ദുബായില്‍ ഇനി ഇലക്ട്രിക് കാറുകള്‍ സൗജന്യമായി ചാര്‍ജ് ചെയ്യാം

ദുബായില്‍ ഇനി ഇലക്ട്രിക് കാറുകള്‍ സൗജന്യമായി ചാര്‍ജ് ചെയ്യാം

നഗരത്തിലെ 32,000 ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ ഗ്രീന്‍ ചാര്‍ജര്‍ സ്റ്റേഷനുകളിലൂടെ 2019 വരെ വാഹനങ്ങള്‍ സൗജന്യമായി ചാര്‍ജ് ചെയ്യാനാവും

ദുബായ്: ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് സൗജന്യമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള അവസരം ഒരുക്കി ദുബായ്. ഊര്‍ജ്ജക്ഷമതയാര്‍ന്ന മോഡലുകളിലേക്കുള്ള കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായുടെ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി പ്രഖ്യാപിച്ച നിരവധി പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

ദുബായിലെ 32,000 ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ (ഡിഇഡബ്ലുഎ) ഗ്രീന്‍ ചാര്‍ജര്‍ സ്റ്റേഷനുകളില്‍ 2019 ന്റെ അവസാനം വരെ സൗജന്യയമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പുതിയ പദ്ധതിയിലൂടെയാവും. മുന്‍പ് ഒരു കിലോവാട്ടിന് 0.29 ദിര്‍ഹമാണ് വാങ്ങിയിരുന്നത്. പബ്ലിക് ചാര്‍ജിംഗ്‌സ്റ്റേഷനുകളില്‍ മാത്രമായിരിക്കും സൗജന്യ സേവനം ലഭ്യമാകുക.

ഇത് കൂടാതെ ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനുമുള്ള സൗകര്യവും ടോള്‍ നിരക്കായ സാലിക്കില്‍ നിന്ന് ഒഴിവാക്കുകയും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ സൗകര്യങ്ങള്‍ക്ക് നിലവില്‍ പ്രത്യേക കാലപരിധിവെച്ചിട്ടില്ല. 2014 മുതല്‍ 2016 വരെ ഇലക്ട്രിക് കാര്‍ മേഖലയില്‍ 30 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നും ഡിഇഡബ്ല്യൂഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും ഇലക്ട്രിക് കാര്‍ വിപ്ലവം

ദുബായില്‍ 100 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദുബായ് പൂര്‍ത്തിയാക്കി. ഇനിയുള്ള 100 സ്റ്റേഷനുകളുടെ നിര്‍മാണം അടുത്ത വര്‍ഷം തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 മുതല്‍ 2020 വരെ പുതുതായി വാങ്ങുന്ന കാറുകളില്‍ 10 ശതമാനം ഇലക്ട്രിക്കോ ഹൈബ്രിഡോ ആക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഗവണ്‍മെന്റ്. 2020 ആവുമ്പോഴേക്കും നഗരത്തിലെ മൊത്തം കാറുകളില്‍ രണ്ട് ശതമാനവും 2030 ല്‍ 10 ശതമാനവും ഇലക്ട്രിക് കാറുകളാക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

സുപ്രീം കൗണ്‍സിലിന്റേയും ഡിഇഡബ്ല്യുഎയുടേയും ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ദുബായ് ഗ്രീന്‍ മൊബിളിറ്റി ഇനീഷ്യേറ്റീവിലൂടെ ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാകുമെന്ന് ഡിഇഡബ്ല്യൂഎയുടെ സിഇഒയും സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജിയുടെ വൈസ് ചെയര്‍മാനുമായ സയീദ് മൊഹമ്മെദ് അല്‍ ടയെര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കുറവ് കാര്‍ബണ്‍ പുറത്തുവിടുന്ന നഗരമാക്കി ദുബായിയെ മാറ്റുന്നതിനുള്ള പദ്ധതിയായ ദുബായ് ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050 നും 2021 ആവുമ്പോഴേക്കും പുറത്തേക്കുവിടുന്ന കാര്‍ബണിന്റെ അളവില്‍ 16 ശതമാനം വെട്ടിക്കുറക്കുന്നതിനുള്ള ദുബായ് കാര്‍ബണ്‍ അബാറ്റ്‌മെന്റ് സ്ട്രാറ്റജിക്കും ഇത് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia