കരാര്‍ നീട്ടുന്നതിനെക്കുറിച്ച് ഒപെക്ക് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഎഇ

കരാര്‍ നീട്ടുന്നതിനെക്കുറിച്ച് ഒപെക്ക് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഎഇ

കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്ന രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ ക്വാട്ട സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചും തീരുമാനമെടുക്കുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രി ഷുഹെയ്ല്‍ അല്‍ മസ്‌റോയ്

അബുദാബി: നവംബറില്‍ വിയന്നയില്‍ നടക്കുന്ന ഒപെക് രാജ്യങ്ങളുടെ മീറ്റിംഗില്‍ എണ്ണ ഉല്‍പ്പാദനത്തിലെ നിയന്ത്രണം നീട്ടുന്നതിനെക്കുറിച്ചും എല്ലാ സഖ്യ രാജ്യങ്ങളിലും ഉല്‍പ്പാദന പരിധി കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രി ഷുഹെയ്ല്‍ അല്‍ മസ്‌റോയ് പറഞ്ഞു. ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ചേര്‍ന്ന് എണ്ണ ഉല്‍പ്പാദനനിയന്ത്രണ കരാര്‍ നടപ്പാക്കിയതിന് ശേഷമാണ് ഓയില്‍ മാര്‍ക്കറ്റ് സന്തുലിതാവസ്ഥയിലേക്കെത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാര്‍ക്കറ്റിലെ അധിക എണ്ണയുടെ അളവില്‍ മാറ്റം കൊണ്ടുവരാന്‍ കരാറിലൂടെ സാധിച്ചതോടെ അസംസ്‌കൃത എണ്ണയുടെ വില മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ബാരലിന് 55 ഡോളര്‍ എന്ന നിലയിലാണ് എണ്ണയുടെ വില. ഒപെക്കിന്റെ അടുത്ത യോഗത്തില്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനുളള കരാര്‍ നീട്ടേണ്ടതിന്റെ സാധ്യതയെക്കുറിച്ചും എത്ര നാളത്തേക്ക് നീട്ടണമെന്നും ചര്‍ച്ച ചെയ്യുമെന്ന് മസ്‌റോയ് പറഞ്ഞു.

എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ മാര്‍ക്കറ്റിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് എണ്ണ ഉല്‍പ്പാദകരായ പ്രധാന രാജ്യങ്ങള്‍ ചേര്‍ന്ന് ആറ് മാസത്തേക്ക് ഉല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. പ്രതിദിന ഉല്‍പ്പാദനം 1.8 മില്യണ്‍ ബാരലാക്കിയാണ് കുറച്ചത്. പിന്നീട് കരാറിന്റെ കാലാവധി 2018 മാര്‍ച്ച് വരെ നീട്ടുകയായിരുന്നു.

കരാറിലേക്ക് പുതിയ ഉല്‍പ്പാദകരെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്ന രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ ക്വാട്ട സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചും തീരുമാനമെടുക്കും. ഒപെക് അംഗങ്ങളായ ലിബിയ, ഇറാന്‍, നൈജീരിയ എന്നിവരെ നിലവിലെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഒപെക്കിലെ നാലാമത്തെ വലിയ ഉല്‍പ്പാദകരായ യുഎഇ പ്രതിദിനം ഏകദേശം 2.7 മില്യണ്‍ ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. കരാറിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസങ്ങളിലായി 10 ശതമാനത്തിന്റെ കുറവാണ് യുഎഇ വരുത്തിയത്. മാര്‍ക്കറ്റ് ശക്തമാകുന്നതിന് വേണ്ടി കൂടുതല്‍ എണ്ണ വെട്ടിക്കുറക്കാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia