നാല്‍കോ അലുമിന ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കും

നാല്‍കോ അലുമിന ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കും

നിലവില്‍ 2.275 മില്ല്യണ്‍ ടണ്‍  അലുമിനയാണ് റിഫൈനറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്

ഭുവനേശ്വര്‍: ഒഡീഷയിലെ ദാമന്‍ജ്യോതി അലുമിന റിഫൈനറിയുടെ ഉല്‍പ്പാദനശേഷി നാഷണല്‍ അലുമിനിയം കമ്പനി (നാല്‍കോ) വര്‍ധിപ്പിക്കുന്നു. ഇതോടെ പ്രതിവര്‍ഷം റിഫൈനറിയുടെ ശേഷിയില്‍ ഒരു മില്ല്യണ്‍ ടണ്‍ കൂട്ടിച്ചേര്‍ക്കപ്പെടും. നിലവില്‍ 2. 275 മില്ല്യണ്‍ ടണ്‍ അലുമിനയാണ് റിഫൈനറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് 5,540 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു.

കൊരാപുത്ത് ജില്ലയിലെ റിഫൈനറിയില്‍ അഞ്ചാം ഉല്‍പ്പാദന നിര ആരംഭിച്ചുകൊണ്ടാണ് ശേഷി ഉയര്‍ത്തുക- നാല്‍കോയുടെ 36ാം വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ തപന്‍ കുമാര്‍ചന്ദ് പറഞ്ഞു. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികള്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമ്മതം, ഹൈലെവല്‍ ക്ലിയറന്‍സ് അതോറിറ്റി (എച്ച്എല്‍സിഎ) എന്നിവയുടെ അംഗീകാരം പദ്ധതി നേടിയിട്ടുണ്ട്.

അംഗുലില്‍ അലുമിനിയം പാര്‍ക്ക് വികസിപ്പിക്കാന്‍ നാല്‍കോ തീരുമാനിച്ചിരുന്നു

നാല്‍കോയ്ക്ക് മാറ്റിവെച്ച പൊട്ടാങ്കി ബോക്‌സൈറ്റ് ഖനിയും (75 മില്ല്യണ്‍ ടണ്‍ ശേഷി) ഉത്ക്കല്‍ ഡി, ഇ കല്‍ക്കരി ബ്ലോക്കുകളും (200 മില്ല്യണ്‍ ടണ്‍) കേന്ദ്ര സര്‍ക്കാര്‍ കൈമാറിക്കഴിഞ്ഞു. ഉത്ക്കല്‍ ഡി ബ്ലോക്കിന് ഭൂമി കൈമാറുന്ന പ്രക്രിയയിലാണ് കമ്പനി ഇപ്പോള്‍. ഉത്ക്കല്‍ ഡി, ഇ ഖനന പദ്ധതികള്‍ അനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു- ചന്ദ് അറിയിച്ചു.

ലാഭം നിലനിര്‍ത്തുന്നതിനും വിപണിയിലെ മത്സരത്തെ നേരിടുന്നതിനുമായി പുതിയ കോര്‍പ്പറേറ്റ് പദ്ധതിയും വ്യവസായ മാതൃകയും തയാറാക്കുകയാണ്. ആധുനികവല്‍ക്കരണത്തിലൂടെയും ഖനികളുടെ വിപുലീകരണത്തിലൂടെയും ബിസിനസിന്റെ മേലേത്തട്ടിന്റെയും താഴേത്തട്ടിന്റെയും ഏകീകരണത്തിലൂടെയും ഖനന, ലോഹ, ഊര്‍ജ മേഖലകളിലെ മത്സരക്ഷമത ഉയര്‍ത്തിക്കൊണ്ട് കരുത്തുകൂട്ടാന്‍ ഈ ബിസിനസ് മാതൃക കമ്പനിയെ സഹായിക്കും. ഹരിതോര്‍ജം, ഐപിപി, കാസ്റ്റിക് സോഡ, ടൈറ്റാനിയം പോലുള്ള അപൂര്‍വ ലോഹം, ചുവന്ന ചെളിയില്‍ നിന്ന് അയണ്‍ വീണ്ടെടുക്കല്‍ തുടങ്ങി പുതിയ മേഖലകളിലേക്കുള്ള കടന്നുചെല്ലലും ബിസിനസ് മാതൃക മുന്നില്‍വയ്ക്കുന്ന കാര്യങ്ങളില്‍പ്പെടുന്നു. 701 കോടി രൂപ ചെലവിട്ട് രാജസ്ഥാനിലും മഹാരാഷ്ട്രയിലും യഥാക്രമം 50, 50.4 മെഗാവാട്ട് ശേഷിയുള്ള കാറ്റില്‍ നിന്നുള്ള വൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്തതായും ചന്ദ് പറഞ്ഞു.

അംഗുലില്‍ അലുമിനിയം പാര്‍ക്ക് വികസിപ്പിക്കാന്‍ നാല്‍കോ തീരുമാനിച്ചിരുന്നു. അതിനൊപ്പം എന്‍ടിപിസിയുടെ പങ്കാളിത്തത്തോടെ ലോഹം ഉരുക്കല്‍ പദ്ധതികളുടെ വിപുലീകരണത്തിന് വൈദ്യുതി വിതരണം ചെയ്യാന്‍ 2400 മെഗാവാട്ടിന്റെ കല്‍ക്കരി അധിഷ്ഠിത താപനിലയം ഒഡീഷയിലെ ഗജമാരയില്‍ ആരംഭിക്കാനും കമ്പനി നീക്കമിടുന്നുണ്ട്.

Comments

comments

Categories: Business & Economy