വില്ലേജ് വോയ്‌സ് നിശബ്ദമായി

വില്ലേജ് വോയ്‌സ് നിശബ്ദമായി

62 വര്‍ഷത്തെ അമേരിക്കയുടെ രാഷ്ട്രീയ സാമൂഹിക, കലാ- സാംസ്‌കാരിക രംഗത്തെ ജീവനാഡിയായിരുന്ന പത്രം

അമേരിക്കന്‍ പത്രരംഗത്തിന്റെ കോര്‍പ്പറേറ്റ് സ്വഭാവത്തിന് ബദല്‍ സൃഷ്ടിച്ച സാംസ്‌കാരിക ആഴ്ചപ്പത്രം വില്ലേജ് വോയ്‌സ് ഇനിയില്ല. 62 വര്‍ഷത്തെ ധീരമായ മാധ്യമപ്രവര്‍ത്തനത്തിനു ശേഷം ഒട്ടേറെ സാംസ്‌കാരിക നായകരെ സംഭാവന ചെയ്ത, പല സാമൂഹിക മുന്നേറ്റങ്ങള്‍ക്കും വേദിയൊരുക്കിയ, വില്ലേജ് വോയ്‌സ് പ്രസിദ്ധീകരണം നിര്‍ത്തുകയാണ്. ഇതിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം തുടരുമെന്ന് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. ആറു ദശകത്തിലധികമായി അമേരിക്കന്‍ മാധ്യമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളെ സജീവമാക്കുന്നതില്‍ പത്രം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഉടമ പീറ്റര്‍ ബാര്‍ബി ചൂണ്ടിക്കാട്ടുന്നു. പുരോഗതിയുടെ വിളക്കുമാടമായി നിലനിന്ന പത്രം മുഖമില്ലാത്ത മനുഷ്യരുടെ നാവും ആശയപ്രകാശന വേദിയുമായി പ്രവര്‍ത്തിച്ചു. ഈ പത്രമില്ലായിരുന്നുവെങ്കില്‍ പാര്‍ശ്വവല്‍കൃതരായ പലരുടെയും ചിന്തകള്‍ പുറംലോകം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക യാഥാസ്ഥിതികത്വത്തെ തരിമ്പും വകവെക്കാതിരുന്ന പത്രത്തിന്റെ നാളിതു വരെയുള്ള വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന അവസാന പതിപ്പ് വ്യാഴാഴ്ചയിറങ്ങി. അമേരിക്കന്‍ ഗായകനും 1960 കളിലെ തരംഗവുമായിരുന്ന ബോബ് ഡൈലാന്റെ യുവത്വം തുളുമ്പുന്ന ചിത്രമാണ് മുഖചിത്രമായി കൊടുത്തിരിക്കുന്നത്. 1965-ല്‍ എടുത്ത ഈ ചിത്രത്തില്‍ വില്ലേജ് വോയ്‌സിനു മുമ്പില്‍ നിന്ന് ഡൈലാന്‍ ഗുഡ്‌ബൈ സല്യൂട്ട് നല്‍കുന്നു. ന്യൂയോര്‍ക്കിന്റെ ബൊഹീമിയന്‍ ജീവിതത്തിന്റെ ഏടുകള്‍ പലപ്പോഴും വെളിച്ചത്തു കൊണ്ടുവന്ന പത്രത്തിന്റെ അവസാന എഡിഷനിലെ ഈ ചിത്രം കാലത്തിന്റെ കാവ്യനീതിയാകുന്നത് അങ്ങനെയാണ്. 176 താളുകളുള്ള ലക്കത്തിന്റെ 50 താളുകളിലും മാധ്യമരംഗത്തെ കെടാവിളക്കുകളായ വ്യക്തിത്വങ്ങളുടെ ജീവിതരേഖയാണ്. പത്രത്തിന്റെ സഹസ്ഥാപകന്‍ എഡ് ഫാഞ്ചര്‍, നാടക നിരൂപകന്‍ മൈക്കിള്‍ ഫെയിന്‍ഗോള്‍ഡ്,സിനിമാ വിമര്‍ശകരായ ജെ ഹോബര്‍മാന്‍, എമി ടോബിന്‍ തുടങ്ങി ആ പട്ടിക നീളുന്നു. പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഈ പതിപ്പില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടുണ്ട്. പത്രത്തില്‍ നിന്നു കൊണ്ട് ലോകത്തിനു നേരെ കണ്ണെറിഞ്ഞവര്‍ എന്ന പേരിലൊരു ഫോട്ടോസെഷന്‍ തന്നെയാണ് ഇവര്‍ക്ക് ആദരമായി ഒരുക്കിയത്.

നോര്‍മന്‍മെയ്‌ലര്‍, ജെയിംസ് ബോള്‍ഡ്‌വിന്‍, എസ്ര പൗണ്ട്, ഹെന്റി മില്ലര്‍, ലെസ്റ്റര്‍ ബാംഗ്‌സ് തുടങ്ങി പല പ്രമുഖ എഴുത്തുകാര്‍ക്കും വേദി നല്‍കിയ പത്രമാണിത്. ഇവരെയെല്ലാം വായനക്കാരുടെ മനസില്‍ ചിരപ്രതിഷ്ഠരാക്കിയതില്‍ വില്ലേജ് വോയ്‌സിന് വലിയ പങ്കുണ്ട്. തിരക്കേറിയ ന്യൂയോര്‍ക്ക് നഗരം കൂടുതല്‍ നഗരവല്‍ക്കരിക്കപ്പെടുന്ന ഒരു ആസുരകാലത്ത് വില്ലേജ് വോയ്‌സ് ഒരു രക്ഷാകവചമായി മാറുമെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നു. 1996 മുതല്‍ ഈ വാരാന്ത്യ പ്രസിദ്ധീകരണം സൗജന്യ വിതരണം നടത്തുകയായിരുന്നു. ഇവരുടെ മുഖ്യഎതിരാളിയായിരുന്ന ദ് ന്യൂയോര്‍ക്ക് പ്രസ് 2011-ല്‍ പൂട്ടിപ്പോയിരുന്നു. പിന്നീട് നഗരം ശ്രദ്ധയൂന്നിയിരുന്ന ഒബ്‌സെര്‍വര്‍ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുത്രീഭര്‍ത്താവ് ജേര്‍ഡ് കുഷ്‌നെര്‍ ആണ് ഒബ്‌സെര്‍വര്‍ പത്രത്തിന്റെ ഉടമ. അദ്ദേഹം പത്രം വിറ്റ് ഒഴിവാക്കാന്‍ ശ്രമം നടത്തിയതായി പരക്കെ വിശ്വസിക്കപ്പെടുന്നു.

നോര്‍മന്‍മെയ്‌ലര്‍, ജെയിംസ് ബോള്‍ഡ്‌വിന്‍, എസ്ര പൗണ്ട്, ഹെന്റി മില്ലര്‍, ലെസ്റ്റര്‍ ബാംഗ്‌സ് തുടങ്ങി പല പ്രമുഖ എഴുത്തുകാര്‍ക്കും വേദി നല്‍കിയ പത്രമാണിത്. ഇവരെയെല്ലാം വായനക്കാരുടെ മനസില്‍ ചിരപ്രതിഷ്ഠരാക്കിയതില്‍ വില്ലേജ് വോയ്‌സിന് വലിയ പങ്കുണ്ട്

പെനിസില്‍വാനിയയിലെ പത്രഉടമകളുടെ കുടുംബത്തില്‍പ്പെട്ട പീറ്റര്‍ ബാര്‍ബി 2015ലാണ് വില്ലേജ് വോയ്‌സ് വാങ്ങിയത്. പ്രസിദ്ധീകരണങ്ങള്‍ പണക്കാരായ നടത്തിപ്പുകാരെ ആശ്രയിക്കുന്നതില്‍ നിന്നു വിഭിന്നമായ ഒരു ബിസിനസ് മാതൃക സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശ്യം അദ്ദേഹം വ്യക്തമാക്കി. തനിക്ക് പത്രത്തെ മുമ്പോട്ടു കൊണ്ടുപോകാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. കാരണം ധനികരെ മാത്രം ആശ്രയിച്ചു പോകുന്ന പത്രങ്ങള്‍ക്ക് സ്വതന്ത്ര പത്രപ്രവര്‍ത്തനം സാധ്യമാകാറില്ല. താന്‍ അത്തരമൊരു ലോകമല്ല ആഗ്രഹിക്കുന്നത്, അങ്ങനെയൊരു ധനികനുമല്ല താനെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു. കൂടുതല്‍ വേതനത്തില്‍ ജേണലിസ്റ്റുകളെ നിയമിക്കാനും സാംസ്‌കാരികരംഗത്തു നിന്നു കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്താനും അദ്ദേഹം തീരുമാനിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ 1979 കാലത്തെ ജീവിതം തിരഞ്ഞുപിടിച്ചു റിപ്പോര്‍ട്ട് ചെയ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ വോയ്ന്‍ ബാരെറ്റിന്റെ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം ഗൗരവകരമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് ഇന്നും വിപണിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബാര്‍ബിയുടെ ബിസിനസ് മാതൃക പക്ഷേ, കൈയില്‍ നില്‍ക്കാത്തതായി മാറിയിരിക്കുന്നുവെന്നാണു മനസിലാകുന്നത്. പാരമ്പര്യമുള്ള പത്രത്തിന്റെ അച്ചടി നിര്‍ത്തിയത് ഏതായാലും യുഎസ് അച്ചടി മാധ്യമമേഖലയ്ക്കു തിരിച്ചടി തന്നെയാണ്. എഡ് ഫാഞ്ചര്‍, ഡാന്‍ വോള്‍ഫ്, ജോണ്‍ വില്‍കോക്ക്, നോര്‍മന്‍ മെയിലര്‍ എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച പത്രം മൂന്നു പുലിസ്റ്റര്‍ പുരസ്‌കാരങ്ങളും നാഷണല്‍ പ്രസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ജോര്‍ജ് പോക് അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. നഗ്നരും മരണമടഞ്ഞവരുംമടക്കം പ്രസിദ്ധമായ നോവലുകളുടെ രചയിതാവായ മെയിലര്‍ പത്രം സ്ഥാപിക്കാന്‍ 10,000 ഡോളര്‍ നിക്ഷേപിച്ചു. നിലവിലുള്ള ആചാരമര്യാദകളെ ഉല്ലംഘിക്കുകയും വരാനിരിക്കുന്ന സദാചാര, ലൈംഗിക വിപ്ലവങ്ങളെ ത്വരിതപ്പെടുത്തുന്നതുമായ ഒരു പത്രം സൃഷ്ടിക്കപ്പെടണമെന്ന താല്‍പര്യമാണ് അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്. ധീരനും പക്വമതിയും അഭിമാനിയും വിഗ്രഹഭഞ്ജകനുമായ ഒരു പത്രാധിപരായിരുന്നു മെയിലര്‍. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ആ തലമുറയിലെ ഏറ്റവും മഹാനായ പത്രാധിപന്റെ സ്ഥാനം തന്നെ അദ്ദേഹത്തിനു നേടിക്കൊടുത്തു.

വില്ലേജ് വോയ്‌സിന്റെ ഭാവി മൊത്തം പ്രസാധക വ്യവസായത്തിന്റെ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഡിജിറ്റൈസേഷനാണ് പ്രസിദ്ധീകരണങ്ങളുടെ ഭാവിയെന്ന് വ്യക്തമാക്കുന്ന നടപടികളിലേക്കാണ് പത്രമുടമകള്‍ നീങ്ങുന്നത്. വില്ലേജ് വോയിസിന്റെ അഞ്ചു ലക്ഷം താളുകള്‍ ആര്‍ക്കൈവ്‌സ് ആയി സൂക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് എഡിറ്റര്‍ സ്റ്റീഫന്‍ മൂവല്ലെം അറിയിക്കുന്നു

മെയിലറുടെ പാത പിന്തുടര്‍ന്ന നിരവധി പേരുണ്ട്. നാറ്റ് ഹെന്റോഫ്, കാരെന്‍ ഡര്‍ബിന്‍, കെന്‍ ഒലേറ്റ, ജെയിംസ് വോല്‍ക്കോട്ട്, ഹില്‍ട്ടണ്‍ ആല്‍സ്, കോള്‍സണ്‍ വൈറ്റ്‌ഹെഡ് എന്നിവരെല്ലാം അദ്ദേഹത്തെ ഗുരുസ്ഥാനീയരായി കാണുന്നവരാണ്. കലാ സാംസ്‌കാരിക രംഗത്ത് കൈയൊപ്പു പതിപ്പിച്ച പ്രധാന നിരൂപകരും വില്ലേജ് വോയ്‌സിന്റെ സംഭാവനയാണ്. സംഗീത നിരൂപണങ്ങളെഴുതുന്ന റോബര്‍ട്ട് ക്രൈസ്റ്റ്‌ഗോ, സിനിമ നിരൂപകരായ ആന്‍ഡ്ര്യൂ സാരിസും ജെ ഹോബര്‍മാനും, കലാവിമര്‍ശകരെന്ന നിലയില്‍ പേരെടുത്ത പീറ്റര്‍ ഷ്‌ജെല്‍ദാല്‍, ജെറി സോള്‍ട്‌സ് എന്നിവര്‍ അങ്ങനെ നിരവധി പേരാണ് വില്ലേജ് വോയ്‌സിലൂടെ എഴുതിത്തെളിഞ്ഞവര്‍.

അച്ചടി നിര്‍ത്തിയെന്നതു കൊണ്ട് വില്ലേജ് വോയ്‌സിനെ കൈയൊഴിയുകയാമെന്ന് അര്‍ത്ഥമാക്കേണ്ടെന്ന് പത്ര ഉടമ പീറ്റര്‍ബാര്‍ബി ഉറപ്പു നല്‍കുന്നു. ഈ പത്രത്തിന്റെ പ്രസക്തി അത് അച്ചടിക്കുന്നതോ ആഴ്ച തോറും എത്തുന്നതോ അല്ല, നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ പ്രതിഫലനം കാലോചിതമായ മാറ്റത്തിലൂടെ അവതരിപ്പിക്കുന്നു എന്നതാണ്. പുതു തലമുറയെയും വരും തലമുറയെയും പ്രതിനിധീകരിക്കുന്നതാകണം വില്ലേജ് വോയ്‌സെന്ന് അദ്ദേഹം പറയുന്നു. വില്ലേജ് വോയ്‌സിന്റെ ഭാവി മൊത്തം പ്രസാധക വ്യവസായത്തിന്റെ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഡിജിറ്റൈസേഷനാണ് പ്രസിദ്ധീകരണങ്ങളുടെ ഭാവിയെന്ന് വ്യക്തമാക്കുന്ന നടപടികളിലേക്കാണ് പത്രമുടമകള്‍ നീങ്ങുന്നത്. വില്ലേജ് വോയിസിന്റെ അഞ്ചു ലക്ഷം താളുകള്‍ ആര്‍ക്കൈവ്‌സ് ആയി സൂക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് എഡിറ്റര്‍ സ്റ്റീഫന്‍ മൂവല്ലെം അറിയിക്കുന്നു. വില്ലേജ് വോയ്‌സ് അച്ചടി, ഉടമ, കാലം എന്നീ ഘടകങ്ങളേക്കാളെല്ലാം വലുതാണ്. ന്യൂയോര്‍ക്കിന്റെ സ്വന്തം പത്രമായിരുന്നു ഇത്. ഇതില്‍ ജോലിചെയ്തിരുന്നവരെല്ലാം മാതൃകാപരമായി കര്‍മ്മം അനുഷ്ഠിച്ചവരാണ്.

Comments

comments

Categories: FK Special, Slider