ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 7 ശതമാനമാക്കി കുറച്ച് എഡിബി

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 7 ശതമാനമാക്കി കുറച്ച് എഡിബി

2018-19ലെ വളര്‍ച്ചാ നിഗമനം 7.4 ശതമാനമാക്കി കുറച്ചു

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 7.4 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കി ഏഷ്യന്‍ ഡെലവപ്‌മെന്റ് ബാങ്ക് (എഡിബി) കുറച്ചു. സ്വകാര്യ ഉപഭോഗം, മാനുഫാക്ചറിംഗ് ഔട്ട്പുട്ട്, ബിസിനസ് നിക്ഷേപം എന്നിവയിലെ ദുര്‍ബലതയാണ് ഹ്രസ്വകാല വളര്‍ച്ചാ വീക്ഷണം കുറച്ചതിനുള്ള കാരണമായി എഡിബി ചൂണ്ടിക്കാട്ടുന്നത്. 2016-17ല്‍ രേഖപ്പെടുത്തിയ 7.1 ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 7.4 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു എഡിബി യുടെ
ജൂലൈ റിപ്പോര്‍ട്ടിലെ നിഗമനം. അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനത്തിലും എഡിബി കുറവ് വരുത്തിയിട്ടുണ്ട്. 2018-19ല്‍ 7.6 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ജൂലൈയിലെ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയതെങ്കില്‍ ഇപ്പോഴത് 7.4 ശതമാനമായി കുറച്ചിട്ടുണ്ട്.

കുറഞ്ഞ പണപ്പെരുപ്പവും പ്രതീക്ഷിക്കുന്ന വേതന വര്‍ധനവും ഇന്ത്യയിലെ സ്വകാര്യ ഉപഭോഗത്തെ വര്‍ധിപ്പിക്കുമെന്നാണ് എഡിബി പ്രതീക്ഷിക്കുന്നത്. പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള മാറ്റത്തോട് പൂര്‍ണമായും ചേര്‍ന്നു കഴിഞ്ഞാല്‍ മാനുഫാക്ചറിംഗ് മേറലയും തിരിച്ച് വരവ് നടത്തുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് (എഡിഒ)2017 അപ്‌ഡേറ്റ് ചെയ്തുകൊണ്ട് എഡിബി വ്യക്തമാക്കി. ചൈനയുടെ 2017ലെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയെ 6.5 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കി എഡിബി ഉയര്‍ത്തിയിട്ടുണ്ട്. 2018ലെ വളര്‍ച്ചാ നിഗമനം 6.2 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.

2017-18ലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന തലമായ 5.7 ശതമാനത്തിലെത്തിയിരുന്നു. നോട്ട് നിരോധനം, ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ചില വെല്ലുവിളികള്‍ എന്നിവയാണ് ഇടിവിന് കാരണമായി എഡിബി ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ പാദത്തിലുണ്ടായ ഇടിവിന് പിന്നാലെ സ്വകാര്യ ഉപഭോഗത്തിന്റെയും വ്യവസായിക മേഖലയുടെയും വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു. സ്വകാര്യനിക്ഷേപത്തിലും മാന്ദ്യമനുഭവപ്പെടുന്നുണ്ട്.

ഇന്ത്യയുടെ തീവ്രമായ പരിഷ്‌കരണ അജണ്ടകള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് എഡിബി ചീഫ് ഇക്കണോമിസ്റ്റായ യസുയുക്കി സവാഡ പറയുന്നത്. ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി ചില ഹ്രസ്വകാല തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായ പരിഷ്‌കരണ പ്രക്രിയകള്‍ ലോകത്തിലെ ഏറ്റവും ചലനാത്മകലായി ഉയര്‍ന്നു വരുന്ന സമ്പദ്‌വ്യവസ്ഥയായി നിലനില്‍ക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ബജറ്റ് നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്റെ ചെലവിടല്‍ പരിമിതപ്പെടുത്തുന്നതിനാല്‍ നിക്ഷേപ വളര്‍ച്ചയില്‍ 2017-18ല്‍ കുറവ് വരാനാണ് സാധ്യത. ആഭ്യന്തര മത്സരക്ഷമതയെ ജിഎസ്ടി മെച്ചപ്പെടുത്തുമെന്നതിനാലും ബാങ്കിംഗ് മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഫലമായും 2018-19ല്‍ വളര്‍ച്ച വര്‍ധിക്കും. നടപ്പു വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 4 ശതമാനവും അടുത്ത വര്‍ഷം 4.6 ശതമാനവുമായിരിക്കുമെന്നാണ് എഡിബി പ്രതീക്ഷിക്കുന്നത്. 5.2 ശതമാനം, 5.4 ശതമാനം എന്നിങ്ങനെയായിരുന്നു മുന്‍നിഗമനം. 2017-18 വര്‍ഷത്തെ ധനക്കമ്മി ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിന് ഇന്ത്യന്‍ നയനിര്‍മാതാക്കള്‍ നടത്തുന്ന ശ്രമത്തെയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ശക്തമായ ആഗോള വളര്‍ച്ചയും മെച്ചപ്പെട്ട ബിസിനസ് അന്തരീക്ഷവും 2017-18 ലും 2018-19 ലും ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയെ സഹായിക്കും. ആഭ്യന്തര ആവശ്യകത മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇറക്കുമതിയേയും വര്‍ധിപ്പിക്കും. അതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷത്തെ കറന്റ് ക്കൗണ്ട് കമ്മി വര്‍ധിക്കുമെന്നും എഡിബി വിലയിരുത്തുന്നു.

Comments

comments

Categories: Slider, Top Stories