എഫ്ഡിഐയില്‍ പകുതിയും  മഹാരാഷ്ട്രയിലെന്ന് ഫഡ്‌നവിസ്

എഫ്ഡിഐയില്‍ പകുതിയും  മഹാരാഷ്ട്രയിലെന്ന് ഫഡ്‌നവിസ്

മഹാരാഷ്ട്രയിലെ 2.50 ലക്ഷം വ്യാപാരികള്‍ ജിഎസ്ടിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

ഹൈദരാബാദ്: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ, ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ്) 50 ശതമാനവും നേടിയെടുത്തത് തന്റെ സംസ്ഥാനമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അവകാശപ്പെട്ടു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് സമ്മിറ്റി (ഐഎല്‍എസ്) ല്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.29 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപവുമായി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തി.14,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ച ഡെല്‍ഹിയാണ് രണ്ടാമത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളില്‍ അന്താരാഷ്ട്ര സമൂഹം പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് മഹാരാഷ്ട്ര ഇത്രയധികം വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കാരണമെന്ന് ഫഡ്‌നവിസ് പറഞ്ഞു.

‘നാളെത്തെ ഭരണകൂടം’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കവെ, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം പ്രകടനത്തെയും മത്സരാധിഷ്ഠിത നേതൃത്വത്തെയും എപ്രകാരം ഉന്നമിടുന്നുവെന്നും ഇത് രാജ്യത്തു നിന്നുള്ള നേതാക്കന്‍മാര്‍ ആഗോളതലത്തില്‍ ബഹുമാനിക്കപ്പെടുന്നതിന് ഇടയാക്കുമെന്നും ഇന്നത്തെ നേതൃത്വമെന്നാല്‍ ജനങ്ങളെ പ്രചോദിപ്പിക്കുക, നടപടിക്രമങ്ങള്‍ സൃഷ്ടിക്കുകയെന്നുള്ളതാണെന്നും ഫഡ്‌നവിസ് ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളില്‍ തന്റെ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ വിശദീകരിച്ച ഫഡ്‌നവിസ് നടപടിക്രമങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും അവ എപ്രകാരം തരണം ചെയ്യാമെന്നും വിശദീകരിച്ചു.
മുംബൈയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കിത്തീര്‍ക്കുന്നതിന് നിരവധി കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ലോക ബാങ്ക് റാങ്കിംഗില്‍ സംസ്ഥാനത്തിന്റെ നില കാര്യമായി മെച്ചപ്പെടുമെന്ന ആത്മവിശ്വാസത്തിന് കാരണമാകുന്നുവെന്നും ഫഡ്‌നവിസ് പറഞ്ഞു.

‘എന്‍ഡ് ഓഫ് ബിസിനസ്’ (ഇഒബി) റാങ്കിംഗില്‍ സംസ്ഥാനങ്ങളെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍ കേന്ദ്രത്തിലെ ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രൊമോഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടതായി ഫഡ്‌നവിസ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍, മഹാരാഷ്ട്ര ഒരു ഉല്‍പ്പാദക സംസ്ഥാനമാകയാല്‍ വരുമാനം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, രണ്ട് മാസം കഴിഞ്ഞപ്പോള്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിച്ചെന്നും ഈ നില തുടരുകയാണെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടിവരികയില്ലെന്നും ഫഡ്‌നവിസ് വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ 2.50 ലക്ഷം വ്യാപാരികള്‍ ജിഎസ്ടിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ നാലു വര്‍ഷങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ഷിക മേഖല, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.5 ശതമാനം വളര്‍ച്ച നേടി. സംസ്ഥാനത്തിന്റെ ജിഡിപിയിലേക്ക് കാര്‍ഷിക മേഖല 10 ശതമാനം മാത്രമാണ് സംഭാവന നല്‍കുന്നത്. എങ്കിലും ആകെ ജനസംഖ്യയുടെ പകുതിയും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നു. ഇവരില്‍ 15 മുതല്‍ 20 ശതമാനം പേര്‍ സമ്പദ് ഘടനയുടെ മറ്റിടങ്ങളിലേക്ക് മാറണമെന്നും ഫഡ്‌നവിസ് നിര്‍ദേശിച്ചു.

ഐഎല്‍എസിന്റെ 15ാം പതിപ്പില്‍ രാഷ്ട്രീയം, ബിസിനസ്, ടെക്‌നോളജി, കായിക രംഗം, വിദ്യാഭ്യാസം, വിനോദ മേഖലകളില്‍ നിന്നുള്ള പ്രമുഖ തലവന്‍മാര്‍ പങ്കെടുത്തു.

Comments

comments

Categories: Business & Economy