ഇലക്ട്രിക് കാറുകളാണ് പുതുയുഗത്തിലെ ഡിസ്‌റപ്ഷന്‍

ഇലക്ട്രിക് കാറുകളാണ് പുതുയുഗത്തിലെ ഡിസ്‌റപ്ഷന്‍

എണ്ണയുടെ കാലം അവസാനിക്കുകയാണ്. ഐ ഫോണ്‍ മൊബീല്‍ മാര്‍ക്കറ്റില്‍ ഉണ്ടാക്കിയതിനേക്കാള്‍ വലിയ ഡിസ്‌റപ്ഷന്‍ ആണ് ഇലക്ട്രിക് കാറുകള്‍ ഓട്ടോമൊബീല്‍ രംഗത്ത് സൃഷ്ടിക്കുക

ജനങ്ങള്‍ യാത്ര ചെയ്യാന്‍ പുതുമാര്‍ഗങ്ങള്‍ തേടുമ്പോള്‍ എണ്ണയുടെ പ്രതാപം അവസാനിക്കുന്നതിന്റെ ആരംഭം കൂടിയാണ് കുറിക്കുന്നത്. ലോകരാജ്യങ്ങളിലെ വിലക്കയറ്റവും ഇറക്കവുമെല്ലാം നിശ്ചയിച്ചിരുന്നത് എണ്ണയെന്ന വല്യേട്ടനായിരുന്നു. ആഗോള വിപണിയില്‍ എണ്ണ വില കൂടുന്നതനുസരിച്ച് ആഭ്യന്തര വിപണികളില്‍ എണ്ണയ്ക്ക് സര്‍ക്കാരുകളും കമ്പനികളും വിലയുയര്‍ത്തും. ആഗോള വിപണിയിലെ വില കുറയുന്നതനുസരിച്ച് ആഭ്യന്തര വിപണികളില്‍ ഉപഭോക്താവിന്റെ കൈയിലെത്തുന്ന എണ്ണയ്ക്ക് വില കുറയുകയുമില്ല. ആ എണ്ണയുടെ പ്രതാപം അവസാനിക്കുകയാണ്. പകരം എത്തുന്നത് ഇലക്ട്രിക് കാറുകളാണ്. പുതിയ വിപ്ലവത്തിന് വേഗം പകരാന്‍ കൂട്ടായി ആപ്പ് അധിഷ്ഠിത ടാക്‌സി സേവനമെന്ന നൂതന മാതൃകയും ഡ്രൈവറില്ലാ വാഹനങ്ങളെന്ന അത്യാധുനിക, നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സങ്കേതങ്ങളുമുണ്ട്.

ആപ്പിള്‍ ഐഫോണുകള്‍ മൊബീല്‍ ഫോണ്‍ വിപണിയിലുണ്ടാക്കിയ സ്‌ഫോടനാത്മകമായ മാറ്റമാണ് ഓട്ടോമൊബീല്‍ രംഗത്ത് ഇലക്ട്രിക് കാറുകള്‍ സൃഷ്ടിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് സംരംഭകനെന്ന് ഖ്യാതി നേടിയ ഇലോണ്‍ മസ്‌ക്കായിരുന്നു ടെസ്ലയിലൂടെ ഭാവിയെ അടയാളപ്പെടുത്തി ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കുന്നതിന് തുടക്കമിട്ടത്. ആ വിപ്ലവത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റാത്ത രീതിയില്‍ ഇന്ന് ലോകം മാറിക്കഴിഞ്ഞു. ഇലക്ട്രിക്കിലേക്ക് മാറിയില്ലെങ്കില്‍ പെട്രോള്‍ കാറുകള്‍ ഇടിച്ചുനിരത്തുമെന്നുവരെ ഭരണാധികാരികള്‍ ഓട്ടോമൊബീല്‍ കമ്പനികള്‍ക്ക് ഇന്ന് മുന്നറിയിപ്പ് നല്‍കുന്നു. ആപ്പ് അധിഷ്ഠിത ടാക്‌സികളുടെ തലതൊട്ടപ്പന്‍മാരായ യുബറും ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വേയ്‌മോ വിഭാഗവും കൂടി സജീവമായതോടെ ഇലക്ട്രിക്-സെല്‍ഫ് ഡ്രൈവിംഗ് വാഹനശാഖ അതിവേഗത്തില്‍ വളരുകയാണ്.

എണ്ണ അധിഷ്ഠിത ഗതാഗത സംവിധാനങ്ങളില്‍ നിന്ന് ലോകം വൈകാതെ തെന്നിമാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എണ്ണയുടെ തമ്പുരാക്കന്‍മാരായ സൗദി അറേബ്യ പോലും എണ്ണയില്‍ നിന്നും പുറത്തുകടക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മൊബീല്‍ ഫോണ്‍ ബിസിനസിന്റെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റിയിട്ടായിരുന്നു ആപ്പിള്‍ ഐഫോണുകള്‍ വിപ്ലവം കുറിച്ചത്. പരമ്പരാഗതക്കാരായ നോക്കിയ, ബ്ലാക്ക്‌ബെറി ബ്രാന്‍ഡുകള്‍ വളരെ വേഗം വിപണിയില്‍ നിന്നും പുറന്തള്ളപ്പെട്ടു. ഐഫോണുകളും അതിന്റെ ചുവടുപിടിച്ച് വന്ന ആന്‍ഡ്രോയ്ഡ് ഫോണുകളുമാണ് പിന്നീട് വിപണി വാഴാന്‍ തുടങ്ങിയത്. അത് പുതിയൊരു സമ്പദ് വ്യവസ്ഥയെ തന്നെ സൃഷ്ടിച്ചു.

സമാനം തന്നെയാണ് ഇലക്ട്രിക് കാറുകളുടെ ഇപ്പോഴത്തെ ആ വരവും. അതിനെ കേന്ദ്രീകരിച്ച് പുതിയൊരു സാമ്പത്തിക ക്രമം തന്നെ രൂപപ്പെടുമെന്നത് തീര്‍ച്ച. അതിന്റെ പ്രതിഫലനങ്ങളാണ് വിപണിയില്‍ ഇപ്പോള്‍ നിഴലിക്കുന്നത്. ഇലോണ്‍ മസ്‌ക് തന്റെ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുന്നു. ജനറല്‍ മോട്ടോഴ്‌സും ഫോക്‌സ്‌വാഗണും വോള്‍വോയും പോലുള്ള പരമ്പരാഗത വമ്പന്‍മാര്‍ ഇലക്ട്രിക്കിലേക്ക് അതിവേഗം മാറാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. വോള്‍വോ ഇനി ഇലക്ട്രിക്കാണ് തങ്ങള്‍ എന്ന പ്രഖ്യാപനം വരെ നടത്തി. ഇതോടൊപ്പം യുബര്‍ പോലുള്ള കമ്പനികള്‍ ഓണ്‍-ഡിമാന്‍ഡ് സര്‍വീസിലൂടെ പൊതുഗതാഗത്തിന്റെ സ്വഭാവം തന്നെ മാറ്റുന്നു. ഗൂഗിളാണെങ്കില്‍ വേയ്‌മോയിലൂടെ പൂര്‍ണമായും ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തിലിറക്കിത്തുടങ്ങിയിരിക്കുന്നു. എന്തായാലും മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഓട്ടോ അനുബന്ധ മേഖലകള്‍ മാറുകയാണ്. അതിനൊപ്പം സമൂഹവും. പുതുയുഗത്തിലെ ഏറ്റവും വലിയ ഡിസ്‌റപ്ഷന്‍ തന്നെയായി മാറും ഇലക്ട്രിക് വാഹനങ്ങള്‍. അതിനനുസരിച്ച് മാറാത്തവര്‍ക്ക് നോക്കിയയുടെയും ബ്ലാക്ക്‌ബെറിയുടെയും ചരിത്രം മുന്നിലുണ്ട്.

Comments

comments

Categories: Editorial, Slider