കയര്‍ കേരളയും ഡിജിറ്റലായി

കയര്‍ കേരളയും ഡിജിറ്റലായി

സംവാദങ്ങള്‍ക്ക് വന്‍ സ്വീകാര്യത

ആലപ്പുഴ: സംവാദങ്ങളും പ്രത്യേക തല്‍സമയ സംപ്രേഷണങ്ങളുമായി കയര്‍ കേരളയും കൂടുതല്‍ ഡിജിറ്റലാകുന്നു. ‘പൈതൃകവും നവീകരണവും’ എന്ന വിഷയത്തിലൂന്നി നടത്തുന്ന തല്‍സമയ സംവാദങ്ങള്‍ക്കൊപ്പം മേളയോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും കയര്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ തല്‍സമയം ലോകത്തെമ്പാടും എത്തിക്കുകയാണ്. സംവാദങ്ങളില്‍ കയര്‍ മേഖലയുമായി നേരിട്ടു ബന്ധമുള്ളവര്‍ക്കൊപ്പം മന്ത്രിയുടെ സാന്നിധ്യവുമുണ്ട്. ഈ പരിപാടികള്‍ ഇതിനോടകം പതിനായിരങ്ങള്‍ കണ്ടു കഴിഞ്ഞു.

കയര്‍ മേഖലയിലെ കയറ്റുമതിക്കാരെ പങ്കെടുപ്പിച്ചാണ് ആദ്യത്തെ തല്‍സമയ സംവാദം നടന്നത്. കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാനും കൂടുതല്‍ വ്യാപകമാക്കാനും സര്‍ക്കാര്‍ എന്തൊക്കെ ചെയ്യണമെന്നതിനെപ്പറ്റിയായിരുന്നു ഈ സംവാദം . കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന ജിഎസ്ടി എടുത്തുകളയണമെന്നും ആധുനികവല്‍ക്കരണം ശക്തമാക്കണമെന്നും കയറ്റുമതിക്കാര്‍ ഈ സംവാദത്തില്‍ ആവശ്യപ്പെട്ടു. കയര്‍ വ്യവസായ രംഗത്തെ ട്രേഡ് യൂണിയന്‍ നേതാക്കളുടെ സംവാദമായിരുന്നു രണ്ടാമത്തേത്. തൊഴിലാളികളുടെ ജീവിതോപാധികള്‍ മെച്ചപ്പെടുത്തുന്നതിനും കൃത്യമായ തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുന്നതിനും ചകിരി ലഭ്യത മെച്ചപ്പെടുത്താനുമുള്ള മാര്‍ഗങ്ങളാണ് ഇതില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടത്. ഈ രണ്ട് സംവാദങ്ങളിലും മന്ത്രി തോമസ് ഐസക്കും പങ്കെടുക്കുകയുണ്ടായി. യു പ്രതിഭാ ഹരി എംഎല്‍എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോയും കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസറും പങ്കെടുത്ത സംവാദമായിരുന്നു മൂന്നാമത്തേത്.

പരമ്പരയിലെ നാലാമത്തെ തല്‍സമയ സംവാദം ചൊവ്വാഴ്ച വൈകിട്ട് നാലിന് മുഹമ്മ ലേബേഴ്‌സ് മാറ്റ്‌സ് ആന്‍ഡ് മാറ്റിംഗ്‌സ് സൊസൈറ്റിയില്‍ നടക്കും. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, ഫോം മാറ്റിംഗ്‌സ് ചെയര്‍മാന്‍ കെ ആര്‍ ഭഗീരഥന്‍, കയര്‍ യന്ത്ര നിര്‍മാണ ഫാക്റ്ററി ചെയര്‍മാന്‍ കെ പ്രസാദ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍, സി വി ചന്ദ്രബാബു, എം ഡി സുധാകരന്‍ എന്നിവരാണ് ഈ സംവാദത്തില്‍ പങ്കെടുക്കുന്നത്.

വരും ദിവസങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്ന പ്രധാന സെമിനാറുകളും സംഗമങ്ങളുമെല്ലാം ഫെയ്‌സ് ബുക്കിലൂടെ തല്‍സമയം ലോകത്തിനു മുന്നിലെത്തിക്കാനാണ് സംഘാടകരുടെ തീരുമാനം.

Comments

comments

Categories: More