുണ്ടെന്നും ഇവരുടെ അറിവും പരിചയവും മാര്‍ഗ നിര്‍ദേശങ്ങളും വൈദഗ്ധ്യവും കമ്പനിക്ക് നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ഇന്‍ഡയറക്റ്റ് ടാക്‌സേഷന്‍, ലേബര്‍, ഇന്‍ഡസ്ട്രിയല്‍ നിയമങ്ങള്‍ എന്നിവയില്‍ വിദഗ്ധനാണ് ജസ്റ്റിസ് ജേക്കബ് ബഞ്ചമിന്‍ കോശി. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്‌വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഓഫ് പാട്‌ന, അപലെറ്റ് ട്രിബ്യൂണല്‍ ഫോര്‍ ഫോര്‍ഫീറൈഡ് പ്രോപ്പര്‍ട്ടി, അപ്പ്‌ലെറ്റ് ട്രിബ്യൂണല്‍ അണ്ടര്‍ ദി പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്റ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങളും ജസ്റ്റിസ് കോശി വഹിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായും അഞ്ചു വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബാങ്കിംഗ് മേഖലയില്‍ 40 വര്‍ഷത്തെ പരിചയമുണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മുന്‍ ചെയര്‍മാനായിരുന്ന പ്രതീപ് ചൗധരിക്ക്. എസ്ബിഐ ഗ്ലോബല്‍ ഫാക്‌റ്റേഴ്‌സ് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തുടങ്ങിയ സ്ഥാപനങ്ങളിലും ചെയര്‍മാനായിരുന്നു. എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നിവിടങ്ങളില്‍ ഡയറക്റ്ററായിരുന്നു.

1977 മുതല്‍ ഐസിഎഐ അംഗമാണ് ചാട്ടേര്‍ഡ് അക്കൗണ്ടന്റായ ജോസ് മാത്യു. കേരളത്തിലെ വിവിധ സ്വകാര്യ കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ രൂപീകരിച്ച ആദ്യ ഉത്തരവാദിത്ത ടൂറിസം കമ്മിറ്റി അംഗമായിരുന്നു മാത്യൂസ്. 2015 മുതല്‍ കേരള ടൂറിസം ഉപദേശക സമിതി അംഗമാണ്. ടൂറിസം രംഗത്തെ വിവിധ ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 2013ല്‍ സുസ്ഥിര ടൂറിസത്തിനുള്ള സിഎന്‍ബിസി അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy