ബാറ്ററി വിപ്ലവം വരുന്നു ; പുതിയൊരു മൊബിലിറ്റി സംസ്‌കാരം ഉടലെടുക്കും

ബാറ്ററി വിപ്ലവം വരുന്നു ; പുതിയൊരു മൊബിലിറ്റി സംസ്‌കാരം ഉടലെടുക്കും

ധാരാളം സുഷിരങ്ങളുള്ള കാഥോഡ് മെറ്റീരിയല്‍ നിര്‍മ്മിക്കാനുള്ള ഗവേഷണമാണ് നടക്കുന്നത്

ന്യൂ ഡെല്‍ഹി : ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സാങ്കേതികവിദ്യയെ സ്‌നേഹിക്കുന്നവരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാത്രം ഓപ്ഷനായിരുന്നു ഇലക്ട്രിക് കാറുകള്‍. കൂടിയ വിലയും റീചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകള്‍ സമയമെടുക്കുന്നതും ഇവര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. മാത്രമല്ല, ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ വാഹനം ഓടുന്ന ദൂരം (റേഞ്ച്) വളരെ കുറവായിരുന്നുതാനും.

എന്നാല്‍ 2020 ഓടെ എല്ലാം ശരിയാകും. അപ്പോഴേയ്ക്കും നിങ്ങളുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ റീചാര്‍ജ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു കാപ്പി കുടിക്കുന്ന സമയം മതിയാകും. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഇലക്ട്രിക് കാര്‍ വിപ്ലവം നമ്മുടെ അടുത്തെത്തിക്കഴിഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങളും സര്‍ക്കാര്‍ പ്രോത്സാഹനങ്ങളും ഇന്നൊവേഷനുകളുമാണ് ഇലക്ട്രിക് കാറുകളുടെ അതിവേഗ വ്യാപനത്തിന് പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നത്.

നിലവിലെ രണ്ട് മില്യണില്‍നിന്ന് 2020 ആകുമ്പോഴേക്കും ലോകമെങ്ങുമുള്ള നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 20 മില്യണായി വര്‍ധിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ നിഗമനം. 2025 ഓടെ ഈ എണ്ണം 70 മില്യണായി പുതിയ ഉയരത്തിലെത്തുമെന്നും അന്തര്‍ദേശീയ ഊര്‍ജ്ജ ഏജന്‍സി കരുതുന്നു.

ചൈന സ്വന്തം രാജ്യത്തെ കാര്‍ നിര്‍മ്മാണ വ്യവസായത്തിന് കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 2020 ഓടെ രാജ്യത്ത് വില്‍ക്കുന്ന ആകെ വാഹനങ്ങളുടെ 12 ശതമാനം തീര്‍ച്ചയായും ഇലക്ട്രിക് ആയിരിക്കണമെന്നാണ് ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നികുതി ഇളവുകളും ഗവേഷണ സബ്‌സിഡികളും ചൈന നല്‍കിവരുന്നു. വരുംവര്‍ഷങ്ങളില്‍ പെട്രോള്‍, ഡീസല്‍ കാറുകളില്‍നിന്നുമാറി പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങാനാണ് യുകെ, ഫ്രാന്‍സ്, നോര്‍വെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ പദ്ധതി.

വൈദ്യുതി സംഭരിക്കുന്ന ഇപ്പോഴത്തെ രീതിയില്‍ സമാന്തരമായ വിപ്ലവം നടന്നില്ലെങ്കില്‍ ഇപ്പറഞ്ഞതൊന്നും യാഥാര്‍ത്ഥ്യമാകില്ല. ഒരു ഇലക്ട്രിക് കാറിന്റെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനം അതിലെ ബാറ്ററിയാണ്. ധാരാളം ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയുന്നതും വളരെകാലം ഈട് നില്‍ക്കുന്നതും സുരക്ഷിതവുമായ ബാറ്ററികളാണ് ഇനി വേണ്ടത്.

ലിഥിയം അയോണുകളുടെ അതിവേഗ പ്രവാഹത്തിന് സഹായിക്കുംവിധം കാഥോഡ് മെറ്റീരിയല്‍ നിര്‍മ്മിക്കാനുള്ള ഗവേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്

ഈ മേഖലയിലെ കമ്പനികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബിഎഎസ്എഫ് എന്ന ജര്‍മ്മന്‍ കെമിക്കല്‍ കമ്പനിയാണ്. മിക്കവാറും എല്ലാ മുന്‍നിര ബാറ്ററി നിര്‍മ്മാതാക്കള്‍ക്കും ലിഥിയം-അയണ്‍ ബാറ്ററിയിലെ കാഥോഡ് ഇലക്ട്രോഡ് നിര്‍മ്മിക്കുന്നതിനുള്ള മെറ്റീരിയല്‍ വിതരണം ചെയ്യുന്നത് ബിഎഎസ്എഫ് ആണ്.

ബാറ്ററിയിലെ ഊര്‍ജ്ജത്തിന്റെ അളവ്, സുരക്ഷിതത്വം, ഈടുനില്‍പ്പ് എന്നിവ നിര്‍ണ്ണയിക്കുന്നത് കാഥോഡ് മെറ്റീരിയലാണെന്ന് ബിഎഎസ്എഫില്‍ ബാറ്ററി മെറ്റീരിയല്‍സ് ഉല്‍പ്പന്ന വികസനത്തിന്റെ ചുമതല വഹിക്കുന്ന മാര്‍ക്കസ് ഹോ എല്‍സ്‌ലെ പറഞ്ഞു. ഈ മേഖലയില്‍ വലിയ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോണുകളുടെയും ഇലക്ട്രോണുകളുടെയും പ്രവാഹത്തിലൂടെയാണ് ലിഥിയം-അയണ്‍ ബാറ്ററിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ബാറ്ററി ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ലിഥിയം അയോണുകള്‍ ഒരു ഇലക്ട്രോഡില്‍നിന്ന് (ആനോഡ്) മറ്റൊന്നിലേക്ക് (കാഥോഡ്) ഇലക്ട്രോലൈറ്റിലൂടെ പ്രവഹിക്കുന്നു. ആനോഡില്‍നിന്ന് കാഥോഡിലേക്ക് അതിവേഗം വളരെ കൂടുതല്‍ ലിഥിയം അയോണുകള്‍ പ്രവഹിച്ചാല്‍ മാത്രമേ ബാറ്ററിക്ക് കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാന്‍ കഴിയൂ. ലിഥിയം അയോണുകളുടെ അതിവേഗ പ്രവാഹത്തിന് സഹായിക്കുംവിധം കാഥോഡ് നിര്‍മ്മിക്കാനാണ് ഗവേഷണം നടന്നുകൊണ്ടിരിക്കുന്നത്.

ധാരാളം സുഷിരങ്ങളുള്ള കാഥോഡ് മെറ്റീരിയല്‍ നിര്‍മ്മിക്കാനുള്ള ഗവേഷണമാണ് നടക്കുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ അയോണ്‍ പ്രവാഹം സാധ്യമാകും. ഇത്തരത്തിലുള്ള ഗവേഷണം വിജയംകണ്ടാല്‍ ബാറ്ററി വില ഗണ്യമായി കുറയും. നിലവില്‍ ഒരു കെഡബ്ല്യുഎച്ച് ലിഥിയം-അയണ്‍ കാര്‍ ബാറ്ററിക്ക് 200 ഡോളറാണ് വില. പുതിയ സാങ്കേതികവിദ്യകള്‍ ഈ വിലയില്‍ 90 ഡോളറിന്റെ കുറവ് വരുത്തുമെന്ന് ബിഎഎസ്എഫിന്റെ ബാറ്ററി മെറ്റീരിയല്‍സ് ഗ്ലോബല്‍ ബിസിനസ് യൂണിറ്റ് മേധാവി ജെഫ്രി ലൂ പറഞ്ഞു.

ചെലവുകുറഞ്ഞ ഇലക്ട്രിക് കാറുകള്‍ വായു മലിനീകരണത്തിന് വലിയ പരിഹാരമാകും. ജനങ്ങളുടെ ജീവിത രീതി തന്നെ മാറിമറിയും. ഹോട്ടലില്‍കയറി ഭക്ഷണം കഴിക്കുന്ന വേളയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കാര്‍ റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടാം. ഭക്ഷണത്തിന്റെയും കാര്‍ റീചാര്‍ജ് ചെയ്തതിന്റെയും ബില്ല് അടച്ചശേഷം കാറോടിച്ചുപോകാം. സമീപഭാവിയില്‍ പുതിയൊരു മൊബിലിറ്റി സംസ്‌കാരം ഉടലെടുക്കുമെന്ന് മാര്‍ക്കസ് ഹോ എല്‍സ്‌ലെ പറഞ്ഞു. 

Comments

comments

Categories: Auto