ഹമ്മര്‍ ഇലക്ട്രിക് അവതാരമെടുത്തു ; സാക്ഷാല്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ക്കുവേണ്ടി

ഹമ്മര്‍ ഇലക്ട്രിക് അവതാരമെടുത്തു ; സാക്ഷാല്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ക്കുവേണ്ടി

ക്രീസല്‍ ഇലക്ട്രിക് എന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ട്ടപ്പാണ് ടെര്‍മിനേറ്ററെ സഹായിച്ചത്

ന്യൂ ഡെല്‍ഹി : പരിസ്ഥിതി പ്രേമം തലയ്ക്കുപിടിച്ച അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ ഇലക്ട്രിക് ആവാന്‍ ഭീഷ്മ ശപഥമെടുത്തിരിക്കുകയാണ്. തന്റെ ഹമ്മറിന്റെ ആന്തരിക ദഹന എന്‍ജിന്‍ അഴിച്ചുവെച്ച് ഇലക്ട്രിക് പവര്‍ട്രെയ്ന്‍ ഘടിപ്പിച്ചിരിക്കുകയാണ് കാലിഫോര്‍ണിയ മുന്‍ ഗവര്‍ണര്‍ കൂടിയായ ഹോളിവുഡ് നടന്‍. വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതില്‍ സ്‌പെഷലൈസ് ചെയ്യുന്ന ക്രീസല്‍ ഇലക്ട്രിക് എന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ട്ടപ്പാണ് ടെര്‍മിനേറ്ററെ ഇതിന് സഹായിച്ചത്.

മാര്‍കസ് ക്രീസല്‍, ഫിലിപ്പ് ക്രീസല്‍, ജൊഹാന്‍ ക്രീസല്‍ എന്നീ മൂന്ന് സഹോദരന്‍മാര്‍ ചേര്‍ന്നാണ് ക്രീസല്‍ ഇലക്ട്രിക് സ്ഥാപിച്ചത്. സ്വന്തം വീട്ടിലെ ചെറിയ ഗാരേജില്‍ പ്രവര്‍ത്തിക്കുന്ന ക്രീസല്‍ ഇലക്ട്രിക്കിന്റെ വൈദഗ്ധ്യം ഷ്വാസ്‌നെഗറിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പരമ്പരാഗത കാറുകളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍ വികസിപ്പിക്കുകയാണ് ക്രീസല്‍ ഇലക്ട്രിക് ചെയ്യുന്നത്.

തന്റെ മെഴ്‌സിഡസ് ബെന്‍സ് ജി ക്ലാസിലെ ആന്തരിക ദഹന എന്‍ജിന്‍ എടുത്തുമാറ്റി ഇലക്ട്രിക് പവര്‍ട്രെയ്ന്‍ ഘടിപ്പിക്കുന്നതിന് നടന്‍ ഇതിനുമുമ്പ് ക്രീസല്‍ ഇലക്ട്രിക്കിനെ സമീപിച്ചിരുന്നു. ക്രീസല്‍ ഇലക്ട്രിക് നേരത്തെ തന്റെ ജി ക്ലാസ്സും ഇപ്പോള്‍ ഹമ്മറും ഇലക്ട്രിക് ആക്കി മാറ്റിയെന്നും ക്രീസല്‍ ഈ പോക്കുപോയാല്‍ അധികം വൈകാതെ താന്‍ ഓസ്‌ട്രേലിയയില്‍നിന്ന് ലോസ് ആഞ്ചലസിലേക്ക് ഇലക്ട്രിക് വിമാനത്തില്‍ പറക്കുമെന്നും ഷ്വാസ്‌നെഗര്‍ സഗൗരവം പറഞ്ഞു.

രണ്ട് മാസം മാത്രം സമയമെടുത്താണ് ഇലക്ട്രിക് ഹമ്മറായി മാറ്റിയെടുത്തത്

ക്രീസല്‍ ഇലക്ട്രിക് ഇപ്പോള്‍ പുതിയ പ്ലാന്റ് തുറന്നിരിക്കുകയാണ്. കാറുകള്‍ക്കും ഹോം സ്‌റ്റോറേജ് ആവശ്യങ്ങള്‍ക്കും ഏവിയേഷനുമായി വര്‍ഷം തോറും 8,000 ബാറ്ററി പാക്കുകള്‍ നിര്‍മ്മിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ടാകും. കാര്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റുമായി ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ മാതൃക നിര്‍മ്മിച്ചുനല്‍കുകയും ചെയ്യും.

മൂന്ന് കിലോമീറ്റര്‍ മാത്രം ഇന്ധക്ഷമതയുള്ള ഹമ്മറിനെ രണ്ട് മാസം മാത്രം സമയമെടുത്താണ് മൂവര്‍ സഹോദരങ്ങള്‍ ഇലക്ട്രിക് ഹമ്മറാക്കി മാറ്റിയത്. 100 കിലോ വാട്ട് അവര്‍ ശേഷിയുള്ളതാണ് ഇലക്ട്രിക് ഹമ്മറിലെ ബാറ്ററി. ഫ്രണ്ട്, റിയര്‍ ആക്‌സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നല്‍കിയത്. 490 കുതിരശക്തി കരുത്ത് പുറപ്പെടുവിക്കാന്‍ പ്രാപ്തം!! 3,300 കിലോഗ്രാം ഭാരമുള്ള ഇലക്ട്രിക് ഹമ്മര്‍ മണിക്കൂറില്‍ പരമവാധി 120 കിലോമീറ്റര്‍ വേഗം കൈവരിക്കും. 300 കിലോമീറ്ററാണ് റേഞ്ച്.

Comments

comments

Categories: Auto