55,000 ഭാരത് ബെന്‍സ് ട്രക്കുകള്‍ നിരത്തില്‍

55,000 ഭാരത് ബെന്‍സ് ട്രക്കുകള്‍ നിരത്തില്‍

കൊച്ചി :അഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന ഡെയ്മ്‌ലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ഇതുവരെ 55,000-ലേറെ ഭാരത് ബെന്‍സ് ട്രക്കുകള്‍ വിറ്റഴിച്ചതായി കമ്പനി വെളിപ്പെടുത്തി. ട്രക്ക് വിപണിയില്‍ കഴിഞ്ഞ വര്‍ഷം പൊതുവെ മാന്ദ്യം അനുഭവപ്പെട്ടെങ്കിലും ഭാരത് ബെന്‍സിനെ സംബന്ധിച്ചേടത്തോളം വളര്‍ച്ചയാണുണ്ടായതെന്ന് ഡെയ്മ്‌ലര്‍ ട്രക്ക് ഏഷ്യാ തലവന്‍ മാര്‍ക് ലിസ്റ്റോസെല്ല പറഞ്ഞു.

മികച്ച ബ്രാന്റാക്കി ഭാരത് ബെന്‍സിനെ മാറ്റാന്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് സാധിച്ചു. നടപ്പ് വര്‍ഷം വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന കമ്പനി ഇതാദ്യമായി, പോയ മാസങ്ങളില്‍ വില്‍പ്പനയില്‍ ഇരട്ട അക്ക നേട്ടം കൈവരിക്കുകയുണ്ടായി. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ചെന്നൈ പ്ലാന്റില്‍ താമസിയാതെ ഇരട്ട ഷിഫ്റ്റ് ഏര്‍പ്പെടുത്തുന്നതാണ്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള യൂറോ – 4 സംവിധാനത്തോടു കൂടിയ ട്രക്കുകള്‍ ഏറ്റവുമാദ്യം വിപണിയിലെത്തിക്കാന്‍ കഴിഞ്ഞത് ഭാരത് ബെന്‍സിന്റെ കുതിപ്പില്‍ പ്രധാന ഘടകമായിരുന്നുവെന്ന് ഡെയ്മ്‌ലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ എറിക് നെസല്‍ ഹോഫ് പറഞ്ഞു. 16 ടണ്‍ മുതല്‍ 49 ടണ്‍ വരെ ശേഷിയുള്ള ട്രക്കുകളുടെ വിഭാഗത്തിലാണ് ഭാരത് ബെന്‍സിന് കാര്യമായ മുന്നേറ്റമുണ്ടായത്. ഹെവിഡ്യൂട്ടി ട്രക്കുകളുടെ വിഭാഗത്തില്‍ കമ്പനി രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു. 2013 മുതല്‍ പതിനായിരത്തിലേറെ ട്രക്കുകള്‍ കമ്പനി കയറ്റുമതി ചെയ്യുകയുണ്ടായി. കയറ്റുമതി വര്‍ധനകൂടി ലക്ഷ്യമിട്ടാണ് ചെന്നൈ പ്ലാന്റിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 40 ആയി വര്‍ധിക്കും.

യൂറോ-4നു ശേഷം യൂറോ-5 മലിനികരണ നിയന്ത്രണ സംവിധാനത്തിലേക്കും കടന്നിരിക്കയാണ് ഡെയ്മ്‌ലര്‍ ഇന്ത്യയെന്ന് നെസല്‍ ഹോഫ് പറഞ്ഞു. യൂറോ -5 ട്രക്കുകള്‍ വിപണിയിലിറക്കിക്കഴിഞ്ഞു. യൂറോ-4 ലേതിലും 40 ശതമാനം കുറവ് നൈട്രജന്‍ ഓക്‌സൈഡ് മാത്രമാണ് യൂറോ-5 ട്രക്കുകള്‍ അന്തരീക്ഷത്തിലേക്ക് വിടുക. ട്രാഫിക് കൂടുതലുള്ള നഗരങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നത് അന്തരീക്ഷത്തിലെ നൈട്രജന്‍ ഓക്‌സൈഡാണ്. 2011-ല്‍ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ഭാരത് ബെന്‍സ് ട്രക്കുകള്‍ 2012 സെപ്റ്റംബറിലാണ് വിപണിയില്‍ ലഭ്യമായിത്തുടങ്ങിയത്. 2014-ല്‍ 10,000 ട്രക്കുകള്‍ എന്ന ആദ്യ നാഴികക്കല്ല് പിന്നിടാന്‍ ഭാരത് ബെന്‍സിന് കഴിഞ്ഞു.

Comments

comments

Categories: Business & Economy