സൗദിയിലെ വിദേശ പദ്ധതികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

സൗദിയിലെ വിദേശ പദ്ധതികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

2017ന്റെ ആദ്യ പകുതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അംഗീകൃത നിക്ഷേപ പദ്ധതികളുടെ എണ്ണത്തില്‍ 130 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്

റിയാദ്: ഈ വര്‍ഷം സൗദി അറേബ്യയിലെ വിദേശ പദ്ധതികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. 7,827 വിദേശ പദ്ധതികള്‍ രാജ്യത്തുള്ളതായി 87ാം ദേശിയ ദിനത്തിന്റെ ഭാഗമായി പുറത്തുവിട്ട പത്രക്കുറിപ്പില്‍ കൊമേഴ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രി മജീദ് അല്‍ ഖസ്സബി പറഞ്ഞു. 2017ന്റെ ആദ്യ പകുതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അംഗീകൃത നിക്ഷേപ പദ്ധതികളുടെ എണ്ണത്തില്‍ 130 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. വാണിജ്യത്തിലും നിക്ഷേപത്തിലുമുള്ള ശക്തമായ വളര്‍ച്ചയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ വരെ 868.7 മില്യണ്‍ ഡോളര്‍ മൂലധനമുള്ള 158 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 2016 ന്റെ ആദ്യ പകുതിയില്‍ 370 മില്യണ്‍ ഡോളറിന്റെ 127 പദ്ധതികള്‍ മാത്രമാണുണ്ടായിരുന്നത്. പദ്ധതികളുടെ എല്ലാ നടപടിക്രമങ്ങളും സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നിയമനിര്‍മാണം അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ നിക്ഷേപകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ബിസിനസ് വിസിറ്റ് വിസ ലഭ്യമാക്കുന്നതിനും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നതിനുമുള്ള നിയമം കൊണ്ടുവന്നത് നടപടികള്‍ ഉദാരമാക്കുന്നതിനും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനുമാണ്

നിയമങ്ങളും നിക്ഷേപ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിലേക്ക് രാജ്യം കടന്നതായും അല്‍ ഖ്വസ്സബി പറഞ്ഞു. പാപ്പരത്വം, വാണിജ്യ ഈട്, വാണിജ്യ അവകാശം, ഇ-കൊമേഴ്‌സ് എന്നീ സംവിധാനങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയതായും അദ്ദേഹം. രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറാസ് എന്ന ബിസിനസ് ഇംപ്രൂവ്‌മെന്റ് കമ്മറ്റിക്ക് മന്ത്രാലയം രൂപം നല്‍കിയത്.

വിദേശ നിക്ഷേപകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ബിസിനസ് വിസിറ്റ് വിസ ലഭ്യമാക്കുന്നതിനും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നതിനുമുള്ള നിയമം കൊണ്ടുവന്നത് നടപടികള്‍ ഉദാരമാക്കുന്നതിനും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനുമാണ്. രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായാണ് ഇവ നടപ്പാക്കുന്നത്. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറുന്നതിനുള്ള പദ്ധതി സൗദിയുടെ കിരീടാവകാശി മൊഹമ്മെദ് ബിന്‍ സല്‍മാനാണ് കൊണ്ടുവന്നത്.

Comments

comments

Categories: Arabia