ശവക്കച്ചയണിഞ്ഞ വിസ്മൃത ദ്വീപിന് പുനര്‍ജന്മം

ശവക്കച്ചയണിഞ്ഞ വിസ്മൃത ദ്വീപിന് പുനര്‍ജന്മം

ഒരു കാലത്ത് നാടു കടത്തപ്പെട്ട കുഷ്ഠരോഗികളുടെ അഭയകേന്ദ്രം ഇന്ന് തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രം

ഗ്രീക്ക് തീരത്തെ ചെറുദ്വീപാണ് സ്പിനലോംഗ. വെനീഷ്യന്‍ ഭരണകാലത്തും പില്‍ക്കാല ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലും സൈനികകേന്ദ്രമായിരുന്ന മിറാബെല്ലൊ കടലിടുക്കിലുള്ള ഈ 8.5 ഹെക്റ്റര്‍ പര്‍വതപ്രദേശം ഏറെക്കുറെ വിസ്മൃതിയുടെ ഇരുളില്‍ കഴിയുകയാണ്. ക്രെറ്റനുകള്‍ തുര്‍ക്കികളെ തോല്‍പ്പിച്ചോടിച്ച 1904നു ശേഷം ഇതൊരു കുഷ്ഠരോഗ കോളനിയായി മാറി. 1913ല്‍ ക്രെറ്റെ ഗ്രീസിന്റെ ഭാഗമായ ശേഷം രോഗം ബാധിച്ചവരെ ഇവിടേക്കു നാടു കടത്താനാരംഭിച്ചു. ഒരവസരത്തില്‍, 400 കുഷ്ഠരോഗികള്‍ വരെ ഇവിടെ പാര്‍ത്തിരുന്നു. ഒരു കാലത്ത് ലോകം ഏറ്റവും ഭയത്തോടും ജുഗുപ്‌സയോടും കണ്ടിരുന്ന പകര്‍ച്ചവ്യാധിയായിരുന്നു കുഷ്ഠം. രോഗബാധിതര്‍ക്ക് സ്വന്തം കുടുംബങ്ങളില്‍ നിന്നു പോലും പുറത്തു പോകേണ്ട സ്ഥിതിയുണ്ടായിരുന്നു. എന്തിന് രോഗികളുള്ള കുടുംബങ്ങളെപ്പോലും സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചകറ്റുമായിരുന്നു. രോഗികളെ ചികില്‍സിക്കാന്‍ ഡോക്റ്റര്‍മാര്‍ കൂട്ടാക്കിയിരുന്നില്ല. അങ്ങനെ യഥാര്‍ത്ഥമരണത്തിനു മുമ്പേ കുഷ്ഠരോഗിയുടെ മരണം വിധിച്ചിരുന്ന സമൂഹമാണ് അക്കാലത്തുണ്ടായിരുന്നത്.

രോഗബാധ തിരിച്ചറിഞ്ഞാല്‍പ്പിന്നെ രോഗികളുടെ സമ്പത്തും വസ്തുവകകളും ഭരണകൂടം പിടിച്ചെടുക്കുകയും പൗരത്വം റദ്ദാക്കുകയും അങ്ങനെ സമൂഹത്തില്‍ നിന്നു പുറംതള്ളുകയുമാണു ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെയുള്ളവരെ സ്പിനലോംഗയിലേക്ക് കടല്‍ കടത്തും. അവര്‍ക്ക് ഒരിക്കലും ചികില്‍സ കിട്ടില്ല. മറ്റേതെങ്കിലും അസുഖം വന്നാല്‍ മാത്രമേ അക്കരെയുള്ള പ്ലാകായില്‍ നിന്ന് ഒരു ഡോക്റ്റര്‍ ചികില്‍സയ്ക്ക് എത്തുമായിരുന്നുള്ളൂ. 1940കളില്‍ കുഷ്ഠരോഗത്തിനുള്ള ചികില്‍സ കണ്ടു പിടിച്ചെങ്കിലും 1957 വരെ സ്പിനലോംഗ, കുഷ്ഠരോഗികളുടെ ശരണാലയമായി തുടര്‍ന്നു. ഒരു ബ്രിട്ടീഷ് വിദഗ്ധന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇവര്‍ക്കു ചികില്‍സ നല്‍കാനും അഭയമരുളാനും കുഷ്ഠരോഗ കോളനി അടച്ചുപൂട്ടാനും ഗ്രീക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. കോളനിയുടെ അടച്ചുപൂട്ടലിനു ശേഷം ദശകങ്ങളോളം ആരും ഈ ദ്വീപിനെപ്പറ്റി അന്വേഷിച്ചിരുന്നില്ല. അപമാനം ഭയന്ന് സര്‍ക്കാര്‍ ഇത്തരമൊരു കോളനിയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വിടാനും മടിച്ചിരുന്നു. ഇതു സംബന്ധിച്ച് എല്ലാ രേഖകളും നശിപ്പിച്ചു കളഞ്ഞു. ഇതോടെ ഇങ്ങനെയൊരു ദ്വീപ് ഉള്ള കാര്യം പോലും പുറംലോകം അറിയാന്‍ ഇടവന്നില്ല.

കുഷ്ഠരോഗം തിരിച്ചറിഞ്ഞാല്‍പ്പിന്നെ രോഗികളുടെ സമ്പത്തും വസ്തുവകകളും ഭരണകൂടം പിടിച്ചെടുക്കുകയും പൗരത്വം റദ്ദാക്കുകയും അങ്ങനെ സമൂഹത്തില്‍ നിന്നു പുറംതള്ളുകയുമാണു ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെയുള്ളവരെ സ്പിനലോംഗയിലേക്ക് കടല്‍ കടത്തും. അവര്‍ക്ക് ഒരിക്കലും ചികില്‍സ കിട്ടില്ല

പക്ഷേ, വിക്‌റ്റോറിയ ഹിസ്‌ലോപ്പിന്റെ ദ് ഐലന്‍ഡ് എന്ന ജനപ്രിയനോവലിന്റെ ടെലിവിഷന്‍രൂപാന്തരം ഹിറ്റായതോടെ ഇതേക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ചതിയും പ്രണയവും കുടിപ്പകയും ചേര്‍ന്ന നോവലിന്റെ ഇതിവൃത്തം ഒരിക്കലെങ്കിലും ഇവിടെ വരണമെന്ന് ആരെയും മോഹിപ്പിക്കുന്നതായിരുന്നു. വെനീഷ്യന്‍, തുര്‍ക്കി കാലഘട്ടങ്ങളിലെ കെട്ടിടാവശിഷ്ടങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഇവിടം കാണുന്നതിന് ആള്‍ക്കാരില്‍ കൗതുകമുണര്‍ത്താന്‍ പോന്നവയായിരുന്നു. പൂമുഖവും മേല്‍ക്കൂരയുമില്ലാത്ത ഈ കെട്ടിടങ്ങളിലായിരുന്നു കുഷ്ഠരോഗികളെ കൂട്ടമായി പാര്‍പ്പിച്ചിരുന്നത്. രാജ്യത്തിന് ദുഷ്‌കീര്‍ത്തിയുണ്ടാക്കുന്ന ഒരു ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തുടച്ചു നീക്കാന്‍ ഗ്രീസ് വഴി തേടിയത് ഇതിനാലാണ്. എന്നാല്‍ ഇവിടം സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ കാണിച്ച താല്‍പര്യം ഈതീരുമാനത്തില്‍ ഒരു പുനര്‍വിചിന്തനം നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. അങ്ങനെ 1980കളില്‍ ഇത് ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഡാന്റെസ് ഗേറ്റ് എന്ന നെടുങ്കന്‍ കോട്ടയാണ് ദ്വീപില്‍ നമ്മെ എതിരേല്‍ക്കുന്നത്. വലിയ കമാനങ്ങളുള്ള തുരങ്ക വഴികളും മതിലുകളുമാണ് ദ്വീപിന്റെ പ്രധാന ആകര്‍ഷണം. കോട്ടയില്‍ നിന്നുള്ള ഒരു കമാനം തുറക്കുന്നത് ഒരു കച്ചവടത്തെരുവിലേക്കാണ്. 1930കളില്‍ പണിത കടനിരകളാണ് അവിടെയുള്ളത്. ഒരു കഫെയും ചെറിയൊരു സ്‌കൂളും അവിടെയുണ്ട്. തെരുവിന്റെ ഒരു വശം വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നവീകരിച്ചിരിക്കുന്നു. കടകളുടെ മുന്‍വശത്തെ മരവാതിലുകള്‍ നിറങ്ങള്‍ പൂശി ആകര്‍ഷകമാക്കിയിരിക്കുന്നു. ഒട്ടും അകലെയല്ലാതെ കുഷ്ഠരോഗികളുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയാന്‍ സ്ഥാപിച്ച ഒരു കരിങ്കല്‍ നിര്‍മിത നിലവറ കാണാം. 1930കള്‍ക്കു മുമ്പ് ഇവിടത്തുകാര്‍ അതിജീവനത്തിനു വേണ്ടി ശ്രമിച്ചിരുന്ന സ്വാര്‍ത്ഥമതികളായിരുന്നു. പരസ്പര സ്‌നേഹമോ സംരക്ഷണമനോഭാവമോ കാട്ടാത്തവര്‍. മരിച്ചു പോയ സഹജീവികളെ കുഴിച്ചിടാന്‍ പോലും നാട്ടുകാര്‍ തയാറായിരുന്നില്ല. തിന്നും കുടിച്ചും ചൂതുകളിച്ചും സമയം പോക്കുകയായിരുന്നു ജനം.

ഇവര്‍ക്കിടയിലേക്ക് എപ്പെമിയനോന്‍ഡസ് റെമൗന്‍ഡാക്കിസ് എന്ന 20കാരനായ നിയമവിദ്യാര്‍ത്ഥി കടന്നുവന്നതോടെയാണ് സമൂഹത്തിന്റെ ജീവിതത്തോടുള്ള നിലപാടില്‍ മാറ്റം വന്നത്. ബ്രദര്‍ഹുഡ് ഓഫ് ദ് സിക്ക് ഓഫ് സ്പിനലോംഗ (സ്പിനലോംഗയിലെ രോഗബാധിതരോട് സഹോദര്യം) എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് ദ്വീപിലെ പരിതാവസ്ഥ മാറ്റിയെടുക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടത്തി. ഇവര്‍ സര്‍ക്കാരില്‍ നടത്തിയ സ്വാധീനശ്രമങ്ങള്‍ ദ്വീപിലെ ജനങ്ങള്‍ക്ക് വിവാഹം ചെയ്യാനും ബിസിനസ് തുടങ്ങനുമുള്ള അവകാശങ്ങള്‍ നേടിക്കൊടുത്തു. അവരുടെ കലാകായിക വാസനകള്‍ പ്രോല്‍സാഹിപ്പിക്കുകയും പരിപാടികള്‍ സംഗീതപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. അങ്ങനെ മെച്ചപ്പെട്ട ഒരു ജീവിതനിലവാരം കൈവരിക്കാന്‍ ദ്വീപ് നിവാസികള്‍ക്ക് സാഹോദര്യക്കാര്‍ വലിയ പ്രേരണയായി. സംഘടന കൊണ്ടുവന്ന പ്രധാന നിയമം ദ്വീപില്‍ ആരും കണ്ണാടി ഉപയോഗിക്കരുത് എന്നാണ്. സ്വന്തം പ്രതിച്ഛായ കണ്ണാടിയില്‍ കാണാന്‍ ആരും ആഗ്രഹിച്ചിരുന്നില്ലെങ്കിലും മറ്റുള്ളവരില്‍ രോഗം വരുത്തിവെച്ച വൈരൂപ്യം കാണുന്നതിന് മനുഷ്യസഹജമായ വാസനയുണ്ടാകും. ഇതു തടയുകയായിരുന്നു കണ്ണാടി നിരോധനത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ ഇതിനോട് എല്ലാവരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

എപ്പെമിയനോന്‍ഡസ് റെമൗന്‍ഡാക്കിസ് എന്ന 20കാരനായ നിയമവിദ്യാര്‍ത്ഥി കടന്നുവന്നതോടെയാണ് സ്പിനലോംഗയിലെ സമൂഹത്തിന്റെ ജീവിതത്തോടുള്ള നിലപാടില്‍ മാറ്റം വന്നത്. ബ്രദര്‍ഹുഡ് ഓഫ് ദ് സിക്ക് ഓഫ് സ്പിനലോംഗ എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് ദ്വീപിലെ പരിതാവസ്ഥ മാറ്റിയെടുക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടത്തി. ഇവര്‍ സര്‍ക്കാരില്‍ നടത്തിയ സ്വാധീനശ്രമങ്ങള്‍ ദ്വീപിലെ ജനങ്ങള്‍ക്ക് വിവാഹം ചെയ്യാനും ബിസിനസ് തുടങ്ങനുമുള്ള അവകാശങ്ങള്‍ നേടിക്കൊടുത്തു 

1938ല്‍ ഗ്രീക്ക് സര്‍ക്കാര്‍ കോളനിവാസികള്‍ക്ക് മധ്യകാലഘട്ടത്തിലെ കോട്ടയുടെ മതിലുകള്‍ തകര്‍ക്കാന്‍ അനുവാദം നല്‍കി. ഇതിലൂടെ അവര്‍ ദ്വീപിനു ചുറ്റും ഒരു പാത നിര്‍മിച്ചു. ദ്വീപില്‍ ഒറ്റപ്പെട്ടവര്‍ക്ക് വിമോചനത്തിന്റെ സാധ്യതകള്‍ ഇത് തുറന്നു നല്‍കി. വലിയ ആശ്വാസവും സ്വാതന്ത്ര്യബോധവുമാണ് പ്രദേശവാസികള്‍ക്ക് പകര്‍ന്നത്. വെനീഷ്യന്‍ കാലത്തെ സെന്റ് ജോര്‍ജ് പള്ളിയുടെ സെമിത്തേരി ഏറെക്കാലം ആളനക്കമില്ലാതെ കിടക്കുകയായിരുന്നു. 1980കളില്‍ സഞ്ചാരികളുടെ കുത്തൊഴുക്ക് സെമിത്തേരിയെ വൃത്തിഹീനമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. 2013ല്‍ സെമിത്തേരി വൃത്തിയാക്കി, സംസ്‌കരിക്കാതെ ഇട്ടിരുന്ന അസ്ഥിപഞ്ജരങ്ങള്‍ കോണ്‍ക്രീറ്റ് ഫലകങ്ങളിട്ടു മൂടി. സ്വാതന്ത്ര്യത്തിന്റെ ആശ്വാസദായകമായ ശീതക്കാറ്റ് അധികമൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ലാതിരുന്ന ആത്മാക്കള്‍ക്ക് അങ്ങനെ പതിറ്റാണ്ടുകള്‍ക്കു ശേഷം മുക്തി കിട്ടി. സെമിത്തേരിയുടെ കവാടത്തില്‍ പാവപ്പെട്ട ആ ജന്മങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരം നല്‍കിക്കൊണ്ട് ഒരു ഫലകവും കൊത്തി വെച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Slider