വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും

വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും

ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ നിയമം നടപ്പിലാക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം

അബുദാബി: യുഎഇയിലെ വീട്ട് ജോലിക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന പുതിയ നിയമം ഈ വര്‍ഷം അവസാനത്തിന് മുന്‍പ് നിലവില്‍ വരും. ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ നിയമം നടപ്പിലാക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. യുഎഇ പ്രസിഡന്റ് ഷേയ്ഖ് ഖാലിദ് ബിന്‍ സയേദ് അല്‍ നഹ്യാനിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.

ഡൊമസ്റ്റിക് ലേബര്‍ നിയമത്തിലൂടെ യുഎഇയിലെ എല്ലാ തൊഴിലാളികളേയും തൊഴില്‍ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകുമെന്ന് രാജ്യത്തിന്റെ ലേബര്‍ മാര്‍ക്കറ്റിന്റെ റെഗുലേറ്ററി അതോറിറ്റിയായ ഹ്യുമന്‍ റിസോഴ്‌സ് ആന്‍ഡ് എമിററ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചട്ടങ്ങളാണ് ഡൊമസ്റ്റിക് ലേബര്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന യുഎഇ ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഹ്യുമന്‍ റിസോഴ്‌സ് ആന്‍ഡ് എമിററ്റൈസേഷന്‍ മന്ത്രി സഖര്‍ ഖോബാഷ് പറഞ്ഞു.

7,50,000 വീട്ടുജോലിക്കാരാണ് യുഎഇയിലുള്ളത്. ഇതില്‍ 25 ശതമാനവും വിദേശത്തുനിന്നുള്ളവരാണ്

യുഎഇയുടെ സാമൂഹിക-സാമ്പത്തിക മേഖലയിലേക്ക് വീട്ടുജോലിക്കാര്‍ കാര്യമായി സംഭാവന ചെയ്യുന്നുണ്ട്. അതിനാല്‍ അവര്‍ക്ക് പൂര്‍ണ നിയമപരിരക്ഷ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം. ഇതിലൂടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ തൊഴിലാളികളെ മേഖലയിലേക്ക് ആകര്‍ഷിക്കാനാവും. 7,50,000 വീട്ടുജോലിക്കാരാണ് യുഎഇയിലുള്ളത്. ഇതില്‍ 25 ശതമാനവും വിദേശത്തുനിന്നുള്ളവരാണ്.

പുതിയ നിയമം അനുസരിച്ച് തൊഴിലാളികള്‍ നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ അവര്‍ക്ക് കരാറിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരിക്കണം. കരാറുകളുടെ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. കരാറിന്റെ പേരില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും.

വിശ്രമസമയം, ശമ്പളത്തോടു കൂടിയ അവധി, പ്രതിവാര വിശ്രമ ദിവസം തുടങ്ങിയ വീട്ട് ജോലിക്കാരുടെ അവകാശങ്ങളും അധികാരങ്ങളും നിയമത്തിലൂടെ ഉറപ്പുവരുത്തുന്നുണ്ട്. 18 വയസ്സിന് താഴെയുള്ളവരെ വീട്ടു ജോലികള്‍ ചെയ്യിക്കുന്നതിന് നിയമത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈംഗീക അതിക്രമം, മനുഷ്യക്കടത്ത്, ശാരീരിക ഉപദ്രവം എന്നിവയ്‌ക്കെതിരേയുള്ള നിലവിലെ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കും. തൊഴിലാളികളുടെ സുരക്ഷ ശക്തമാക്കുന്നതിനായി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനും കരാറില്‍ വ്യവസ്ഥയുണ്ട്. ജൂണിലാണ് നിയമത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

Comments

comments

Categories: Arabia