ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളെ ആകര്‍ഷിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളെ ആകര്‍ഷിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

പ്രോത്സാഹന പാക്കേജ് പരിഗണിക്കുന്നു

ഹൈദരാബാദ് : ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിന് തെലങ്കാന സര്‍ക്കാര്‍ പ്രോത്സാഹന പാക്കേജ് പരിഗണിക്കുന്നു. ഇതിനുമുന്നോടിയായി സമഗ്രമായ ഇലക്ട്രിക് വാഹന നയത്തിന്റെ അന്തിമ കരട് തെലങ്കാന സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇവി നയം സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് ഐടി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍ അറിയിച്ചു.

ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായി ചില ആനുകൂല്യങ്ങള്‍ നല്‍കാനാണ് തീരുമാനം. എന്നാല്‍ ആനുകൂല്യങ്ങളും ഇളവുകളും എത്രയായിരിക്കണമെന്ന് തീരുമാനിക്കണമെന്ന് രഞ്ജന്‍ പറഞ്ഞു. ഏതെല്ലാം ഇളവുകളും ആനുകൂല്യങ്ങളുമാണ് ഉപകാരപ്പെടുന്നത് എന്നത് സംബന്ധിച്ച് ചില വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.

സമഗ്രമായ ഇലക്ട്രിക് വാഹന നയത്തിന്റെ അന്തിമ കരട് തെലങ്കാന സര്‍ക്കാര്‍ തയ്യാറാക്കി

സംസ്ഥാനത്ത് മാനുഫാക്ച്ചറിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് വാഹന കമ്പനികളെയും ബാറ്ററി നിര്‍മ്മാതാക്കളെയും സര്‍ക്കാര്‍ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് മെട്രോ റെയില്‍വേയുടെ എല്ലാ സ്‌റ്റേഷനുകളിലും ഇലക്ട്രിക് വാഹന സൗകര്യം ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ഒരു ലക്ഷ്യം. മെട്രോ റെയില്‍ പ്രോജക്റ്റ് കമ്മീഷന്‍ ചെയ്യുന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ വഴി ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

ഗതാഗതക്കുരുക്ക്, വായു മലിനീകരണം, റോഡപകടങ്ങള്‍ എന്നിവ കുറയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ടി-ഹബ് എന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററിനുകീഴിലെ സ്മാര്‍ട്ട് മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ക്ലസ്റ്റര്‍ നടപടി സ്വീകരിക്കും. ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായി വാഹന നിര്‍മ്മാതാക്കള്‍, അഗ്രഗേറ്റര്‍മാര്‍, അന്തിമ ഉപയോക്താക്കള്‍ എന്നിവര്‍ക്കെല്ലാം തെലങ്കാന സര്‍ക്കാര്‍ ഇളവുകളും ആനുകൂല്യങ്ങളും നല്‍കും. ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോണമസ് വാഹനങ്ങള്‍, മറ്റ് നൂതന സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളിലെ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇവി നയം സഹായിക്കുമെന്ന് ജയേഷ് രഞ്ജന്‍ പറഞ്ഞു.

Comments

comments

Categories: Auto