നൊബേല്‍ സാധ്യതാ പട്ടികയില്‍ രഘുറാം രാജനും

നൊബേല്‍ സാധ്യതാ പട്ടികയില്‍ രഘുറാം രാജനും

ന്യൂയോര്‍ക്ക്: ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരത്തിനായുള്ള സാധ്യതാ പട്ടികയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. റിസര്‍ച് അനലിറ്റിക്‌സ് മേഖലയിലെ പ്രശസ്തരായ ക്ലാരിവേറ്റ് അനലിറ്റിക്‌സ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് രഘുറാം രാജന്‍ ഉള്‍പ്പെട്ടത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഭാഗങ്ങളിലായി ഇരുപത്തി രണ്ട് പേരുടെ സാധ്യത പട്ടിക പുറത്തിറക്കിയതില്‍ ഇടം നേടിയ ഏക ഇന്ത്യാക്കാരനാണ് രഘുറാം രാജന്‍.

കോര്‍പ്പറേറ്റ് ഫിനാന്‍സ് മേഖലയുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതില്‍ വഹിച്ച പങ്കാണ് രഘുറാം രാജനെ പരിഗണിക്കുന്നതിന് ഇടയാക്കുന്നത്. നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രൊഫസറായി സേവനം അനുഷ്ടിക്കുകയാണ് രഘുറാം രാജന്‍. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി 2016 സെപ്റ്റംബറിലാണ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് പടിയിറങ്ങിയത്.

ഒക്‌റ്റോബര്‍ 2 മുതലാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. രണ്ട്, മൂന്ന്, നാല് തീയതികളില്‍ വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയുടെ ജേതാക്കളെ പ്രഖ്യാപിക്കും. ആറ്, ഒന്‍പത് തീയതികളില്‍ സമാധാനം, സാമ്പത്തികശാസ്ത്രം എന്നിവയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

Comments

comments

Categories: Slider, Top Stories