പെട്രോള്‍, ഡീസല്‍ കാറുകളുടെ കയറ്റുമതി തുടരാമെന്ന് നിതിന്‍ ഗഡ്കരി

പെട്രോള്‍, ഡീസല്‍ കാറുകളുടെ കയറ്റുമതി തുടരാമെന്ന് നിതിന്‍ ഗഡ്കരി

വാഹന നിര്‍മ്മാണ വ്യവസായത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ഗഡ്കരി

ന്യൂ ഡെല്‍ഹി : 2030 ഓടെ ഇന്ത്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകുമ്പോഴും വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് പെട്രോള്‍, ഡീസല്‍ കാറുകളുടെ കയറ്റുമതി തുടരാമെന്ന സൂചന നല്‍കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹന നിര്‍മ്മാണ വ്യവസായത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഒന്നര ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് നമ്മള്‍ നടത്തുന്നത്. വാഹന വ്യവസായം ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. കയറ്റുമതി തുടര്‍ന്നുകൊള്ളാന്‍ വാഹന നിര്‍മ്മാതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു. എന്നാല്‍ മലിനീകരണം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. തദ്ദേശീയ സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കണം. ഇന്ത്യ ഇപ്പോള്‍ കല്‍ക്കരി, വൈദ്യുതി മിച്ച രാജ്യമാണ്. ഇവയെല്ലാം വളരെ കുറഞ്ഞ വിലയില്‍ ലഭിക്കും. ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കും. ഇതിന് മുന്‍ഗണന നല്‍കൂ, നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

തദ്ദേശീയ സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കണം. ഇന്ത്യ ഇപ്പോള്‍ കല്‍ക്കരി, വൈദ്യുതി മിച്ച രാജ്യമാണ്. നിതിന്‍ ഗഡ്കരി വാഹന നിര്‍മ്മാതാക്കളെ ഓര്‍മ്മിപ്പിച്ചു

പെട്രോള്‍, ഡീസല്‍ കാറുകള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞയാഴ്ച്ച നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. പകരം വൈദ്യുതിയിലും ബദല്‍ ഇന്ധനങ്ങളിലും ഓടുന്ന വാഹനങ്ങള്‍ പുറത്തിറക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമെന്ന ലക്ഷ്യത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യതിചലിക്കില്ലെന്ന് അദ്ദേഹം നിസ്സംശയം വ്യക്തമാക്കിയിരുന്നു. നൂറ് ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹന നയത്തിന് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Auto