ആതിഥേയത്വത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സന്ദാരി

ആതിഥേയത്വത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സന്ദാരി

ബിസിനസില്‍ കേരളത്തിന്റെ സ്വന്തം ഐക്കണ്‍ ബ്രാന്‍ഡായ മുത്തൂറ്റ് കുടുംബത്തിന്റെ ഉള്‍ക്കാഴ്ചയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും മറ്റൊരു ഉദാഹരണമാണ് കോസ്റ്റാറിക്കയിലും ഇപ്പോള്‍ കേരളത്തിലും സുപരിചിതമായ സന്ദാരി റിസോര്‍ട്ട് ബ്രാന്‍ഡ്. ഹോസ്പിറ്റാലിറ്റി ടൂറിസം രംഗത്തെ വേറിട്ട സംരംഭമായ സന്ദാരി റിസോര്‍ട്ടിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും ഫ്യൂച്ചര്‍ കേരളയോട് പങ്കുവെക്കുകയാണ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് എം ജോര്‍ജ്

പ്രകൃതി സൗന്ദര്യത്തിന്റെ കളിത്തൊട്ടിലായ കോസ്റ്റാറിക്കയിലെ സ്വപ്‌ന തുല്യമായ സന്ദാരി റിസോര്‍ട്ട് ആന്റ് സ്പായില്‍ നിന്ന് പുറത്തെ മനംമയക്കുന്ന കാഴ്ചകളിലേക്ക് കണ്ണോടിക്കുന്ന ഒരു മലയാളി ചോദിച്ചുപോകും ഇതല്ലേ ദൈവത്തിന്റെ സ്വന്തം നാട്. മധ്യ അമേരിക്കയിലെ സാന്റാമരിയ വിമാനത്താവളത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 3900 അടി ഉയരത്തില്‍ കാപ്പിത്തോട്ടങ്ങളുടെ പച്ചപ്പിനിടയില്‍ പവിഴ മുത്തുപോലെ കിടക്കുന്ന 24 വില്ലകള്‍ ചേര്‍ന്നതാണ് ഈ റിസോര്‍ട്ട്. കേരളത്തില്‍ രണ്ടിടങ്ങളിലാണ് സന്ദാരി തങ്ങളുടെ മനോഹരമായ റിസോര്‍ട്ട് പണിതുയര്‍ത്തിയിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചിയില്‍ ആസ്പിന്‍വാള്‍ ഗോഡൗണില്‍ മുസിരിസ് ബിനാലെ വസന്തം വിരിയിച്ചതു പോലുള്ള മറ്റൊരു അത്ഭുതമാണ് മട്ടാഞ്ചേരി മാര്‍ക്കറ്റ് റോഡിലെ സ്‌പൈസ് ഗോഡൗണ്‍ രൂപാന്തരപ്പെടുത്തിയ സന്ദാരി ഹാര്‍ബര്‍ റിസോര്‍ട്ട്. ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായ മാരാരിക്കുളം ബീച്ചിന്റെ പ്രകൃതി സൗന്ദര്യത്തില്‍ ലയിച്ചു നില്‍ക്കുന്ന സന്ദാരി പേള്‍ റിസോര്‍ട്ടിലും കുട്ടനാടന്‍ കായല്‍ സൗന്ദര്യത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ക്കൊപ്പം ഒഴുകി നീങ്ങുന്ന സന്ദാരി ഹൗസ്‌ബോട്ടുകളിലുമിരിക്കുമ്പോള്‍ വിദേശികളും ചോദിച്ചു പോകും ഇതല്ലേ ശരിക്കും ദൈവത്തിന്റെ സ്വന്തം നാട്.

സന്ദാരി റിസോര്‍ട്ടിന്റെ തുടക്കം എവിടെ നിന്നാണ്?

സന്ദാരിയുടെ തുടക്കം കോസ്റ്റാറിക്കയിലാണ്. കോസ്റ്റാറിക്കന്‍ സെന്‍ട്രല്‍ വാലിയില്‍ ഫോറസ്റ്റ് റിസര്‍വിനോട് ചേര്‍ന്ന് 40 ഏക്കര്‍ എസ്റ്റേറ്റില്‍ ആര്‍ക്കിടെക്ട് ഷെറില്‍ ബ്രൗഡി രണ്ടു ദശാബ്ദം മുമ്പ് രൂപകല്‍പന ചെയ്തതാണ് സന്ദാരി റിസോര്‍ട്ട്. പിന്നീടാണ് ഇന്ത്യയിലേക്ക് കടക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. ഇവിടെ തുടക്കം കേരളത്തില്‍ നിന്നാണ്. ടൂറിസത്തെ പരമ്പരാഗത രീതിയില്‍ നോക്കിക്കാണാന്‍ മാത്രമല്ല ഞങ്ങള്‍ റിസോര്‍ട്ടുകള്‍ പണിയുന്നത് പാരമ്പര്യത്തനിമയുടെ സംരക്ഷണത്തിനാണ് പ്രാധാന്യം. മുറികള്‍ വില്‍ക്കുന്ന ബിസിനസല്ല, അനുഭവങ്ങള്‍ വില്‍ക്കുന്ന ബിസിനസാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആളുകള്‍ക്ക് അവിസ്മരണീയമായ ഓര്‍മ്മകള്‍ സമ്മാനിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ പ്രാദേശിക സമൂഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്് പ്രഥമപരിഗണന നല്‍കുന്നു. ഒരു പ്രദേശത്ത് പുതിയൊരു സംരംഭവുമായി ഇറങ്ങിച്ചെല്ലുന്നവരെ പലപ്പോഴും തങ്ങളുടെ പ്രകൃതിവിഭവങ്ങള്‍ അപഹരിക്കാന്‍ വന്ന ആളുകളായാണ് കാണാറുള്ളത്. എന്നാല്‍ ഞങ്ങള്‍ക്ക് തദ്ദേശീയരെ ശാക്തീകരിക്കാനാണ് താല്‍പര്യം. അവരെ നിര്‍മാണ രംഗത്തേക്കെത്തിച്ച് ആ ഉല്‍പ്പന്നങ്ങള്‍ വാങ്ങി അവരെ സംരംഭകരാക്കുക. സംരക്ഷണം എന്ന് പറയുമ്പോള്‍ ഒരു പ്രദേശത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും സംരക്ഷിക്കേണ്ടതുണ്ട്. ഓരോ സ്ഥലത്തേയും സംസ്‌കാരവും പ്രധാനമാണെന്ന ധാരണ ആളുകളിലേക്കെത്തണം. സംസ്‌കാരം കൈമോശം വന്ന ഒരുപാട് സ്ഥലങ്ങളുണ്ട്്. ഗോവ ഇതിന് ഉദാഹരണമാണ്. വിനോദസഞ്ചാരത്തിന്റെ തെറ്റായ ഘടകങ്ങള്‍ കടന്നുചെന്ന ഒരു സ്ഥലമാണത്. മൃഗങ്ങളെയും സസ്യങ്ങളെയും പൂനരിജ്ജീവിപ്പിക്കാന്‍ ഒരു പരിധിവരെ സാധിക്കും. പക്ഷേ ഒരു സ്ഥലത്തെ സംസ്‌കാരം ഇല്ലാതായാല്‍ അത് മടക്കികൊണ്ടുവരാന്‍ സാധിക്കില്ല. ഇത്തരത്തില്‍ വിപുലമായുള്ള സംരക്ഷണമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ആയിരത്തിലധികം മൈല്‍ യാത്ര ചെയ്താണ് പലരും കാഴ്ചകള്‍ക്കായി കേരളത്തിലേക്ക് എത്തുന്നത്. ഓര്‍മകള്‍ തിരിച്ചുകൊണ്ടുപോകാനാണ് അവര്‍ വരുന്നത്. അത് സാധ്യമാകുന്ന തരത്തിലുള്ള അനുഭവങ്ങള്‍ അവര്‍ക്ക് സമ്മാനിക്കാന്‍ നമുക്ക് കഴിയണം. അല്ലാത്തപക്ഷം മറ്റേതൊരു ടൂറിസ്റ്റ് കേന്ദ്രവും പോലെ മാത്രമേ അവര്‍ക്ക് തോന്നൂ. സംരക്ഷണത്തോട് ആളുകള്‍ക്കുള്ള കാഴ്ച്ചപ്പാടില്‍തന്നെ മാറ്റം വരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഹോസ്പിറ്റാലിറ്റി സെക്ടറിലേക്ക് വരുന്ന നിക്ഷേപങ്ങള്‍ക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സാധ്യമാകണം. നിലവിലെ സംവിധാനങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. അത് ആളുകള്‍ നിയമങ്ങള്‍ ലംഘിക്കുന്നതിലേക്കാണ് നയിക്കുന്നത്. മൂന്നാര്‍ പോലെയുള്ള സ്ഥലങ്ങളില്‍ സുസ്ഥിര വികസനമാണ് ഉണ്ടാവേണ്ടത്. ഒരു ഡെസ്റ്റിനേഷന്‍ പൂര്‍ണ്ണമായി അടച്ചുകളയുന്നത് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലേക്കാണ് എത്തിക്കുന്നത്.

ജോര്‍ജ്ജ് എം ജോര്‍ജ്ജ്

മാനേജിംഗ് ഡയറക്റ്റര്‍

സന്ദാരി റിസോര്‍ട്ട്‌സ്

ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് പ്രവേശിച്ചപ്പോള്‍ കോസ്റ്റാറിക്ക തെരഞ്ഞെടുക്കാന്‍ കാരണം?

കോസ്റ്റാറിക്ക പോയിരിക്കേണ്ട ഒരു സ്ഥലമാണ്. ഇക്കോ ടൂറിസം എന്ന ആശയത്തിന് തുടക്കം കുറിച്ച ആദ്യ സ്ഥലങ്ങളിലൊന്നാണ് കോസ്റ്റാറിക്ക. ഇന്നും പല ഗവേഷകര്‍ക്കും ഒരു ഗവേഷണശാലയാണ് ഇവിടം. പ്രകൃതിയെകുറിച്ച് പല പഠനങ്ങളും ഇവിടെ നടക്കുന്നു. നാഷണല്‍ ജിയോഗ്രഫിയുടെയൊക്കെ പ്രധാന ഹബ്ബുകളില്‍ ഒന്നാണ് കോസ്റ്റാറിക്ക. കേരളത്തിന്റെ ഒന്നരമടങ്ങോളമുള്ള സ്ഥലമാണെങ്കിലും ജനസംഖ്യ 4.86 മില്ല്യണ്‍ മാത്രം. അതായത് കൊച്ചിയുടെയും സമീപപ്രദേശങ്ങളുടെ ജനസംഖ്യയെക്കാള്‍ കുറവ്. കോസ്റ്റാറിക്കയില്‍ 40 ശതമാനത്തോളം സ്ഥലം സംരക്ഷിത വനമേഖലയാണ്. ഓരോ വര്‍ഷവും ഇതിലേക്ക് കൂടുതല്‍ പ്രദേശങ്ങള്‍ ചേര്‍ക്കപ്പെടുന്നു. അവരുടെ സംരക്ഷണരീതികള്‍ നമ്മള്‍ കണ്ടു മനസിലാക്കേണ്ടതുതന്നെയാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ എന്തുകൊണ്ട് കോസ്റ്റാറിക്ക തെരഞ്ഞെടുത്തില്ല എന്നതായി ചോദ്യം മാറും. വിഭവസംരക്ഷണത്തെകുറിച്ച് കാര്യമായി മനസിലാക്കാന്‍ സാധിച്ചതുകൊണ്ട് മികച്ച തുടക്കം തന്നെയാണ് കോസ്റ്റാറിക്കയില്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. അവിടുത്തെ നല്ല പ്രവൃത്തികള്‍ കേരളത്തിലേക്ക് വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തിലുള്ളവര്‍ കരുതുന്നതുപോലെ ഇക്കോ ടൂറിസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമല്ല കേരളമെങ്കിലും ഇവിടെ ഒരുപാട് ചെയ്യാനുണ്ട്.

കേരളത്തിലെ സന്ദാരി റിസോര്‍ട്ടുകളെകുറിച്ച്?

ഞങ്ങള്‍ക്കിവിടെ രണ്ട് റിസോര്‍ട്ടുകളാണ് ഉള്ളത്. ഒന്ന് ഫോര്‍ട്ട്‌കൊച്ചിയിലാണ്. ഇവിടെ 200 വര്‍ഷം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സുഗന്ധവ്യഞ്ജന ഗോഡൗണ്‍ ആണ് റെസ്‌റ്റോറന്റായി മാറ്റിയിരിക്കുന്നത്. ഇത് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് ഒരു കാരണമായിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. ഇപ്പോള്‍ കൂടുതല്‍ സ്‌പൈസ് ഗോഡൗണുകള്‍ ഇത്തരത്തില്‍ റെസ്റ്റോറന്റുകളും ആര്‍ട്ട് ഗാലറിയുമൊക്കെയായി മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. നമ്മുടെ ചരിത്രത്തെ ഇത്തരത്തില്‍ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യതയാണ്. സ്‌പൈസ് ഗോഡൗണുകള്‍ പ്രവര്‍ത്തനക്ഷമമാകാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിന് തുടക്കമിടാന്‍ കഴിഞ്ഞതിലും അത് മറ്റുള്ളവര്‍ അനുകരിക്കുന്നതിലും സന്തോഷമുണ്ട്. പഴയകെട്ടിടങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിച്ച് പുതിയവ ആരംഭിച്ചാല്‍ പിന്നെ ഫോര്‍ട്ട്‌കൊച്ചിയൊ മട്ടാഞ്ചേരിയോ ഒന്നും ശേഷിക്കില്ല.

പള്ളാതുരുത്തിയില്‍ ഹൗസ്‌ബോട്ടുകളാണ് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്. സ്വന്തമായി മാലിന്യ നിര്‍മാര്‍ജന സംവിധാനമുള്ള ആദ്യ ഹൗസ്‌ബോട്ട് കമ്പനിയാണ് ഞങ്ങളുടേത്. വെള്ളത്തിലേക്ക് മാല്യന്യമൊഴുക്കുന്ന നിരവധി ഹൗസ്‌ബോട്ടുകളുണ്ട്. എന്നാല്‍ ഈ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടുന്നുവെന്ന് ഞങ്ങള്‍ ഉറപ്പുവരുത്താറുണ്ട്. നമ്മുടെ പ്രവൃത്തിയുടെ പെരുമ പ്രചരിക്കുന്നതിനേക്കാള്‍ അത് മറ്റുള്ളവര്‍ പിന്‍തുടരുന്നതാണ് സന്തോഷം നല്‍കുക. പണം മാത്രം ലക്ഷ്യമാക്കി ഈ രംഗത്തേക്ക് വരുന്ന ആളുകള്‍ ഇത്തരം നിലപാടുകള്‍ മാറ്റണമെന്നാണ് ആഗ്രഹം. കേരളത്തില്‍ ഇന്ന് സംഭവിക്കുന്ന കാര്യങ്ങളില്‍ വളരെയധികം ആശങ്കയുണ്ട്.

കൊച്ചിയിലെ അവസ്ഥ പരിതാപകരമാണ്. എയര്‍പോര്‍ട്ട് മുതല്‍ സിറ്റിയിലേക്കെത്തുമ്പോള്‍ തന്നെ ചുറ്റും മാലിന്യകൂമ്പാരങ്ങളാണ് കാണുന്നത്. ഇത്രപോലും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ എന്താകും സ്ഥിതി. മെട്രോ പ്രവര്‍ത്തനങ്ങളൊക്കെ ആരംഭിച്ചതിനുശേഷം ധാരാളം ആളുകള്‍ ഇവിടേക്ക് കുടിയേറ്റം നടത്തിയിട്ടുണ്ട്. കൊച്ചിയുടെ വളര്‍ച്ചയ്ക്ക് ഇത് ഗുണകരമാണ്. പക്ഷേ വളരെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാത്തത് ദോഷകരമായി ബാധിക്കും. പുരോഗതിക്ക് മാറ്റം അനിവാര്യമാണ്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ മാത്രമല്ല, എല്ലാ രംഗത്തുള്ളവരും ഇതിനായി പ്രവര്‍ത്തിക്കണം.

ഇന്ത്യയിലേക്കുള്ള വിപുലീകരണത്തില്‍ എന്തുകൊണ്ടാണ് തുടക്കത്തില്‍ കേരളം തെരഞ്ഞെടുത്തത്?

2002ല്‍ ഇവിടെ ആരംഭിക്കുമ്പോള്‍ കേരളം ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള ഡെസ്റ്റിനേഷനായിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ബ്രാന്‍ഡിംഗ് വ്യാപകമായി നടന്നിരുന്ന സമയം. സ്വന്തമായി ബ്രാന്‍ഡ് ചെയ്യപ്പെട്ട ആദ്യ ഡെസ്റ്റിനേഷന്‍. അത് മികച്ച രീതിയില്‍ മുന്നോട്ട് പോയപ്പോഴാണ് പുതിയ ആളുകള്‍ പ്രത്യേകിച്ച് ഹോട്ടല്‍ രംഗത്തേക്ക് കടന്നുവന്നത്. യാതൊരുരീതിയിലുള്ള നിയന്ത്രണങ്ങളും കേരളത്തിലേക്ക് കടക്കാന്‍ അവര്‍ക്കുണ്ടായിരുന്നില്ല. ഇവിടെ ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കര്‍ണാടക പോലെയുള്ള സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതിന്റെ പകുതി നിലവാരം നമ്മള്‍ കാണിച്ചിരുന്നെങ്കില്‍ ഈ മേഖലയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കേരളത്തിന് കഴിയുമായിരുന്നു. മുന്‍പ് മികച്ച ഗുണനിലവാരത്തോടെയാണ് കേരളത്തിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും പ്രവര്‍ത്തിച്ചിരുന്നത്. ബാക്ക്പാക്ക് യാത്രികര്‍ ഇവിടേക്കെത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇവര്‍ വരുന്നത് ശരിയല്ല എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷെ ഇവര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ നിരവധിയാണ്. പ്രൈസിംഗ് സ്ട്രാറ്റജിയുടെ കാര്യത്തില്‍ പോലും കേരളം ദയനീയമായി പരാജയപ്പെടുകയാണ്. വാല്യു അഡീഷന്‍ നടത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. തൊഴില്‍പരമായ ചെലവും സാധനങ്ങളുടെ വിലയുമെല്ലാം വര്‍ധിക്കുമ്പോള്‍ ഹോട്ടല്‍ സേവനങ്ങളുടെ വിലയില്‍ മാറ്റം വരുത്താതിരുക്കാന്‍ കഴിയുന്നതെങ്ങനെയാണ്. ഇത്തരത്തിലൊരു ദീര്‍ഘവീക്ഷണത്തിന്റെ പോരായ്മയാണ് കേരളത്തിലേക്ക് 200ഉം 300ഉം മുറികളുള്ള നിരവധി ഹോട്ടലുകളെ എത്തിച്ചത്. ഇത് വിലയില്‍ വിട്ടുവീഴ്ചകള്‍ വരുത്തുന്നതിന് കാരണമായി. കോസ്റ്റാറിക്ക വളരെ മനോഹരമായി നിയന്ത്രിച്ചുപോരുന്ന ഒരു സ്ഥലമാണ്. ഇതിന്റെ അര്‍ത്ഥം അവിടെ ബാക്ക് പാക്ക് യാത്രക്കാര്‍ വരുന്നില്ല എന്നല്ല. മറിച്ച് അവിടെ എല്ലാത്തിനും വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ദൗര്‍ഭാഗ്യവശാല്‍ നമുക്കിവിടെ 3 സ്റ്റാര്‍, 4 സ്റ്റാര്‍ എന്ന തരത്തിലുള്ള മാനദണ്ഡങ്ങള്‍ മാത്രമാണുള്ളത്. 60കളിലും 70കളിലുമൊക്കെ തുടങ്ങിവെച്ച രീതി തന്നെയാണ് നമ്മള്‍ ഇപ്പോഴും തുടരുന്നത്. 21-ാം നൂറ്റാണ്ടില്‍ യാതൊരു പ്രസക്തിയും ഇല്ലാത്തവയാണ് ഇവ. കോസ്റ്റാറിക്കയില്‍ ഞങ്ങളുടെ ബിസിനസില്‍ സ്വീകരിക്കേണ്ടിവരുന്ന നിയമങ്ങള്‍ ഇവിടുത്തെ ഞങ്ങളുടെ റിസോര്‍ട്ടുകളിലേക്കും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവിടെ അത് വിജയകരമായി പാലിച്ച് കാണിച്ചതിന് ശേഷം സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാനും ആഗ്രഹമുണ്ട്.

ഹോസ്പിറ്റാലിറ്റി രംഗത്ത് വളരെപെട്ടന്ന് സംഭവിക്കേണ്ട മാറ്റമായി താങ്കള്‍ കണക്കാക്കുന്നവ?

ഒരുപാടുണ്ട്. എല്ലാ മേഖലകളില്‍ നിന്നുമുള്ള വിദഗ്ധരടങ്ങിയ ശരിയായ ഒരു തിങ്ക് ടാങ്ക് ഉണ്ടാകേണ്ടത് വളരെ വേഗം വരേണ്ട മാറ്റമാണ്. ഇപ്പോള്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രതിനിധീകരിക്കുന്നത് കെടിഎം ആണ്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ളവര്‍ മാത്രമടങ്ങിയ ഒരു സംഘമാണിത് എന്നുള്ളതുകൊണ്ടുതന്നെ ഇതിന് പോരായ്മയുണ്ട്. ഓരോ രംഗത്തുനിന്നുള്ളവര്‍ ഏറെകുറേ ഒരേ രീതിയില്‍ തന്നെയായിരിക്കും ചിന്തിക്കുക. മറിച്ച് വ്യത്യസ്ത രംഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ്യത്യസ്ത ആശയങ്ങള്‍ ഉണ്ടാകുകയും അത് ടൂറിസത്തെ വളരെയധികം സഹായിക്കുകയും ചെയ്യും. ഒരു ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളം ലോകത്തെ മറ്റ് പല കേന്ദ്രങ്ങളുമായി മല്‍സരിക്കുകയാണ്. പരസ്പരമുള്ള മല്‍സരം അവസാനിപ്പിച്ച് മറ്റ് ഡെസ്റ്റിനേഷനുകളുമായാണ് നമ്മള്‍ മല്‍സരിക്കേണ്ടത്. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റെ എന്നത് വലിയ പഠനം സംഭവിക്കേണ്ട മേഖലയാണ്. നമുക്ക് ഇതിനായി കാര്യമായ നിക്ഷേപം നടത്താനോ വിദഗ്ധരെ ഇവിടേക്കെത്തിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ശരിയായ തിങ്ക് ടാങ്ക് ഉണ്ടാക്കിയെടുത്ത് സ്ഥായിയായി നിലകൊള്ളുന്ന സമീപനങ്ങള്‍ നടപ്പിലാക്കണം. ഇതിനായി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നവയെ മാത്രം ആശ്രയിച്ചിരുന്നാല്‍ പോര. മറ്റൊരു കാര്യം മദ്യനയം റീക്ലാസിഫൈ ചെയ്യുക അല്ലെങ്കില്‍ എടുത്തുകളയുക എന്നതാണ്. എന്തുകൊണ്ടാണ് ചില കാറ്റഗറി ഹോട്ടലുകളില്‍ മദ്യം അനുവദിക്കുകയും ചെറിയ കാറ്റഗറികളില്‍ അവ നിഷേധിക്കുകയും ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഈ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായ ഒരു ചുവടുവയ്പ്പിന് മുതിരേണ്ടതാണ്. പക്ഷെ എന്തുകൊണ്ടോ ഇവര്‍ മദ്യത്തെ അനുകൂലിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറല്ല. വോട്ട് നഷ്ടപ്പെടുത്താതിരിക്കാനായാണ് ഇത്തരത്തിലൊരു നിലപാട്. ഒരിക്കലും സാധാരണ ആളുകള്‍ റിസോര്‍ട്ടുകളില്‍ വന്ന് മദ്യപിക്കില്ല. വൈനും ബിയറും റെസ്റ്റോറന്റുകളില്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ അനുവദിക്കുക. പക്ഷെ ഇവയിലടങ്ങിയ ആല്‍ക്കഹോളിന്റെ അളവിന് കൃത്യമായ പരിധി ഏര്‍പ്പെടുത്തണം. ഇത്തരത്തില്‍ പരിധി നിശ്ചയിച്ചുകൊണ്ട് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ തുറക്കുകയാണെങ്കില്‍ അത് ടൂറിസത്തിനും മറ്റ് പല മേഖലകള്‍ക്കും പ്രചോദനം നല്‍കും. സ്റ്റാര്‍ ക്ലാസിഫിക്കേഷന് പുറത്ത് സ്വന്തമായ ക്ലാസിഫിക്കേഷന്‍ മാണദണ്ഡങ്ങള്‍ ചിട്ടപ്പെടുത്തുന്നത് വലിയ മാറ്റം കൊണ്ടുവരും. മറ്റൊന്ന് ഹോസ്പിറ്റാലിറ്റി മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സാധ്യമാകണം എന്നതാണ്. നിലവിലെ സംവിധാനങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. അത് ആളുകള്‍ നിയമങ്ങള്‍ ലംഘിക്കുന്നതിലേക്കാണ് നയിക്കുന്നത്. മൂന്നാര്‍ പോലെയുള്ള സ്ഥലങ്ങളില്‍ സുസ്ഥിര വികസനമാണ് ഉണ്ടാവേണ്ടത്. ഒരു ഡെസ്റ്റിനേഷന്‍ പൂര്‍ണ്ണമായി അടച്ചുകളയുന്നത് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലേക്കാണ് എത്തിക്കുന്നത്. നിക്ഷേപകര്‍ക്കും ജനങ്ങള്‍ക്കുമൊക്കെ പറയാനുള്ള കാര്യങ്ങള്‍ സര്‍ക്കാരും കേള്‍ക്കാന്‍ തയ്യാറാവണം. ക്രെഡായ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ ആ മേഖലയില്‍ സാധിച്ചിട്ടുണ്ട്. സമാനമായി കെടിഎമ്മും സര്‍ക്കാരും സംയുക്തമായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബയേഴ്‌സിനെ കൊണ്ടുവരാനും ഇവന്റ് നടത്താനും മാത്രമുള്ള സംഘടനയായി കെടിഎം മാറരുത്. ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത നിയമങ്ങള്‍ മാറ്റാനും കാലാനുസൃതമായ നിയമങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാനും കെടിഎമ്മിന് സാധിക്കണം.

ദൗര്‍ഭാഗ്യവശാല്‍ നമുക്കിവിടെ 3 സ്റ്റാര്‍, 4 സ്റ്റാര്‍ എന്ന തരത്തിലുള്ള മാനദണ്ഡങ്ങള്‍ മാത്രമാണുള്ളത്. 60കളിലും 70കളിലുമൊക്കെ തുടങ്ങിവെച്ച രീതി തന്നെയാണ് നമ്മള്‍ ഇപ്പോഴും തുടരുന്നത്. 21-ാം നൂറ്റാണ്ടില്‍ യാതൊരു പ്രസക്തിയും ഇല്ലാത്തവയാണിവ

ഇന്ത്യയില്‍ ഹോസ്പിറ്റാലിറ്റി ബിസിനസ് തുടങ്ങുന്നത് ഇപ്പോഴായിരുന്നെങ്കില്‍ കേരളം തെരഞ്ഞെടുക്കുമോ?

കേരളം തീര്‍ച്ചയായും സാന്നിധ്യം ഉണ്ടായിരിക്കേണ്ട ഡെസ്റ്റിനേഷനാണ്. ഇപ്പോള്‍ നോക്കുമ്പോള്‍ മറ്റ് പല ഡെസ്റ്റിനേഷനുകളും എന്നെ ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളമായിരിക്കുമോ തെരഞ്ഞെടുക്കുക എന്നത് ചോദ്യചിഹ്നമാണ്. ഒരുപക്ഷേ കോസ്റ്റാറിക്കയില്‍തന്നെ കൂടുതല്‍ റിസോര്‍ട്ടുകള്‍ ആരംഭിച്ചേക്കുമായിരുന്നു. ആഫ്രിക്കയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകൃതി വിഭവങ്ങളും, മാനേജ്‌മെന്റുമെല്ലാമുള്ള ഒരുപാട് രാജ്യങ്ങളുണ്ട്. അവിടുത്തെ സര്‍ക്കാരുകളുമായും നിക്ഷേപം നടത്തിയിട്ടുള്ള ആളുകളോടുമൊക്കെ സംസാരിക്കുന്നതില്‍ നിന്ന് എനിക്ക് മനസിലായിട്ടുള്ളത് അവര്‍ ഈ മേഖലയെ വളരെ പ്രാധാന്യത്തോടെ കാണുന്നവരാണെന്നാണ്. പുതിയ വെല്ലുവിളികള്‍ ഉയരുമ്പോള്‍ അതിനെ എങ്ങനെ മറികടക്കണം എന്ന ചര്‍ച്ചകള്‍ നടത്തിയാണ് അവര്‍ മുന്നോട്ടുനീങ്ങുന്നത്. എന്നാല്‍ ഇന്ത്യയില്‍ ടൂറിസത്തെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മദ്യനയം മുതലുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ഇവിടെ ബിസിനസ് ചെയ്യുക അവിശ്വസനീയമായ കാര്യമാണ്.

ജിഎസ്ടിയെ എങ്ങനെ വിലയിരുത്തുന്നു?

ഹോസ്പിറ്റാലിറ്റി രംഗം ഏറ്റവും ഉയര്‍ന്ന നികുതി വിഭാഗത്തിലാണുള്ളത്. മുറികളുടെ താരിഫ് റേറ്റ് 7500ന് മുകളിലാണെങ്കില്‍ 28 ശതമാനം നികുതിവിഭാഗത്തിലും ബാക്കിയുള്ളവര്‍ കുറഞ്ഞ വിഭാഗത്തിലും എന്ന് പറയുമ്പോള്‍ ഒരു ചീപ്പ് ഡെസ്റ്റിനേഷനായി ഇവിടം മാറണമെന്നാണോ ഇതുവഴി ഉദ്ദേശിക്കുന്നത് എന്നാണ് എനിക്കുണ്ടായ സംശയം. ശരിയായ ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ഇന്‍ഡസ്ട്രിയില്‍ ഉള്ളവരും സര്‍ക്കാരും തമ്മില്‍ ശരിയായ ചര്‍ച്ചകള്‍ നടക്കണം. രാജ്യത്താകമാനമായി നോക്കുമ്പോള്‍ ജിഎസ്ടി എന്നത് നല്ല കാര്യം തന്നെയാണ്.

ഹോസ്പിറ്റാലിറ്റി മേഖലയിലെ മല്‍സരത്തെ എങ്ങനെ നോക്കികാണുന്നു?

കേരളം മത്സരക്ഷമമാണെന്ന് ഇപ്പോഴും പറയാറായിട്ടില്ല. കേരളം ഇതുവരെ ഈ രംഗത്തെ യഥാര്‍ത്ഥ സാധ്യതകള്‍ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ലോക ടൂറിസം വിപണിയുടെ 0.1 ശതമാനം മാത്രമാണ് ഇവിടെ എത്തിയിട്ടുള്ളത്. ഇപ്പോഴുള്ള മല്‍സരം ശരിയായ ദിശയിലല്ല പോകുന്നത്. നമ്മള്‍ മല്‍സരിക്കുന്നുണ്ടെങ്കില്‍ അത് മറ്റ് ഡെസ്റ്റിനേഷനുകളുമായിട്ടാകണം. കൂടുതല്‍ നവീന ആശയങ്ങളുമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാന്‍ നമുക്ക് കഴിയണം.

സന്ദാരിയുടെ വിപുലീകരണ പദ്ധതികളെകുറിച്ച്?

ഇനി കേരളത്തിന് പുറത്തായിരിക്കും പുതിയ പദ്ധതികള്‍. വയനാട് മികച്ച ഡെസ്റ്റിനേഷനായി ഉയര്‍ന്നുവരുന്നുണ്ടെന്ന് പലരും പറയുന്നു. കേരള ടൂറിസം വകുപ്പ് ഇതിനായി പല പ്രവര്‍ത്തനങ്ങളും ചെയ്യുന്നുമുണ്ട്. ഇങ്ങനെ തന്നെയാണ് വാഗമണ്ണിന്റെ കാര്യത്തിലും സംഭവിച്ചിരുന്നത്. മറ്റൊരു മൂന്നാറായി വയനാട് മാറ്റപ്പെടാതെ കൃത്യമായ നിയന്ത്രണങ്ങള്‍, നിര്‍മാണം പോലെയുള്ള കാര്യങ്ങളില്‍ ഉറപ്പുവരുത്തണം. ഭാവിയിലേക്കുള്ള സന്ദാരിയുടെ ലക്ഷ്യം നിലവിലുള്ള ഡെസ്റ്റിനേഷനുകളുടെ ഭാഗമാകാനല്ല. മറിച്ച് സ്വയം ഒരു ഡെസ്റ്റിനേഷനാകാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അണ്‍എക്‌സ്‌പ്ലോര്‍ഡ് ആയിട്ടുള്ള ഇടങ്ങളാണ് തെരഞ്ഞെടുക്കുക.

Comments

comments