എച്ച്പിസിഎല്‍ ഓഹരികള്‍ നവംബര്‍-ഡിസംബറോടെ ഒഎന്‍ജിസി ഏറ്റെടുക്കും

എച്ച്പിസിഎല്‍ ഓഹരികള്‍ നവംബര്‍-ഡിസംബറോടെ ഒഎന്‍ജിസി ഏറ്റെടുക്കും

51.11 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി 33,268 കോടി രൂപ ഒഎന്‍ജിസി നല്‍കേണ്ടതായി വരുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ (എച്ച്പിസിഎല്‍) കേന്ദ്ര സര്‍ക്കാരിനുള്ള 51.11 ശതമാനം ഓഹരികള്‍ ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) നവംബറിലോ ഡിസംബറിലോ ഏറ്റെടുക്കും. രണ്ട് കമ്പനികളും ലയിപ്പിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തനം സംയോജിപ്പിച്ച് ഒഎന്‍ജിസിയുടെ അനുബന്ധ സ്ഥാപനമായി എച്ച്പിസിഎല്ലിനെ മാറ്റുന്നതിനാണ് സര്‍ക്കാരിന് താല്‍പ്പര്യം. ലയനത്തിന് ശേഷവും തങ്ങളുടെ ബ്രാന്‍ഡ് എച്ച്പിസിഎല്‍ നിലനിര്‍ത്തും.

ബള്‍ക്ക് ആന്‍ഡ് ബ്ലോക്ക് മാതൃകയിലുള്ള ഇടപാടാണ് ഇരു കമ്പനികള്‍ക്കുമിടയില്‍ നടക്കുക. ഇടപാടില്‍ തങ്ങളുടെ വ്യാപാര ബാങ്കുകളായി എസ്ബിഐ കാപിനെയും സിറ്റി ഗ്രൂപ്പിനെയും ഒഎന്‍ജിസി നിയമിച്ചിട്ടുണ്ട്. ഷാര്‍ദുള്‍ അമര്‍ചന്ദ് മംഗള്‍ദാസാണ് കമ്പനിക്ക് നിയമോപദേശം നല്‍കുക. ഇടപാട് വഴി നിലവിലെ വിപണി വില പ്രകാരം 33,000 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക. ലയന ഇടപാടിന് മുന്നോടിയായി എച്ച്പിസിഎല്ലിന്റെ ആസ്തികള്‍ സംബന്ധിച്ച ഒഎന്‍ജിസി കൃത്യമായ പരിശോധന നടത്തും. മൂല്യനിര്‍ണയത്തില്‍ എത്തിച്ചേരുന്നതിന് പൊതുവായി ലഭ്യമായ വിവരങ്ങള്‍ ഉപയോഗിക്കും. സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന മൂല്യ നിര്‍ണ്ണയത്തില്‍ നിന്നും ഈ മൂല്യനിര്‍ണ്ണയം വ്യത്യസ്തമാണെങ്കില്‍ ഒഎന്‍ജിസിയും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരും.

എച്ച്പിസിഎല്ലില്‍ സര്‍ക്കാരിനുള്ള 51.11 ശതമാനം ഓഹരികള്‍ ഒഎന്‍ജിസിയ്ക്ക് വിറ്റഴിക്കുന്നതിന് ജൂലൈ 19നാണ് സാമ്പത്തികകാര്യ വകുപ്പിന്റെ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) തത്വത്തില്‍ അംഗീകാരം നല്‍കിയത്. നിലവിലെ വ്യാപാര വില പ്രകാരം സര്‍ക്കാരിന്റെ 51.11 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി 33,268 കോടി രൂപ ഒഎന്‍ജിസി നല്‍കേണ്ടതായി വരും. ഓപ്പണ്‍ ഓഫറിന് താല്‍പര്യമുണ്ടെങ്കില്‍ മറ്റ് 26 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി അധികമായി 17,100 രോടി രൂപ കൂടി ഒഎന്‍ജിസി ചെലവിടേണ്ടതായി വരും.

ഒഎന്‍ജിസിയുടെയും എച്ച്പിസിഎല്ലിന്റെയും ഉപകമ്പനിയായ എംആര്‍പിഎല്ലിന്റെ ഭാവി സംബന്ധിച്ച് ഇതുവരെ വ്യക്തതതയില്ല. എംആര്‍പിഎല്ലിന്റെ ഭാവി സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് എച്ച്പിസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം കെ സുരാന കഴിഞ്ഞയാഴ്ച പറഞ്ഞത്. എംആര്‍പിഎല്ലില്‍ 17 ശതമാനം ഓഹരികളാണ് എച്ച്പിസിഎല്ലിനുള്ളത്.
രണ്ട് പ്രധാന ശുദ്ധീകരണ ശാലകളാണ് എച്ച്പിസിഎല്ലിന് കീഴിലുള്ളത്. ഇതിലൊന്ന് മുംബൈയിലാണുള്ളത്. പ്രതിവര്‍ഷം 7.5 മില്യണ്‍ ടണ്‍ ശേഷിയാണ് ഈ റിഫൈനറിക്കുള്ളത്. വിശാഖപട്ടണത്ത് സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ റിഫൈനറിക്ക് പ്രതിവര്‍ഷം 8.3 മില്യണ്‍ ടണ്‍ ശേഷിയാണുള്ളത്.

Comments

comments

Categories: Slider, Top Stories