പരിചയപ്പെടാം പ്രമുഖ വെര്‍ച്വല്‍ അസിസ്റ്റന്റുകളെ

പരിചയപ്പെടാം പ്രമുഖ വെര്‍ച്വല്‍ അസിസ്റ്റന്റുകളെ

തിരക്കേറിയ വ്യക്തിളെ സഹായിക്കുന്ന പേഴ്‌സണല്‍ അസിസ്റ്റന്റുകളെ കുറിച്ചു നമ്മള്‍ക്ക് അറിയാം. ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്നു കാലേ കൂട്ടി അറിയിക്കുന്നത് പേഴ്‌സണല്‍ അസിസ്റ്റന്റുകളാണ്. അതുപോലെ തന്നെ ചെയ്തു തീര്‍ക്കേണ്ട ജോലികളിലാണെങ്കിലും ‘ഒരു കൈ’ സഹായം ലഭിക്കുന്നത് പേഴ്‌സണല്‍ അസിസ്റ്റന്റുമാരില്‍നിന്നാണ്. എന്നാല്‍ ഇനി മുതല്‍ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റുകള്‍ ചെയ്യുന്ന ജോലികള്‍ വളരെ സ്മാര്‍ട്ടായി നിര്‍വഹിക്കാന്‍ പോകുന്നതു യന്ത്രങ്ങളായിരിക്കും. അവ അറിയപ്പെടുന്നതാകട്ടെ വെര്‍ച്വല്‍ അസിസ്റ്റന്റ് അഥവാ ഡിജിറ്റല്‍ അസിസ്റ്റന്റ് എന്നാണ്.

വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നമ്മളെ സഹായിക്കാന്‍ ഒരാള്‍ കൂടെയുണ്ടെങ്കില്‍ അതു വലിയൊരു ആശ്വാസം തന്നെയായിരിക്കും. എന്നാല്‍ ഇത്തരത്തിലൊരു വ്യക്തിക്കു ശമ്പളമൊന്നും നല്‍കേണ്ടി വരില്ലെന്നു കൂടി അറിയുമ്പോഴോ ? സന്തോഷം പറഞ്ഞറിയിക്കാന്‍ പോലുമാവില്ല. വരും കാലങ്ങളില്‍ ഇതു പോലൊരു വ്യക്തി ഓരോരുത്തരുടെയും കൂടെ സഹായത്തിനുണ്ടാവും. അതു പക്ഷേ മനുഷ്യനായിരിക്കില്ലെന്നു മാത്രം, പകരം കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റായിരിക്കും.

യന്ത്രങ്ങള്‍ക്കു കൃത്രിമ ബുദ്ധി നല്‍കുന്ന ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ടെക് ഭീമന്മാരായ ആപ്പിളും, ഗൂഗിളും, മൈക്രോസോഫ്റ്റും, സാംസങും, ആമസോണും ഇതിനോടകം കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളെ അഥവാ വെര്‍ച്വല്‍ അസിസ്റ്റന്റുകളെ വികസിപ്പിച്ചു കഴിഞ്ഞു. ഒരു ശബ്ദ നിയന്ത്രിത സംവിധാനത്തിന്റെയോ ഉള്ളം കൈയ്യില്‍ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെയോ നമ്മള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ഒരു പേഴ്‌സണല്‍ സെക്രട്ടറിയോടെന്ന പോലെ പറഞ്ഞു ചെയ്യിപ്പിക്കാനാകും വെര്‍ച്വല്‍ അസിസ്റ്റന്റ് ഉണ്ടെങ്കില്‍. ഉദാഹരണമായി ഇഷ്ടമുള്ള പാട്ട് കേള്‍ക്കാന്‍, വീട്ടിലെയോ, ഓഫീസിലെയോ ഏസി ഓണ്‍, ഓഫ് ചെയ്യല്‍, തല്‍സമയ വാര്‍ത്തകള്‍ അറിയാന്‍, ഓരോ ദിവസത്തെയും ഷെഡ്യൂളുകള്‍ അറിയാന്‍, ഓര്‍മപ്പെടുത്താന്‍ അങ്ങനെ നിരവധിയായ കാര്യങ്ങള്‍ നിര്‍വഹിക്കും വെര്‍ച്വല്‍ അസിസ്റ്റന്റ്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ പറയുന്നതെല്ലാം കേട്ട് മനസിലാക്കി പ്രവര്‍ത്തിക്കും ഈ വെര്‍ച്വല്‍ അസിസ്റ്റന്റ്.
വെര്‍ച്വല്‍ അസിസ്റ്റന്റുകളിലൂടെ മനുഷ്യപ്രയത്‌നം കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വോയ്‌സ് ഇന്ററാക്ഷന്‍, മ്യൂസിക് പ്ലേ ബാക്ക്, അലാം സെറ്റിങ്, വെതര്‍, ട്രാഫിക് ഇന്‍ഫര്‍മേഷന്‍ ലഭ്യമാക്കല്‍, ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയ അനവധിയായ കാര്യങ്ങളാണു വെര്‍ച്വല്‍ അസിസ്റ്റന്റുകളിലൂടെ ലഭ്യമാകുന്നത്. ആപ്പിളും, ഗൂഗിളും, ആമസോണും, മൈക്രോസോഫ്റ്റുമൊക്കെ വെര്‍ച്വല്‍ അസിസ്റ്റുന്റുകളെ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ സാംസങ് എന്ന ദക്ഷിണ കൊറിയന്‍ കമ്പനിയാണു വെര്‍ച്വല്‍ അസിസ്റ്റുന്റുകളെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ ടെക് ഭീമന്മാരുടെ വെര്‍ച്വല്‍ അസിസ്റ്റന്റുകള്‍ ഏതൊക്കെയെന്നു നോക്കാം.

ആപ്പിള്‍ സിരി

ആപ്പിള്‍ കമ്പനിയുടെ ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റാണ് സിരി. സിരി എന്ന സോഫ്റ്റ്‌വേറിന്റെ ആദ്യ പതിപ്പ് അവതരിപ്പിച്ചത് 2011-ല്‍ ഐ ഫോണ്‍-4 എസ് എന്ന മോഡല്‍ പുറത്തിറക്കിയപ്പോഴാണ്. ഐ ഫോണ്‍-4 എസിലാണ് ഈ സോഫ്റ്റ്‌വേര്‍ ആദ്യമായി ഉപയോഗിച്ചത്. ഇത് ഒരു വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം ആണ്. നമ്മള്‍ക്ക് ആരെയെങ്കിലും ഫോണിലൂടെ ബന്ധപ്പെടണമെങ്കില്‍ സിരിയോട് പറഞ്ഞാല്‍ മതി, നമ്പര്‍ തിരഞ്ഞു കണ്ടുപിടിച്ചു വിളിക്കും. ഫോണിലേക്കു വരുന്ന സന്ദേശങ്ങള്‍ വായിച്ചു കേള്‍പ്പിക്കും. മറുപടി അയയ്ക്കണമെങ്കില്‍ നമ്മള്‍ പറഞ്ഞു കൊടുത്താല്‍ മതി, സിരി ടൈപ്പ് ചെയ്ത് അയയ്ക്കും. ആപ്പിളിന്റെ ടിവി, കമ്പ്യൂട്ടര്‍, വാച്ച്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ഡിവൈസുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ (ഒഎസ്) ഭാഗമാണിന്നു സിരി. വെര്‍ച്വല്‍ അസിസ്റ്റന്റ് എന്ന ആശയത്തെ വിപ്ലവകരമാക്കുന്നതില്‍ സിരി വഹിച്ച പങ്ക് നിസാരമല്ല. സിരിക്കു ശേഷമാണു ഗൂഗിളും മൈക്രോസോഫ്റ്റുമൊക്കെ ഈ ആശയം നടപ്പിലാക്കാന്‍ തുടങ്ങിയത്.

ഗൂഗിള്‍ അസിസ്റ്റന്റ്

2016 മെയ് മാസം നടന്ന ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ചാണു ഗൂഗിള്‍ വെര്‍ച്വല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ പ്രഖ്യാപിച്ചത്. ഗൂഗിള്‍ അസിസ്റ്റന്റിന് രണ്ടു വിധമുള്ള സംഭാഷണങ്ങളില്‍ (അങ്ങോട്ടും ഇങ്ങോട്ടുമുള്ള) ഏര്‍പ്പെടാന്‍ കഴിയും. ഗൂഗിളിന്റെ മെസേജിംഗ് ആപ്പായ അലോയിലും, വോയ്‌സ് ആക്ടിവേറ്റഡ് സ്പീക്കറായ ഗൂഗിള്‍ ഹോംമിലുമാണ് ആദ്യമായി അസിസ്റ്റന്റ് എന്ന സോഫ്റ്റ്‌വേര്‍ അവതരിപ്പിച്ചത്. ഒരു പ്രത്യേക കാലയളവില്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എക്‌സ്‌ക്ലൂസീവ് ആയി മാത്രം ലഭ്യമായിരുന്ന ഗൂഗിള്‍ അസിസ്റ്റന്റിനെ, ഈ വര്‍ഷം ഫെബ്രുവരി മുതലാണു മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമായി തുടങ്ങിയത്.

കോര്‍ട്ടാന

കാലിഫോര്‍ണിയയില്‍ 2014 ബില്‍ഡ് വേദിയില്‍ വച്ചാണു ശബ്ദ നിര്‍ദേശത്താല്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റായ കോര്‍ട്ടാനയെ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഒരാളുടെ താത്പര്യങ്ങളും സ്വഭാവവും തുടര്‍ച്ചയായി നിരീക്ഷിച്ചു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കും കോര്‍ട്ടാന.

വിന്‍ഡോസ് 10, വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് ഫോണ്‍ 8.1, മൈക്രോസോഫ്റ്റ് ബാന്‍ഡ്, വിന്‍ഡോസ് മിക്‌സഡ് റിയാല്‍റ്റി, ആന്‍ഡ്രോയ്ഡ്, Xbox One, iOS തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതാണു കോര്‍ട്ടാന. ഓര്‍മിക്കേണ്ട കാര്യങ്ങളെ സജ്ജീകരിക്കാനും, കീ ബോര്‍ഡിന്റെ ഇന്‍പുട്ട് ആവശ്യമില്ലാതെ തന്നെ സ്വാഭാവിക ശബ്ദം തിരിച്ചറിയാനും സാധിക്കും. ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് ഭാഷകള്‍ കോര്‍ട്ടാന കൈകാര്യം ചെയ്യും.

സാംസങ് ബിക്‌സ്ബി

2017 ഏപ്രില്‍ 21-നാണു സാംസങ് ബിക്‌സ്ബി എന്ന ശബ്ദ നിയന്ത്രിത ഡിജിറ്റല്‍ അസിസ്റ്റന്റ് റിലീസ് ചെയ്തത്. സാംസങ് ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്8 പ്ലസ്, ഗ്യാലക്‌സി നോട്ട് 8 തുടങ്ങിയ ഫോണുകളിലാണ് നിലവില്‍ ബിക്‌സ്ബി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ബിക്‌സ്ബി കഴിഞ്ഞ ദിവസമാണ് എത്തിയതെങ്കിലും യുഎസ്, യൂറോപ്യന്‍ വിപണികളില്‍ ബിക്‌സ്ബിയെ ഏതാനും മാസങ്ങള്‍ക്കു മുന്‍പു തന്നെ അവതരിപ്പിച്ചിരുന്നു. സാംസങിന്റെ ഈ ഡിജിറ്റല്‍ അസിസ്റ്റന്റ് പ്രധാനമായും നാല് സവിശേഷതകളാണു വാഗ്ദാനം ചെയ്യുന്നത്. ഒന്നാമതായി ബിക്‌സ്ബിയോട് സംസാരിക്കാന്‍ സാധിക്കും, ചിത്രമെടുക്കാനും അതിനെ വിലയിരുത്താനും സാധിക്കും, ഓര്‍മപ്പെടുത്താനുള്ള കാര്യങ്ങളെ സജ്ജീകരിക്കാനു ബിക്‌സ്ബിയിലൂടെ സാധിക്കും.
സ്മാര്‍ട്ട് ഫോണിലെ സ്പര്‍ശനത്തിലൂടെ ചെയ്യുന്നതെല്ലാം ബിക്‌സ്ബിയുടെ സഹായത്തോടെ ശബ്ദമുപയോഗിച്ചു ചെയ്യാനാകും. അതേസമയം സംസാര ശൈലി തിരിച്ചറിയുന്ന കാര്യത്തില്‍ ബിക്‌സ്ബി ഏറെ പിന്നിലാണെന്ന ആക്ഷേപമുണ്ട്. നിലവില്‍ അമേരിക്കന്‍ ഇംഗ്ലീഷ്, കൊറിയന്‍ ഭാഷകളാണു ബിക്‌സ്ബി തിരിച്ചറിയുന്നത്.

ആമസോണ്‍ അലക്‌സ

ആമസോണ്‍ വികസിപ്പിച്ചെടുത്തതാണ് അലക്‌സ എന്ന ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റിനെ. നിലവില്‍ അലക്‌സയുമായി ആശയവിനിമയം നടത്താന്‍ ഇംഗ്ലിഷ്, ജര്‍മന്‍ ഭാഷകളിലൂടെ മാത്രമേ സാധിക്കൂ. അലക്‌സ സജ്ജീകരിച്ചിട്ടുള്ള ഡിവൈസുകളില്‍ മ്യൂസിക് കണ്‍ട്രോള്‍ ചെയ്യാനാകും, അലാം മാനേജ് ചെയ്യാനും സാധിക്കും. ഇതിനു പുറമേ ഷോപ്പിംഗ് ലിസ്റ്റ് കാണുവാനും സൗകര്യമുണ്ട്. സമീപകാലത്ത് ഇംഗ്ലണ്ടില്‍ ഒരു തത്ത ആമസോണിന്റെ എക്കോ സ്മാര്‍ട്ട് സ്പീക്കര്‍ ആക്ടിവേറ്റ് ചെയ്തു കൊണ്ട് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് ഉടമ അറിയാതെയായിരുന്നു. ഈ വാര്‍ത്ത വന്‍ കൗതുകം നേടുകയും വന്‍ വാര്‍ത്താപ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.

ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബുമായി ബന്ധിപ്പിച്ചിരിക്കുന്നതു കൊണ്ടാണ് തത്തയ്ക്ക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചത്. എക്കോ സ്മാര്‍ട്ട് സ്പീക്കര്‍ ശബ്ദനിയന്ത്രിത സംവിധാനമാണ്.

Comments

comments

Categories: FK Special, Slider

Related Articles